ന്യൂദല്‍ഹി: സ്വിസ് ബാങ്കില്‍ 2020ല്‍ ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം 20,700 കോടിയായി ഉയര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ധനകാര്യമന്ത്രാലയം. ഇക്കാര്യത്തില്‍ സ്വിറ്റ്സാര്‍ലാന്റ് അധികൃതരില്‍ നിന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
‘റിപ്പോര്‍ട്ടില്‍ പറയുന്ന തുകയുടെ അളവ് ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചു എന്ന് ചര്‍ച്ചചെയ്യപ്പെടുന്ന തുകയുമായി പൊരുത്തം കാണുന്നില്ല,’ കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
“വാസ്തവത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവരുടെ സ്വിസ് ബാങ്ക് നിക്ഷേപം 2019ന് ശേഷം താഴുകയാണ് ചെയ്തിട്ടുള്ളത്. വിശ്വസ്തരിലൂടെയുള്ള ഇന്ത്യക്കാരുടെ സ്വിസ്ബാങ്ക് നിക്ഷേപവും 2019ന് ശേഷം പാതിയായി ചുരുങ്ങുകയാണ് ചെയ്തിരിക്കുന്നത്. ആകെ വളര്‍ച്ച നേടിയിട്ടുള്ളത് ഇന്ത്യക്കാരുടെ ബോണ്ടുകള്‍, സെക്യൂരിറ്റീസ്, മറ്റ് ധനകാര്യ ആസ്തികള്‍ വഴിയായ നിക്ഷേപങ്ങള്‍ മാത്രമാണ്”. – ധനകാര്യ മന്ത്രാലയം പറയുന്നു.
“സ്വിസ് അധികൃതരോട് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ വളര്ച്ചയാണോ താഴ്ചയാണോ ഉണ്ടായിട്ടുള്ളത് എന്നും ആരാഞ്ഞിട്ടുണ്ട്,” ധനകാര്യമന്ത്രാലയം പറയുന്നു.
“ഒരു പക്ഷെ ഇന്ത്യയില്‍ സ്ഥാപിതമായ സ്വിസ് ബാങ്കുകളുടെ ശാഖകള്‍ വഴി ബിസിനസ് കൂടിയിട്ടുണ്ടാകാം. സ്വിസ് ബാങ്കുകളും ഇന്ത്യന്‍ ബാങ്കുകളും തമ്മിലുള്ള അന്യോന്യ ഇടപാടുകളിലും വര്ധനവുണ്ടായിട്ടുണ്ടാകാം. ഇന്ത്യയിലെ ഏതെങ്കിലും സ്വിസ് കമ്പനിയുടെ സബ്സിഡിയറിക്കുള്ള മൂലധനത്തില്‍ വര്ധനവുണ്ടായിട്ടുണ്ടാകാം,” കേന്ദ്ര ധനകാര്യമന്ത്രാലയം വിശദീകരിച്ചു.
ഇന്ത്യക്കാരുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും സ്വിസ് ബാങ്കിലെ നിക്ഷേപം കഴിഞ്ഞ 13 വര്‍ഷത്തെ ഏറ്റവും ഉയര്‍ച്ചയിലെത്തി നില്ക്കുന്നു എന്നായിരുന്നു പിടി ഐ വാര്‍ത്താ ഏജന്‍സ് നല്കിയ റിപ്പോര്‍ട്ട് ആരോപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: