തിരുവനന്തപുരം: കലാലയ കാലത്തെ രാഷ്‌ട്രീയ കുടിപ്പകകളെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മില്‍ നടത്തുന്ന വാക്‌പോര് പ്രത്യേക ലക്ഷ്യങ്ങളോടെ. മരംമുറിയടക്കമുള്ള കോടികളുടെ അഴിമതിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ഒരു ലക്ഷ്യം. രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ കേരളത്തെ കലാപഭൂമിയാക്കുകയാണ് കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടികളുടെ മറ്റൊരു ലക്ഷ്യം. ഇതിലൂടെ താനാണ് വലിയവനെന്ന് വരുത്തുകയാണ് രണ്ടു കൂട്ടരുടെയും പദ്ധതി.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. അനവസരത്തില്‍ അപ്രസക്തമായ ഇരുവരുടെയും വെല്ലുവിളികളും കൊലവിളികളും വീരവാദങ്ങളും പൊതുസമൂഹത്തില്‍ വെറുപ്പും വിദ്വേഷവുമാണ് ഉളവാക്കുന്നത്. ഇത് രാഷ്‌ട്രീയ സംഘര്‍ഷത്തിലും സംഘട്ടനത്തിലും കലാശിച്ചാല്‍ അത്ഭുതമില്ല.
കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും സംസ്‌കാരം വളര്‍ത്തിയത് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമാണ്. നൂറുകണക്കിന് പേരുടെ മരണത്തിനും അക്രമത്തിനും ഇത് വഴിവച്ചിട്ടുണ്ട്. ഇന്നും ജീവച്ഛവമായി കഴിയുന്നവരും കുടുംബങ്ങളും നിരവധിയാണ്. പകയുടെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയം മുറുകെ പിടിക്കുന്ന പിണറായി വിജയനും കെ. സുധാകരനും അത് ഉപേക്ഷിക്കാന്‍ ഇന്നും തയ്യാറായിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
കെപിസിസി പ്രസിഡന്റായി നിയമിതനായ സുധാകരനെ മഹത്വവത്കരിക്കാന്‍ ‘കോണ്‍ഗ്രസ്’ വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനാവശ്യവും അനവസരത്തിലുള്ളതുമായിരുന്നു. അതിനെതിരെ സുധാകരന്‍ നടത്തിയ പ്രതികരണവും അതിരുവിട്ടതു തന്നെ.
കേരളം മഹാമാരിയുടെ അതിതീവ്രമായ ഭീഷണി നേരിടുകയാണ്. അതിനെ ഒത്തൊരുമിച്ച് നേരിടേണ്ട സമയമാണിത്. അതോടൊപ്പം കോടിക്കണക്കിന് രൂപയുടെ വനവിഭവം കൊള്ളയടിച്ച സംഭവവും സജീവമാണ്. ഇത് മറച്ചുവയ്‌ക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ശ്രമം സ്വാഭാവികമാണ്. അതിന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സും കരുവാകുന്നു എന്നു വേണം കരുതാന്‍. കള്ളനും പോലീസും ഒരുമിക്കുന്ന കാഴ്ചയാണ് കേരളത്തിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സംഘട്ടനങ്ങളും കൊലപാതകങ്ങളും അരങ്ങേറിയതായാണ് അനുഭവം.
പിണറായിയെ താന്‍ അടിച്ചു നിലത്തിട്ടുവെന്നാണ് സുധാകരന്റെ വാദം. സുധാകരനെ തല്ലി അര്‍ദ്ധനഗ്നനാക്കി കോളേജിലൊക്കെ നെട്ടോട്ടമോടിച്ചുവെന്ന് പിണറായിയും പറയുന്നു. സുധാകരന്‍ തന്റെ കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്നാണ് പിണറായിയുടെ മറ്റൊരാരോപണം. അറുപതുകളില്‍ നടന്ന കാര്യങ്ങളെച്ചൊല്ലി അരനൂറ്റാണ്ടിനുശേഷം പൊതുവേദികളില്‍ ഏറ്റുമുട്ടുകയെന്ന നാണക്കേടിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. അതിനാല്‍ തന്നെ, ഇതിനു പിന്നില്‍ വേറെ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: