എസ്. ബി. പണിക്കര്‍
പതിവുപോലെ അന്നും അയാള്‍ വാറ്റിയതോ നാടനോ ഫോറിനോ എന്നു നിശ്ചയമില്ല, മൂക്കറ്റം സേവിച്ചു വന്നിരിക്കുകയാണെന്ന് സ്വരം കേട്ടപ്പോള്‍ മനസ്സിലായി. പറമ്പിലേക്ക് കയറുമ്പോള്‍ ചെറു കടമ്പ. ഇഴഞ്ഞു വന്ന് കടമ്പയില്‍ കമിഴ്ന്നു കിടക്കുകയാണ് പതിവ്. പകുതി ചൈനയിലും പകുതി ഇന്ത്യയിലും. അവള് ചെന്നു സഹായിക്കണം മക്മോഹന്‍ രേഖ കടക്കാന്‍.
”സുമതീ,
പുത്തന്‍വീട്ടില്‍ കെ.പി സുമതിക്കുട്ടീ നിന്റെ ഓണ്‍ ഭര്‍ത്താവായ ഞാന്‍ ഗംഗാധരന് ഡീ. മലയാളം നിനക്ക് നിശ്ചയമില്ലാത്തതുകൊണ്ട് ഇംഗ്ലീഷില്‍ കാച്ചിയേക്കാം, നിന്റെ ഓണ്‍ ഹസ്ബണ്ട് അര്‍ത്ഥം നിനക്കറിയാമോ ടീ ശവമേ…” ഹസ്ബണ്ട് എന്നാല്‍ കൃഷിക്കാരന്. സുമതിയെ അയല്‍ക്കാരില്‍ ചിലര്‍ കുറ്റപ്പെടുത്തുന്നത് അവള് കേട്ടിട്ടുണ്ട്. വളം വച്ചു കൊടുത്തിട്ടാണ്. നാലുകാലില്‍ വരുമ്പോള്‍ രാജകീയ സ്വീകരണം കൊടുത്തിട്ടാണ്. സഹിക്കട്ടെ.
അന്നും അവള് കടമ്പ കടക്കാന്‍ സഹായിച്ചു. കൈയില്‍ മദ്യക്കുപ്പി. പകുതിയോളം ഉണ്ട്. ബാക്കിയുള്ളതു ദാഹം വന്നപ്പോള്‍ ചെലുത്തിക്കാണും.
”എനിക്കു നല്ല ബോധം ഉണ്ടെ ഡീ… ഡീ… യുവര്‍ ഓണ്‍ ഹസ്ബണ്ട്. ഇതെന്റെ ഇടത്തെ കൈ ഇതെന്റെ വലത്തെ കൈ ഞാനിതാ നടക്കുന്നു.”
വീട്ടില്‍ വന്ന പാടെ ചില്ലു ഗ്ലാസ് ആവശ്യപ്പെട്ടു അയാള്‍. ഒരു വിധം കസേരയില്‍ അമര്‍ന്നിരുന്നു. കസേര വലിച്ചിട്ട് അവള് അടുത്തിരുന്നു. ഗ്ലാസ് കാലിയാവുന്ന മുറയ്ക്ക് ഒഴിച്ചു കൊടുത്തു കൊണ്ടിരുന്നു. അടുത്തുതന്നെ വെള്ളം.
”ഇന്നെന്താ കൂവേ കെട്യോളേ പതിവില്ലാത്തത്ര സ്നേഹം എന്നോട്?”
അവള് കീഴോട്ടു നോക്കിക്കൊണ്ട് മൊഴിഞ്ഞു.
”ഒന്നുമില്ല.”
”അതു കള നീയൊരു ഭംഗി വാക്കു പറഞ്ഞതല്ലേ. ഡിയര്‍ ആന്റ് നിയര്‍… സന്തോഷത്തിന്റെ കാര്യം ഞാനും കേക്കട്ടെ വൈഫേ എന്നെ സുഖിപ്പിക്കുന്നതിനു കാരണം.”
അന്നാദ്യമായി അവള് അയാളുടെ മുഖത്ത് തുറിച്ചു നോക്കിക്കൊണ്ടു പറഞ്ഞു, നിങ്ങളൊന്നു പോയിക്കിട്ടീട്ട് വേണം എനിക്കൊരു വിവാഹപ്പരസ്യം കൊടുക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: