മുംബൈ: മഹാരാഷ്ട്ര ഭരണസഖ്യത്തില്‍ തര്‍ക്കങ്ങള്‍ മറനീക്കിയ പശ്ചാത്തലത്തില്‍ ഐക്യം നിലനിര്‍ത്താനുള്ള ശിവസേനയുടെ ശ്രമങ്ങള്‍ ദുർബലപ്പെടുത്തി കോണ്‍ഗ്രസിന്റെ ഗൂഗ്ലി. അടുത്തവട്ടം സഖ്യത്തിന് ‘കോണ്‍ഗ്രസ് മുഖ്യമന്ത്രി’യുണ്ടാകുമെന്ന് പാര്‍ട്ടി നേതാവ് പൃഥ്വിരാജ് ചവാന് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ ഉണര്‍ത്താന്‍ ഉദ്ദേശിച്ചായിരുന്നു പ്രസ്താവനയെന്ന് ചവാന് ഇന്ന് വ്യക്തമാക്കി. ‘സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ് ആയിരിക്കുമെന്നാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രികൊണ്ട് ഞാന്‍ അര്‍ഥമാക്കിയത്’ എന്ന് മുന്‍ മുഖ്യമന്ത്രിയായ അദ്ദേഹം വിശദീകരിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ നാന പടോളെ വ്യക്തമാക്കിയതോടെ നിലവിലെ അഭിപ്രായ ഭിന്നത കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള ഇടപെടല്‍ ആവശ്യമുള്ള ഘട്ടത്തിലാണ് മഹാ വികാസ് അഘാടി(എംവിഎ) സഖ്യം.
‘ബിജെപിയെ തടയാനാണ് അഞ്ചുവര്‍ഷത്തേക്ക് എംവിഎ രൂപീകരിച്ചത്. ഇത് സ്ഥിരം സംവിധാനമല്ല’- ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് പരസ്യമായി പറഞ്ഞതിന് പിന്നാലെ ഞായറാഴ്ച പടോളെ കൂട്ടിച്ചേര്‍ത്തു. സഖ്യം ഒറ്റക്കെട്ടാണെന്നും ‘വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങള്‍ വിജയിക്കില്ല’ എന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒരുമിച്ച് നില്ക്കും. അഞ്ചുവര്‍ഷം സര്‍ക്കാരിനെ നയിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അധികാരം നഷ്ടപ്പെട്ടശേഷം വിശ്രമിച്ചിട്ടില്ലാത്തവരും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹമുള്ളവരുമായ പുറത്തുള്ളവര്‍ ശ്രമിച്ചേക്കും, പക്ഷെ സര്‍ക്കാര്‍ തുടരും. കോണ്‍ഗ്രസിനും എന്‍സിപിക്കും ശിവസേനയ്ക്കും ഇടയില്‍ വിടവുണ്ടാക്കാന്‍ ശ്രമിച്ചേക്കാം. പക്ഷെ അത് നടക്കില്ല’-റാവത്ത് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചശേഷം 2019-ലാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും മഹാരാഷ്ട്രയില്‍ സഖ്യത്തിലേര്‍പ്പെട്ടതും സര്‍ക്കാര്‍ രൂപീകരിച്ചതും. ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ‘രാഷ്ട്രീയത്തില്‍ ഒറ്റയ്ക്ക് പോകുന്നതിനെക്കുറിച്ച് മാത്രം സംസാരിച്ച് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ നമ്മളെ ചെരിപ്പുകൊണ്ട് അടിക്കും’- ശിവസേന സ്ഥാപക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്ത് താക്കറെ പറഞ്ഞു. കോണ്‍ഗ്രസിന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും പടോളെയുടെ പ്രസ്താവന പരാമര്‍ശിച്ചായിരുന്നു പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: