ന്യൂദല്‍ഹി : രാജ്യത്തെ പുതിയതായി കൊണ്ടുവന്ന ഐടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനമല്ല. സാമൂഹിക മാധ്യമ ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിനും ഇതിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമായാണ് നിയമം കൊണ്ടുവന്നിരിക്കുന്നതെന്ന് ഇന്ത്യ. യുഎന്‍ സമ്മേളനത്തിനിടെ ഇന്ത്യ മിഷന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതിനിധികള്‍ രാജ്യത്തെ ഐടി ചട്ടങ്ങളില്‍ വലിയ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ മറുപടി. രാജ്യത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്ന സാധാരണക്കാര്‍ക്ക് പരാതി നല്‍കാന്‍ ഒരിടം വേണം.
അതിനായി പ്രത്യേക സംവിധാനം കൊണ്ടുവരാനും സമൂഹമാധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്തകളും മറ്റും പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിനുമായാണ് നടപടി. പൊതുജനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിവിധ മേഖലയിലുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷം, അവര്‍ക്കായാണ് പുതിയ ഐടി ചട്ടങ്ങള്‍ തയ്യാറാക്കിയത്. രാജ്യത്തെ ഐടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകള്‍ തെറ്റാണ്.
ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയും ശക്തമായ മാധ്യമങ്ങളും ഇന്ത്യന്‍ ജനാധിപത്യ ഘടനയുടെ ഭാഗമാണെന്നും യുഎന്നിനുള്ള മറുപടിയില്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: