കണ്ണൂര്‍: സുധാകരന്-പിണറായി വാക്പോരിന്റെ വെളിച്ചത്തില്‍ വാടിക്കല്‍ രാമകൃഷ്ണന്റേതുള്‍പ്പെടെയുള്ള കൊലപാതകക്കേസുകളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. പിണറായി വിജയന്റെ സന്തതസഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിന്റെ കൊലപാതകം, കണ്ടോത്ത് ഗോപിക്കെതിരായ വധശ്രമം എന്നീ കേസുകളിലും പുനരന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ആവശ്യമുയരുന്നത്. മൂന്ന് സംഭവങ്ങളിലും പിണറായി വിജയന് നേരിട്ടോ ആസൂത്രണത്തിലോ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
1969 ഏപ്രില്‍ 28ന് രാത്രിയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ വാടിക്കല്‍ രാമകൃഷ്ണനെന്ന പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ പിണറായി വിജയന് ഒന്നാം പ്രതിയായിരുന്നുവെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു.
സ്വന്തം അംഗരക്ഷകനായിരുന്ന വെണ്ടുട്ടായി ബാബുവിനെ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞ ദിവസം കെ. സുധാകരന് ആരോപിച്ചിരുന്നു. പിണറായി വിജയന്റെ രാഷ്ട്രീയ ഗുരുവായ പാണ്ട്യാല ഗോപാലന്റെ മകന് പാണ്ട്യാല ഷാജിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. 1986ലാണ് ബാബു സിപിഎം വിട്ട് സിഎംപിയായത്. 1990 ജനുവരി ആറിന് ബാബു കൊല്ലപ്പെട്ടു. തലശ്ശേരി തിരുവങ്ങാട് അഭിഭാഷകനെ കണ്ട് തിരികെ പോകുമ്പോള്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സിപിഎം നേതൃത്വം നല്കിയ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. പിണറായിക്കെതിരെ ഗൂഢാലോചനാ കേസ് പോലും ചുമത്തിയില്ല.
പിണറായി തന്നെ കൊടുവാളുകൊണ്ട് വെട്ടിയെന്ന ബീഡിത്തൊഴിലാളിയായിരുന്ന കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലാണ് മറ്റൊന്ന്. 1977ല്‍ ദിനേശ് ബീഡികമ്പനിയില്‍ നിന്ന് പിരിച്ചുവിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കണ്ടോത്ത് ഗോപിയുടെ നേതൃത്വത്തില്‍ ബീഡി ആന്‍ഡ് സിഗാര്‍ അസോസിയേഷന് കാല്‍നട യാത്ര നടത്തിയിരുന്നു.
വെണ്ടുട്ടായിയില്‍ ബസ് ഷെല്‍ട്ടറിനടുത്ത് സുരേന്ദ്ര ബാബുവെന്നയാളോട് സംസാരിച്ച് നില്‍ക്കെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘം ആക്രമിക്കാന്‍ വന്നെന്നും നീയാണോ ജാഥാ ലീഡറെന്ന് ആക്രോശിച്ച് കൊടുവളുയര്‍ത്തി വെട്ടിയെന്നും കഴുത്തിന് നേരെ വന്ന വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈമുറിഞ്ഞുവെന്നുമാണ് കണ്ടോത്ത് ഗോപി പറഞ്ഞത്.
പിണറായി വിജയനാണ് വെട്ടിയതെന്ന് അന്ന് പോലീസിനോട് പറഞ്ഞിരുന്നുവെങ്കിലും കേസെടുത്തില്ലെന്നും ഗോപി വെളിപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ഈ മൂന്ന് രാഷ്ട്രീയ അക്രമക്കേസുകളില്‍ പിണറായി വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: