ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയില്‍ ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഒന്നര പതിറ്റാണ്ടായി നടന്നുവരുന്ന ശ്രീശങ്കര ജയന്തി ആഘോഷങ്ങള്‍ക്ക് ചരിത്രപരമായ പ്രാധാന്യം ഏറെയാണ്. ശ്രീശങ്കര ജയന്തി തത്വജ്ഞാനി ദിനമായി ആഘോഷിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കടലാസ്സില്‍ ഒതുങ്ങുമ്പോഴും ഹൈന്ദവ സംസ്‌കാരത്തിന്റെയും ഐക്യത്തിന്റെയും നവോത്ഥാനത്തിന്റെയും ഭാരതത്തിന്റെ അഖണ്ഡതയുടെയും ശംഖനാദമായി മാറുകയാണ് കാലടിയിലെ ശ്രീശങ്കര ജയന്തി ആഘോഷം.
ലോകത്തില്‍ പര്‍വ്വതങ്ങളുടെ ചക്രവര്‍ത്തി ഹിമവാനാണെങ്കില്‍ പണ്ഡിതന്മാരുടെ ചക്രവര്‍ത്തി ശ്രീശങ്കരാചാര്യരാണെന്നാണ് വിലയിരുത്തല്‍. ഉത്തരസീമയെ അലങ്കരിക്കുന്ന ആ മഹാചലവും ദക്ഷിണ സീമയെ അലങ്കരിച്ച ഈ മഹാപുരുഷനും ഭാരത സീമയുടെ രണ്ട് അഭിമാന സ്തംഭങ്ങളാണ്. ഭാരതത്തിന്റെ വൈജ്ഞാനിക തേജസ്സും ജഗദ്ഗുരുവുമായ ശ്രീശങ്കരന്‍ ഇന്നും വിശ്വ ദാര്‍ശനികരെ പ്രകമ്പിക്കുകയാണ്. 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് തെക്കേയറ്റത്തെ കന്യാകുമാരി മുതല്‍ ആസേതു ഹിമാചലം വരെ കാല്‍നടയായി യാത്ര ചെയ്ത് സര്‍വ്വജ്ഞപീഠം കയറിയ ശ്രീശങ്കരന്‍ ആധുനിക ലോകത്തിന് ഇന്നും അത്ഭുതമാണ്. ഭാരതത്തെ അഖണ്ഡമാക്കി തീര്‍ക്കുന്നതിനായി നാലു വേദങ്ങളെ അടിസ്ഥാനമാക്കി നാലു മഠങ്ങള്‍ സ്ഥാപിച്ചു. വിശ്വഗുരുവിന് കേരളം അര്‍ഹിച്ച അംഗീകാരം നല്‍കിയോ എന്ന് സംശയമാണ്.
- നാല് മഠങ്ങള്‍
ഭാരതത്തെ ആധ്യാത്മികവും ഭൂമിശാസ്ത്രപരമായും അഖണ്ഡമെന്ന സങ്കല്‍പ്പം നല്‍കിയത് ശ്രീശങ്കരനായിരുന്നു. ഭാരതത്തിന്റെ നാല് മേഖലകളെ കോര്‍ത്തിണക്കി ജനങ്ങളെ ഏകോപിപ്പിക്കുന്നതിനായി നാല് മഠങ്ങള്‍ സ്ഥാപിച്ചു. തന്റെ നാല് ശിഷ്യന്മാരെ മഠങ്ങളുടെ അധിപതികളാക്കി ശങ്കരാചാര്യര്‍ എന്ന നാമധേയവും നല്‍കി. ഈ മഠങ്ങള്‍ക്കുള്ള പ്രത്യേകത ഇവ തമ്മിലുള്ള ദൂരം കൃത്യമാണത്രേ. ശൃംഗേരിയില്‍ നിന്ന് ദ്വാരകയിലേയ്‌ക്കും പുരിയിലേയ്‌ക്കും തുല്യദൂരം. ദ്വാരകയില്‍ നിന്ന് ശൃംഗേരിയിലേയ്‌ക്കും ബദരിയിലേയ്‌ക്കും ദൂരം തുല്യം. ഇങ്ങനെ മഠങ്ങളെ നേര്‍രേഖകൊണ്ട് ബന്ധിപ്പിച്ചാല്‍ തുല്യദൈര്‍ഘ്യമുള്ള ഭുജങ്ങളോടുകൂടിയ ചതുര്‍ഭുജാകാരം കിട്ടുമത്രേ.
- ശൃംഗേരി ആദിശങ്കര ജന്മഭൂമി ക്ഷേത്രം
ശ്രീശങ്കരന്റെ ജന്മഭൂമിയായ കാലടി ആരും ശ്രദ്ധിക്കപ്പെടാതെ നൂറ്റാണ്ടുകളോളം വിസ്മൃതിയിലായിരുന്നു. തെക്കേമഠത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ആചാര്യ സ്വാമികളെ ഉണര്‍ത്തുന്ന പ്രഭാവത്തിലായിരുന്നില്ല.
എന്നാല്‍ ശ്രീശങ്കരന്റെ സ്മരണ നിലനില്‍ക്കുന്ന തരത്തില്‍ കാലടിയിലെ ജന്മഭൂമിയില്‍ ഒരു ക്ഷേത്രം നിര്‍മിക്കുന്നത് 1910ല്‍ ശൃംഗേരി മഠാധിപതി ശ്രീ സച്ചിദാനന്ദ ശിവാഭിനവനരസിംഹഭാരതി സ്വാമികളാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് സ്ഥലം പൊന്നും വിലയ്‌ക്ക് ഏറ്റെടുത്ത് ക്ഷേത്രനിര്‍മാണത്തിനായി ശൃംഗേരി മഠത്തിന് നല്‍കിയത്. പുനരുദ്ധാരണത്തിനായി പതിനായിരം രൂപയുടെ പണക്കിഴിയും നല്‍കി. ശ്രീശങ്കരന്റെ ഇല്ലപ്പറമ്പ് ഇരുന്ന ഈ സ്ഥലത്ത് നിര്‍മിച്ച ക്ഷേത്രസമുച്ചയത്തില്‍ ശ്രീശങ്കരന്റെയും ശാരദാദേവിയുടെയും ക്ഷേത്രങ്ങളുണ്ട്. ശ്രീശങ്കര ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നതും ഇങ്ങനെയായിരുന്നു. ശ്രീശങ്കരജയന്തി ദിനത്തിലായിരുന്നു ക്ഷേത്രങ്ങളുടെ കുംഭാഭിഷേകം. ക്ഷേത്രങ്ങളുടെ നൂറാം വാര്‍ഷികവേളയില്‍ 2010ല്‍ ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതീതീര്‍ത്ഥ സ്വാമികള്‍ ശ്രീശങ്കരജയന്തി ദിനത്തില്‍ ശതകുംഭാഭിഷേകം നടത്തുകയും ചെയ്തിരുന്നു.
ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം: ശ്രീശങ്കരന്റെ ജന്മഭൂമിയുടെ നവോത്ഥാനത്തിനായി 1936ല്‍ ആഗമാനന്ദസ്വാമികള്‍ ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം ശ്രീശങ്കരജയന്തി ദിനത്തിലാണ് സ്ഥാപിച്ചത്. അന്നുമുതല്‍ എല്ലാവര്‍ഷവും ശ്രീശങ്കര ജയന്തി ആഘോഷങ്ങള്‍ കൃത്യമായി നടത്തി വരുന്നു.
- ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപം
സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് കാലടി നഗരത്തില്‍ എംസി റോഡില്‍ സ്വകാര്യ ബസ്സ്റ്റാന്റിന് എതിര്‍വശത്തായി തലയുയര്‍ത്തി നില്‍ക്കുന്ന ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപം. കാഞ്ചി കാമകോടി പീഠത്തിന്റെ ആചാര്യനായിരുന്ന ശ്രീ ജയേന്ദ്ര സരസ്വതി സ്വാമികള്‍ 1978ലാണ് നിര്‍മിച്ച് കുംഭാഭിഷേകം നടത്തിയത്. 1976ലെ ശങ്കരജയന്തി ദിനത്തില്‍ നിര്‍മാണം ആരംഭിച്ച് 1978ലെ ശങ്കരജയന്തി ദിനത്തില്‍ കുംഭാഭിഷേകം നടത്തി.
- ശ്രീശങ്കര ജയന്തി
മൂന്ന് മഠങ്ങളിലേയും അനുബന്ധ ക്ഷേത്രങ്ങളിലേയും ശ്രീങ്കരജയന്തി ആഘോഷങ്ങള്‍ക്ക് ഒരു ഏകീകൃതരൂപമുണ്ടായിരുന്നില്ല. അവയൊക്കെ കേവലം മഠത്തില്‍ മാത്രം ഒതുങ്ങി നിന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി മുഴുവന്‍ ഹൈന്ദവ സമൂഹത്തെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മഹാകുംഭമേള മാതൃകയില്‍ ശ്രീശങ്കര ജയന്തി ആഘോഷിക്കണമെന്ന ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വര്‍ജിയുടെ മാര്‍ഗദര്‍ശനമാണ് 2005ല്‍ ആദിശങ്കര ജന്മദേശവികസന സമിതിയുടെ ആരംഭത്തിന് വഴിതെളിയിച്ചത്.
കാലടിയിലെ മഠങ്ങളും ക്ഷേത്രങ്ങളും സാമുദായിക സംഘടനകളും വിവിധ ഹൈന്ദവ സംഘടനകളും ഇതില്‍ അണിചേര്‍ന്നു. കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും കാലടിയിലേയ്‌ക്ക് ശങ്കര ജയന്തി ദിനത്തില്‍ തീര്‍ത്ഥാടനങ്ങള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശ്രീശങ്കര കൃതികളെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളും ഗ്രാമങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള ഗ്രാമപ്രദക്ഷിണങ്ങളും ജയന്തി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്നു. ദേശീയമായ ഉണര്‍വ്വും ഗ്രാമങ്ങളുടെ ഉണര്‍ത്തുപാട്ടുമായി മാറി ഇവയെല്ലാം. ശ്രീശങ്കര ജയന്തിദിനത്തില്‍ രാവിലെയുള്ള സംന്യാസി സമ്മേളനങ്ങളില്‍ പ്രമുഖരായ സംന്യാസി വര്യന്മാര്‍ അണിനിരന്നിരുന്നു. കാഞ്ചി കാമകോടി പീഠാധിപതി ജയേന്ദ്ര സരസ്വതി സ്വാമികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധ വര്‍ഷങ്ങളില്‍ സംന്യാസി സമ്മേളനത്തിലും മഹാപരിക്രമയിലും ശ്രീശങ്കര ജയന്തി സന്ദേശം നല്‍കിയിരുന്നു.
വൈകിട്ട് ആദിശങ്കര കീര്‍ത്തിസ്തംഭത്തില്‍ നിന്നും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെയുള്ള മഹാപരിക്രമയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സംന്യാസിവര്യന്മാരും അമ്മമാരും കുട്ടികളുമടക്കമുള്ള ആയിരങ്ങളാണ് പങ്കെടുക്കാറ്. ഹൈന്ദവ നവോത്ഥാനത്തിന്റെ വിളംബരമായിട്ടാണ് മഹാപരിക്രമ അരങ്ങേറുന്നത്.
കാലടി ടൗണ്‍, ശ്രീരാമകൃഷ്ണ അദൈ്വതാശ്രമം, പോലീസ് സ്‌റ്റേഷന്‍ കവല, ശൃംഗേരിമഠം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ വഴി മുതലക്കടവിലാണ് മഹാപരിക്രമ സമാപിക്കുക. തുടര്‍ന്ന് നദീപൂജ, മുതലക്കടവ് സ്‌നാനം എന്നിവ നടന്നുവരുന്നു. നദീപൂജക്ക് തന്ത്രവിദ്യാപീഠത്തിലെ ആചാര്യന്മാരാണ് നേതൃത്വം നല്‍കിവരുന്നത്. കുംഭമേളയെ അനുസ്മരിക്കുമാറാണ് നദീപൂജയും മുതലക്കടവ് സ്‌നാനവും നടക്കുന്നത്.
2005ല്‍ സ്വാമി വേദാനന്ദ സരസ്വതിയാണ് മഹാപരിക്രമയില്‍ ശ്രീശങ്കരജയന്തി സന്ദേശം നല്‍കിയത്. അമൃതാനന്ദമയീമഠത്തിലെ സ്വാമി പൂര്‍ണ്ണാമൃതാനന്ദ പുരി, വിശ്വഹിന്ദു പരിഷത്ത് സേവാ വിഭാഗം അഖിലേന്ത്യാ സെക്രട്ടറി മധുകര്‍ റാവു ദീക്ഷിത്, ശബരിമല മുന്‍ മേല്‍ശാന്തിമാര്‍, ശ്രീരാമകൃഷ്ണ മിഷനിലെ മുതിര്‍ന്ന സംന്യാസി സ്വാമി സ്വപ്രഭാനന്ദ, സ്വാമി ചിദാനന്ദ പുരി, ധര്‍മ്മ ജാഗരണ്‍ മഞ്ച് അഖിലഭാരതീയ പ്രമുഖ് മുകുന്ദറാവു പന്‍സിക്കര്‍, യോഗാചാര്യ ബാബ രാംദേവ്, പി. പരമേശ്വര്‍ജി, വിശ്വഹിന്ദു പരിഷത്ത് ഇന്റര്‍നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് എസ്. വേദാന്തം, തെക്കേമഠം ശങ്കരാനന്ദഭൂതി മൂപ്പില്‍ സ്വാമിയാര്‍, സ്വാമി ദര്‍ശനാനന്ദ സരസ്വതി, പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, അഭയാനന്ദ തീര്‍ത്ഥ പാദര്‍, വിശ്വരൂപാനന്ദ, സുകൃതാനന്ദ, വേദാനന്ദ സരസ്വതി, സ്വാമി അയ്യപ്പദാസ്, നടന്‍ ദേവന്‍ തുടങ്ങിയവര്‍ വിവിധ വര്‍ഷങ്ങളില്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് മാര്‍ഗദര്‍ശനം നല്‍കിയിരുന്നു. 2010ല്‍ ശൃംഗേരി മഠാധിപതി ഭാരതീതീര്‍ത്ഥ സ്വാമികളുടെ സാന്നിധ്യവും കാലടിയിലുണ്ടായിരുന്നു. പുരി ശങ്കരാചാര്യര്‍ നിശ്ചലാനന്ദ സരസ്വതി ശൃംഗേരി മഠത്തില്‍ വച്ച് സന്ദേശം നല്‍കിയിരുന്നു.
ഇത്തവണ ശ്രീ ശങ്കര ജയന്തി ആഘോഷങ്ങള്‍ കൊവിഡ് 19 മഹാമാരി മൂലം ജയന്തി ആചരണമാക്കി മാറ്റിയിരിക്കുകയാണ്. ലോക്ഡൗണ്‍ നിബന്ധനങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മൂന്ന് ദിവസങ്ങളിലായിട്ടായിരിക്കും പരിപാടികള്‍ നടത്തുക. കുളത്തൂര്‍ അദൈ്വതാശ്രമം അദ്ധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി, പ്രൊഫ.കെ.പി. ബാബു ദാസ് എന്നിവര്‍ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി നടത്തും. നാളെ ശ്രീശങ്കര ജയന്തി ദിനത്തില്‍ രാവിലെ 11ന് സംന്യാസി സമ്മേളനം ഓണ്‍ലൈനായി നടത്തും. ശ്രീരാമകൃഷ്ണ മിഷനിലെ മുതിര്‍ന്ന സംന്യാസി സ്വാമി സ്വപ്രഭാനന്ദ അദ്ധ്യക്ഷനാകും. ആലുവ അൈദ്വതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ആശംസകള്‍ അര്‍പ്പിക്കും.
വൈകിട്ട് 4ന് ചിദാനന്ദപുരി സ്വാമികള്‍ ശ്രീശങ്കര ജയന്തി സന്ദേശം ഓണ്‍ലൈനായി നല്‍കും. വൈകിട്ട് 5ന് പൂര്‍ണ്ണാനദീ പൂജയും സാങ്കല്‍പ്പിക മുതലക്കടവ് സ്‌നാനവും നിബന്ധനങ്ങള്‍ പുര്‍ണ്ണമായും പാലിച്ചുകൊണ്ട് നടത്തും.
ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, ധര്‍മ്മ ജാഗരണ്‍ മഞ്ച് പ്രമുഖ് വി.കെ. വിശ്വനാഥന്‍, പ്രൊഫ.കെ.എസ്.ആര്‍. പണിക്കര്‍ (അദ്ധ്യക്ഷന്‍), കെ.പി. ശങ്കരന്‍ (സെക്രട്ടറി) എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: