ഗോയിയാനിയ: 2021 കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ പോരാട്ടത്തില്‍ പെറുവിന് ജയം. കരുത്തരായ കൊളംബിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. സെര്‍ജിയോ പീനയുടെ ഗോളും യാര മിനയുടെ സെല്‍ഫ് ഗോളും പെറുവിന്റെ പട്ടിക തികച്ചപ്പോള്‍ പെനാല്‍റ്റിയിലൂടെ മിഗ്വേല്‍ ബോര്‍ജ കൊളംബിയയുടെ ആശ്വാസഗോള്‍ നേടി. ഈ വിജയത്തോടെ പെറു നോക്കൗട്ട് റൗണ്ടിലേക്കുള്ള സാധ്യതകള്‍ സജീവമാക്കി.
ആദ്യ മിനിറ്റുകളില്‍ തന്നെ മികച്ച ആക്രമണം നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചു. അഞ്ചാം മിനിറ്റില്‍ കൊളംബിയയുടെ ബോര്‍ജയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പെറുവിയന്‍ പ്രതിരോധം അത് വിഫലമാക്കി. 17-ാം മിനിറ്റില്‍ കൈാളംബിയയെ ഞെട്ടിച്ച് പെറു ഗോള്‍ നേടി. സെര്‍ജിയോ പീനയാണ് ടീമിനായി ഗോള്‍ നേടിയത്. 2021 കോപ്പ അമേരിക്കയില്‍ പെറുവിന്റെ ആദ്യ ഗോളാണിത്. ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തിപ്പെടുത്താന്‍ കൊളംബിയ ശ്രമിച്ചെങ്കിലും പെറു പ്രതിരോധം ശക്തമാക്കി. ഇതോടെ ആദ്യ പകുതിയില്‍ പെറു 1-0ന് മുന്നില്‍.
53-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ കൊളംബിയ സമനില പിടിച്ചു.ബോര്ജയെ ബോക്സിനുള്ളില്‍ പെറു ഗോള്‍കീപ്പര്‍ ഗല്ലീസെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ബോര്ജക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ ഗല്ലീസെയെ കബിളിപ്പിച്ച് താരം അനായാസം പന്ത് വലയിലെത്തിച്ചു. ബോര്‍ഹയെ ഫൗള്‍ ചെയ്തതിന് ഗല്ലീസെയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.
സമനില ഗോള്‍ നേടിയതോടെ കൊളംബിയ കൂടുതല്‍ ആക്രണങ്ങള്‍ അഴിച്ചുവിട്ടു. 57-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറി ബോര്‍ജ ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പുറത്തേക്കുപോയി. 64-ാം മിനിട്ടില്‍ പെറു കൊളംബിയ്ക്കെതിരേ വീണ്ടും ലീഡെടുത്തു. ഇത്തവണ സെല്‍ഫ് ഗോളാണ് പെറുവിന് തുണയായത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്സിലേക്ക് കൃത്യമായി വളഞ്ഞുവന്ന കോര്‍ണര്‍ കിക്ക് കൊളംബിയന്‍ താരം യേരി മിനയുടെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഗോള്‍കീപ്പര്‍ ഓസ്പിന രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍വര കടന്നിരുന്നു. ഇതോടെ പെറു 2-1 ന് മുന്നിലെത്തി.
ഗോള്‍ വഴങ്ങിയതോടെ കൊളംബിയ ആക്രമണങ്ങള്‍ ശക്തമാക്കിയെങ്കിലും പെറു താരങ്ങള്‍ പ്രതിരോധക്കോട്ടക്കെട്ടി അവയെല്ലാം നിഷ്പ്രഭമാക്കിയതോടെ പെറുവിന് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ജയം സ്വന്തമായി. തോറ്റെങ്കിലും മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയന്റുകളുള്ള കൊളംബിയ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഈ വിജയത്തോടെ പെറു രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയന്റുകളുമായി ഗ്രൂപ്പ് എ യില്‍ മൂന്നാം സ്ഥാനത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: