സതാംപ്റ്റണ്: ഇന്ത്യ- ന്യൂസിലന്‍ഡ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മഴ കളിക്കുന്നു. നാലാം ദിവസത്തെ കളിയും ഒറ്റ പന്ത്് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. ആദ്യ ദിവസത്തെ കളിയും മഴയില്‍ ഒലിച്ചുപോയിരുന്നു. രണ്ട് ദിവസത്തെ കളി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഫൈനല്‍ മത്സരം സമനിലയായേക്കും.
ഇന്ത്യയുടെ 217 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ്് എടുത്തിരുന്നു. ഇന്ത്യന്‍ സ്കോറിനൊപ്പം എത്താന്‍ അവര്‍ക്ക് 116 റണ്‍സ് കൂടി വേണം.
ഓപ്പണര്‍മാരായ ടോം ലാത്തമിനെയും ഡെവണ്‍ കോണ്വേയേയുമാണ് ന്യൂസിലന്‍ഡിന് നഷ്ടമായത്. അര്‍ധസെഞ്ചുറി കുറിച്ച കോണ്‍വേയെ ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ മടക്കി. മുഹമ്മദ് ഷമി ക്യാച്ചെടുത്തു. 153 പന്തില്‍ ആറു ബൗണ്ടറികളുടെ മികവില്‍ കോണ്‍വേ 54 റണ്‍സ് എടുത്തു.
ആദ്യ വിക്കറ്റില്‍ ടോം ലാത്തമിനൊപ്പം 70 റണ്‍സ് കൂട്ടിച്ചേര്ത്ത്് കോണ്‍വേ ന്യൂസിലന്‍ഡിന് ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു. ലാത്തമിനെ മടക്കി സ്പിന്നര്‍ ആര്. അശ്വിനാണ് ഈ പാര്‍ട്നര്‍ഷിപ്പ് തകര്‍ത്തത്. ക്യാപ്റ്റന്‍ കോഹ്ലി ലാത്തമിന്റെ ക്യാച്ചെടുത്തു. 104 പന്ത് നേരിട്ട ലാത്തം മുപ്പത് റണ്‍സ് നേടി. മൂന്ന് പന്ത് അതിര്‍ത്തി കടത്തി. മൂന്നാം ദിനം സ്റ്റെമ്പെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (12) റോസ് ടെയ്ലറും (0) പുറത്താകാതെ നില്ക്കുന്നു.
മഴയെ തുടര്‍ന്ന് രണ്ട്് ദിവസത്തെ കളി നഷ്ടപ്പെട്ടതിനാല്‍ റിസര്‍വ് ദിനമായ നാളെയും കളി നടന്നേക്കും. എന്നിരുന്നാലും മത്സരഫലമുണ്ടാകാന് സാധ്യത കുറവാണ്. ഫൈനല്‍ സമനിലയായാല്‍ ഇന്ത്യയേയും ന്യൂസിലന്‍ഡിനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. റിസര്‍വ് ദിന ടിക്കറ്റുകള്‍ വില കുറച്ച് നല്‍കുമെന്ന് ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: