തൃശൂര്‍: മുള്ളൂര്‍ക്കര പഞ്ചായത്തിലെ വാഴക്കോട് വളവില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലുണ്ടായ സ്ഫോടനത്തില്‍ വലിയ ദുരൂഹത. സ്ഫോടനത്തില്‍ ക്വാറി ഉടമയുടെ സഹോദരന്, വാഴക്കോട് വളവ് മൂലയില്‍ ഹസനാരുടെ മകന് അബ്ദുള്‍ നൗഷാദ് (46) മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. മുള്ളൂര്‍ക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. നേതാവുമായ അബ്ദുള്‍ സലാമിന്റെ സഹോദരന് അസീസ് ലൈസന്‍സിയായി നടത്തുന്ന കരിങ്കല്‍ ക്വാറിയാണിത്. അപകടത്തില്‍ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍, മാസങ്ങളായി പ്രവര്‍ത്തിക്കാത്ത ക്വാറിയില്‍ സിപിഎം നേതാക്കളടക്കം നിരവധി പേര് രാത്രിയില്‍ സംഘടിച്ചത് എന്തിനാണെന്നത് വലിയ ദുരൂഹതയാണ് ഉയര്‍ത്തുന്നത്. ക്വാറിയോട് ചേര്‍ന്നുള്ള ചേര്‍ന്നുള്ള മീന്‍വളര്‍ത്തല്‍കേന്ദ്രത്തില്‍ മീന്‍പിടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുള്‍ നൗഷാദ് എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. എന്നാല്‍, ഇത് വിശ്വസീയമാണെന്ന് പോലീസ് കരുതുന്നില്ല. മുള്ളൂര്‍ക്കര കുന്നുപറമ്പില്‍ ഉമ്മര്‍ (40), കുറ്റിയംമൂച്ചിക്കല്‍ അബൂബക്കര്‍ (45), മൂലയില്‍ അബ്ദുള്‍ അസീസ് (47), ബംഗാള്‍ സ്വദേശി ചോട്ടു (24), കോലോത്തുകുളം അലിക്കുഞ്ഞ് (34 എന്നിവര്‍ക്കാണ് തിങ്കളാഴ്ച വൈകീട്ട് 7.45നുണ്ടായ സ്ഫോടനത്തില്‍ പരുക്കേറ്റത്.
അപകടമുണ്ടായ ക്വാറിയില്‍ നിന്നു മൂന്നു വര്‍ഷം മുന്‍പു സബ് കലക്ടറായിരുന്നു രേണു രാജും സംഘവും പിടിച്ചെടുത്തതു വന്‍ സ്ഫോടകവസ്തു ശേഖരമായിരുന്നു. 434 ജലറ്റിന് സ്റ്റിക്കുകള്‍, 548 ഡിറ്റണേറ്ററുകള്‍, പാറപൊട്ടിക്കാനുള്ള 3 ജാക്കി ഹാമറുകള്‍, 2 ട്രാക്ടറുകള്‍, 6 ടിപ്പര്‍ ലോറികള്‍ എന്നിവയാണ് അന്നത്തെ സബ് കലക്ടര്‍ രേണുരാജും സംഘവും പിടികൂടിയത്.
അന്നു ക്വാറിക്കു ലൈസന്‍സ് ഉണ്ടായിരുന്നില്ല. കിണറ്റിലെ പാറതുരക്കാനുള്ള ലൈസന്‍സ് ഉപയോഗിച്ചു പാറമട നടത്തുകയായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. അനധികൃത ഖനനം, സ്ഫോടകവസ്തു കൈവശംവയ്ക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ഉപയോഗിച്ചാണ് അന്നു കേസെടുത്തതും ക്വാറി പൂട്ടിച്ചതും. എന്നാല്‍, സിപിഎം നേതാക്കളില്‍ നിന്ന് വന്‍ സമ്മര്‍ദം ഉയര്‍ന്നതോടെ റെയ്ഡ് നടപടികള്‍ തുടരാന്‍ കഴിയാത്ത അവസ്ഥ വന്നു. കസ്റ്റഡിയിലെടുത്ത ലോറികള്‍ പിഴയീടാക്കി വിട്ടയച്ചതല്ലാതെ മറ്റു നടപടികളുണ്ടായില്ല. റെയ്ഡിന്റെ പിറ്റേന്നു തന്നെ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. അന്നു റെയ്ഡിനു നേതൃത്വം നല്കിയ സബ് കലക്ടര്‍ പിന്നീട് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ആറു മാസമായി പ്രവര്‍ത്തിക്കാത്ത പാറമടയില്‍ നിന്ന് ഇത്ര വലിയ സ്ഫോടനം എങ്ങനെ നടന്നു എന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. 15 കിലോമീറ്റര്‍ ചുറ്റളവില്‍ വരെയാണ് സ്ഫോടനത്തെ തുടര്‍ന്നുള്ള ഭൂമികുലുക്കം ഉണ്ടായത്. മുള്ളൂര്‍ക്കര, പാഞ്ഞാള്‍ പഞ്ചായത്തിലെ പ്രദേശങ്ങളില്‍ മുഴുവന്‍ വീടുകളില്‍ കുലുക്കമറിഞ്ഞു.
തൃശൂര്‍ ഭാഗത്തേക്ക് കുണ്ടുകാട്, താണിക്കുടം ഭാഗത്തു വരെ വീടുകളില്‍ ജനാലകളില്‍ കുലുക്കമുണ്ടായി. പാഞ്ഞാള്‍ ചെറുതുരുത്തി ഭാഗത്ത് വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് ഓടി ഇറങ്ങി. ചെറുതുരുത്തി, പാഞ്ഞാള്‍, ആറ്റൂര്‍, ചേലക്കര ഭാഗങ്ങളില്‍ ഒക്കെ വീടുകളില്‍ ഭൂമികുലുക്കം പോലെ സ്ഫോടനം അനുഭവപ്പെട്ടു. പീച്ചിയിലെ ഭൂകമ്പ മാപിനിയുള്ള ഓഫിസിലേക്കു പലരും വിളിച്ചു.
ഇടയ്ക്കിടെ ഭൂചലനം ഉണ്ടാകുന്ന ദേശമംഗലം, തലപ്പിള്ളി പ്രദേശം ഏറെ അകലെ അല്ലാത്തതിനാല്‍ ഭൂചലനമെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ പാറമടയിലെ സ്ഫോടനം ആണെന്നും അഞ്ചാറു പേര്‍ക്കു പരുക്കുണ്ടെന്നും ഒരാള്‍ മരിച്ചെന്നുമുള്ള വിവരം തീപ്പൊരി പോലെ പടര്‍ന്നു. പാറമടയിലേക്ക് എത്തിപ്പെടാന്‍ ശ്രമിച്ചവരെ വഴിയില്‍ പൊലീസ് തടഞ്ഞതും വിവാദമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: