തിരുവനന്തപുരം: മരം മുറി വിവാദത്തില്‍ നിന്നു ശ്രദ്ധതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിആര്‍ സംവിധാനം തുടരുന്നു. ഇതിന്റെ ഭാഗമായാണ് വൈകുന്നേരങ്ങളിലെ വാര്‍ത്താസമ്മേളനങ്ങളില്‍ ബോധപൂര്‍വ്വം ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും അതിന് മുന്‍കൂട്ടി തയ്യാറാക്കിയ മറുപടികള്‍ വായിക്കുകയുമാണ് ചെയ്യുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ പൊതുവായുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയ ശേഷമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുന്നത്. എന്നാല്‍, മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷന്റെ പിന്‍ബലത്തോടെ മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സി മുന്‍കൂട്ടി തയാറാക്കി നല്കുന്ന മറുപടിക്ക് അനുസരിച്ചാകും ഫ്രാക്ഷന് കീഴിലുള്ള മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങള്‍.
വെള്ളിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ലോക്ഡൗണ്‍ ഇളവുകളും വിശദീകരിച്ചു. തുടര്‍ന്ന് മരംകൊള്ള വിഷയം ഉന്നയിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഊഴം കാത്തിരിക്കുകയായിരുന്നു. എന്നാല്‍, സിപിഎം ഫ്രാക്ഷനിലെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ കെപിസിസി പ്രസിഡന്റിന്റെ വിഷയം എടുത്തിട്ടു. ”കെപിസിസി അധ്യക്ഷനായിട്ടുള്ള കെ. സുധാകരന് അടുത്തിടെ ഒരു വാരികയില്‍ എഴുതിയിട്ടുള്ളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ..? കോളേജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മര്‍ദിച്ചിട്ടുണ്ടോ?” എന്ന ചോദ്യമാണ് ഉയര്‍ന്നത്. മരം കൊള്ളയില്‍ നിന്നും വിഷയം മാറ്റാനു
ള്ള ശ്രമമായിരുന്നു ഇത്. തുടര്‍ന്ന് കരുതി വച്ചിരുന്ന കടലാസുകള്‍ ഓരോന്ന് മറിച്ച് സ്വന്തം അനുഭവത്തിലെന്ന പോലെ വായിക്കുകയായിരുന്നു. ഭാര്യയേയും കുട്ടികളെയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന അനുഭവം പങ്കുവയ്ക്കുമ്പോഴും കൈയില്‍ കടലാസ് ഉണ്ടായിരുന്നു.
കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായ പി. രാമകൃഷ്ണന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വാക്കുകള്‍, മമ്പറം ദിവാകരന്റെ പഴയ അഭിമുഖം, സി.എച്ച്. മുഹമ്മദ് കോയയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തുടങ്ങിയവയിലെ വാചകങ്ങള്‍ ഓരോ വരിസഹിതം ഉദ്ധരിച്ചാണ് മറുപടി. ഇത്തരത്തില്‍ ചോദ്യമുണ്ടാക്കുകയും അതിന് മറുപടി മുന്‍കൂട്ടി പിആര്‍ ഏജന്‍സി തയ്യാറാക്കുകയും ചെയ്തതാണെന്നത് വ്യക്തം.
അപ്രതീക്ഷിതമെന്ന് തോന്നിക്കുന്ന ചോദ്യങ്ങള്‍ക്ക് കടലാസു നോക്കി കണക്കുകള്‍ സഹിതം മുഖ്യമന്ത്രി വിവരിക്കുന്നതില്‍ പിആര്‍ ഏജന്‍സിയുടെ സാന്നിധ്യം മുമ്പേ ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് പിണറായി ഇത് നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: