കോട്ടയം: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലൂടെ പ്രശസ്തനായ കുമരകം സ്വദേശി രാജപ്പന് സഹായമായി ലഭിച്ച പണം ബന്ധുക്കള്‍ അപഹരിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. രാജപ്പന്റെ അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ച പണം തിരികെ നല്‍കാമെന്നു സഹോദരി വിലാസിനിയുടെ പ്രതിനിധികള്‍ പോലീസിനെ അറിയിച്ചു. പണം തിരിച്ചുകിട്ടിയാല്‍ പരാതി പിന്‍വലിക്കാമെന്ന് രാജപ്പന് പോലീസിനെയും അറിയിച്ചിട്ടുണ്ട്. വേമ്പനാട് കായലില്‍ പ്ലാസ്റ്റിക്ക് വാരി ജീവിക്കുന്ന രാജപ്പനെ പ്രധാനമന്ത്രി പ്രശംസിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് നിരവധി പേര് പണം അയച്ചത്.
അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ച 5.08 ലക്ഷം രൂപയും എടിഎം കാര്‍ഡ് ഉപയോഗിച്ചു സാധനങ്ങള്‍ വാങ്ങിയ വകയില്‍ ചിലവായ 20,000 രൂപയും അടക്കം 5.28 ലക്ഷം രൂപ തിരികെ നല്‍കാമെന്നാണ് സഹോദരി ഉറപ്പ് നല്‍കിയിരിക്കുന്നത്. രാജപ്പന് പരാതി നല്‍കിയതോടെ സഹോദരി വിലാസിനിയും ഭര്‍ത്താവും മകനും ഒളിവിലായിരുന്നു. ഇവരുടെ സുഹൃത്തുക്കളാണ് പോലീസിനെ ബന്ധപ്പെട്ട് ഒത്തു തീര്‍പ്പിനുള്ള ശ്രമം നടത്തിയത്. ബുധനാഴ്ച പണം കൈമാറുന്നതോടെ കേസ് ഒത്തുതീര്‍പ്പാകുമെന്ന് കോട്ടയം ഡിവൈഎസ്പി വ്യക്തമാക്കി. തിരിച്ചടയ്ക്കുന്ന പണം രാജപ്പന്റെ മാത്രം അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നു പോലീസ് പറഞ്ഞു. നേരത്തേ രാജപ്പന്റെയും സഹോദരിയുടെയും ജോയിന്റ് അക്കൗണ്ടിലാണു പണം നിക്ഷേപിച്ചത്.
തന്റെ അറിവില്ലാതെ അക്കൗണ്ടില്‍നിന്ന് 5,08,000 രൂപ പിന്‍വലിക്കുകയും തന്റെ രണ്ടു വള്ളങ്ങള്‍ കൈക്കലാക്കുകയും ചെയ്തതതായി രാജപ്പന് കോട്ടയം എസ്പിക്ക് പരാതി നല്‍കിയിരുന്നു. മന് കി ബാത്തില്‍ രാജപ്പനെ കുറിച്ച് പ്രതിപാദിച്ചതിന് പിന്നാലെ നിരവധി സന്നദ്ധസംഘടനകള്‍ സഹായവുമായി രംഗത്തെത്തി. തുടര്‍ന്ന് കുമരകം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് എടുത്തു. വികലാംഗനായതിനാല്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നതിന് സഹോദരിയെ നോമിനിയായി വെക്കാന്‍ ബാങ്ക് അധികൃതരും ആവശ്യപ്പെട്ടു. തുടര്‍ന്ന് സന്നദ്ധ സംഘടനകള്‍ 21 ലക്ഷം രൂപയുടെ സംഭാവനയും രണ്ടു വള്ളവും നല്കി. ഇതോടെ തന്നെ സംരക്ഷിച്ചിരുന്ന സഹോദരന്റ ഒപ്പം വിടാതെ സഹോദരി രാജപ്പനെ വീട്ടില്‍ തടഞ്ഞുവെക്കുകയായിരുന്നു. അന്വേഷിച്ചുചെന്ന സഹോദരനെ സഹോദരീ ഭര്‍ത്താവ് ഉപദ്രവിക്കുകയും ചെയ്തു.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി അക്കൗണ്ടില്‍നിന്ന് ചെക്ക് വഴി രാജപ്പന് മൂന്നുലക്ഷം രൂപ പിന്‍വലിച്ചിരുന്നു. സ്വന്തമായി വസ്തുവുണ്ടെങ്കില്‍ വീട് വെച്ചുനല്‍കാമെന്ന് വ്യക്തികളും സംഘടനകളും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കുടുംബ വിഹിതത്തില്‍നിന്ന് മൂന്നുസെന്റ് വസ്തു സഹോദരങ്ങേളോട് ആവശ്യപ്പെട്ടു.
എന്നാല്‍ സഹോദരിയുടെ മകന് പത്തുലക്ഷം രൂപ നല്കിയാല് മാത്രമേ സ്ഥലം നല്‍കൂ എന്ന് സഹോദരി പറഞ്ഞു. ഇത് സമ്മതിക്കാത്തതിനെതുടര്‍ന്ന് വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് സഹോദരന്റെ അടുത്തേക്ക് തിരിച്ചുപോന്ന രാജപ്പന് ബാങ്കില്‍ പോയി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ജോയന്റ് അക്കൗണ്ടില്‍ നിന്നും രണ്ടു തവണയായി 5,0,8000 രൂപ പിന്‍വലിച്ചതായി അറിയുകയായിരുന്നു. ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത രാജപ്പന് വേമ്പനാട് കായലിലെ പ്ലാസ്റ്റിക്ക് കുപ്പി പെറുക്കിയാണ് ജീവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: