ഗുവാഹത്തി: സര്‍ക്കാര്‍ പണം മുടക്കുന്ന ചില പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനായി രണ്ടു കുട്ടികളെന്ന നയം അസം സര്‍ക്കാര്‍ ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പല ആനുകൂല്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതിനാല്‍, നിര്‍ദിഷ്ട ജനസംഖ്യ നിയന്ത്രണ നയം ഉടന്‍ സംസ്ഥാനത്തെ എല്ലാ പദ്ധതികള്‍ക്കും ബാധകമാകില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ‘പ്രധാന്‍മന്ത്രി ആവാസ് യോജനയ്‌ക്കു കീഴില്‍ വീടുകള്‍, സ്‌കൂളുകളിലും കോളജുകളിലും പ്രവേശനം തുടങ്ങി രണ്ടു കുട്ടികള്‍ നയം നടപ്പാക്കാനാവാത്ത ചില പദ്ധതികളുണ്ട്. പക്ഷെ ചില പദ്ധതികളില്‍, സംസ്ഥാന സര്‍ക്കാര്‍ ഭവനപദ്ധതി നടപ്പാക്കിയാല്‍, രണ്ടു കുട്ടികള്‍ നയം കൊണ്ടുവരാം.’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പതിയെ പിന്നീടുള്ള ഘട്ടങ്ങളില്‍, ജനസംഖ്യ മാനദണ്ഡം സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പദ്ധതികളിലും വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ കുടുംബത്തിലെ അംഗങ്ങളെ ചൂണ്ടിക്കാണിക്കുന്ന പ്രതിപക്ഷത്തെയും ശര്‍മ വിമര്‍ശിച്ചു. അദ്ദേഹത്തിന് അഞ്ചു സഹോദരങ്ങളുണ്ട്. ‘1970-ല്‍ നമ്മുടെ മാതാപിതാക്കള്‍ ചെയ്തതോ, മറ്റുള്ളവര്‍ ചെയ്തതോ ചര്‍ച്ച ചെയ്യുന്നതില്‍ കാര്യമില്ല. ഇത് പതിവില്ലാത്ത കാര്യങ്ങളെന്നും എഴുപതുകളിലേക്ക് മടക്കിക്കൊണ്ടുപോകുമെന്നും പ്രതിപക്ഷം പറയുന്നു’.- അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്കായി രണ്ടു കുട്ടികളെന്ന നയം വേണമെന്ന് വാദിക്കുന്ന വ്യക്തിയാണ്, കഴിഞ്ഞ മാസം മുഖ്യമന്ത്രിയായി ചുമതലയേറ്റ ഹിമന്ത ബിശ്വ ശര്‍മ. മൂന്ന് ജില്ലകളില്‍ അടുത്തിടെ നടന്ന ഒഴിപ്പിക്കലിനെക്കുറിച്ചും ന്യൂനപക്ഷങ്ങള്‍ യോജിക്കുന്ന കുടുംബാസൂത്രണ നയം നടപ്പാക്കാണ്ടേതിനെക്കുറിച്ചും ജൂണ്‍ 10ന് മുഖ്യമന്ത്രി സംസാരിച്ചിരുന്നു. കുടുംബാസൂത്രണം ദാരിദ്ര്യം കുറയ്‌ക്കുമെന്നും, അല്ലെങ്കില്‍ ജീവിക്കാനുള്ള സ്ഥലങ്ങള്‍ കുറയുന്നത് കയ്യേറ്റത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: