തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവ പാദസ്പര്‍ശങ്ങളാല്‍ പവിത്രമായ ചേവണ്ണൂര്‍ കളരി ഇനി ഗുരുസ്മരണകളുടെ തീര്‍ത്ഥാടന കേന്ദ്രമായി മാറും. ഗുരുദേവന് വിദ്യഅഭ്യസിച്ച കളരിയും അനുബന്ധ വസ്തുവും ഇനി ശിവഗിരി മഠത്തിനു സ്വന്തം. വഴിയൊരുക്കിയത് മുരളിയ ഗ്രൂപ്പിന്റെ എം.ഡി. കെ.മുരളീധരന്റെ സന്മനസ്സിനാല്.
കൊല്ലവര്‍ഷം 1053ല്‍ 21ാമത്തെ വയസിലാണ് വിദ്യ അഭ്യസിക്കുന്നതിനായി ഗുരുദേവന് കായംകുളം പുതുപ്പള്ളി വാരണപ്പള്ളി വീട്ടിലെത്തുന്നത്. സവര്‍ണ്ണ മേധാവിത്വം ഉച്ഛസ്ഥായിയില്‍ നില്ക്കുന്ന കാലത്ത് അതൊന്നും വകവയ്ക്കാതെ തറവാട്ട് കാരണവരായിരുന്ന കറുത്ത കൊച്ചു കൃഷ്ണപ്പണിക്കര്‍ കീഴ്ജാതിക്കാര്‍ക്ക് വിദ്യാഭ്യാസവും താമസ സൗകര്യവും നല്‍കുന്നത് വെല്ലുവിളിയായി ഏറ്റെടുത്തു. ദൂര ദേശങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇവിടെ എത്തിയിരുന്നു.
വാരണപ്പള്ളി തറവാടിനു സമീപത്തുള്ള ചേവണ്ണൂര്‍ തറവാട്ടിലെ ചാവടിയില്‍ സംസ്കൃതത്തില്‍ അഗാധ പാണ്ഡ്യത്യം ഉണ്ടായിരുന്ന കുമ്മംമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു കളരി നടത്തിയിരുന്നത്. രാമന്‍പിള്ള ആശാനില്‍ നിന്നാണ് ഗുരുദേവന് സംസ്കൃതം അഭ്യസിച്ചത്. ഗുരുദേവനുള്‍പ്പെടെയുള്ള നിരവധി ശിഷ്യര്‍ സംസ്കൃതത്തോടൊപ്പം മറ്റ് നിരവധി വിദ്യകളും ചേവണ്ണൂര്‍ കളരിയില്‍ നിന്നും സ്വായത്തമാക്കിയിരുന്നു.
പുതുപ്പള്ളി എസ്ആര്‍വിഎല്‍പി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് ചെല്ലമ്മയുടെ ഇളയമകള്‍ ചേപ്പാട് കാഞ്ഞൂരില്‍ താമസിക്കുന്ന ഇന്ദിരാദേവിയുടെ ഉടമസ്ഥതയിലാണ് കളരിയും തറവാടുമുള്‍പ്പെടുന്ന 1.77 ഏക്കര്‍ ഭൂമി. ഒറ്റമുറിയും വരാന്തയുമാണ് തറവാടിനോട് ചേര്‍ന്നുള്ള കളരി. കാലക്രമേണ സംരക്ഷകരില്ലാതെ ചേവണ്ണൂര്‍ കളരിക്കും ക്ഷയം സംഭവിച്ചു . തറവാട് വീടും കളരിയും ഉള്‍പ്പെട്ട ഭൂമി കാടുകയറി. കളരിയിലെ ചുമരുകള്‍ക്ക് വിള്ളല്‍ വീണ് മേല്‍ക്കൂര നിലം പൊത്താറായി. നായര്‍ കുടുംബത്തിന്റെ കൈവശം ഉള്ള കളരിയും തറവാടും നശിക്കരുതെന്ന് തറവാട്ടുകാരും ഏറെ ആഗ്രഹിച്ചിരുന്നു. ഗുരുദേവന് വിദ്യ അഭ്യസിച്ച കളരി അന്യം നിന്ന് പോകാതിരിക്കാന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറാനും തയ്യാറായിരുന്നു. എന്നാല്‍ 1.77 ഏക്കര്‍ വസ്തു വില കൊടുത്ത് വാങ്ങിയ്ക്കാന്‍ ആരും തയ്യാറായില്ല. സര്‍ക്കാരുകളും ഇതിനു വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.
ചേവണ്ണൂര്‍ കളരിയുടെ ദുരവസ്ഥ അറിഞ്ഞ ശിവഗിരി മഠം കളരിയും തറവാടും ഏറ്റെടുക്കാന്‍ തയ്യാറായി. തറവാട് അംഗങ്ങള്‍ക്കാകട്ടെ ആഗ്രഹ സഫലീകരണവും. 2019ല്‍ ഭൂമി കൈമാറ്റത്തിന്റെ ധാരണാ പത്രം ഇന്ദിരാദേവി ശിവഗിരി മഠത്തിലെത്തി സ്വാമി വിശുദ്ധാനന്ദയ്ക്ക് കൈമാറി. എന്നാല്‍ ഭീമമായ തുക മഠത്തെയും ബുദ്ധിമുട്ടിലാക്കി. ദുബായില്‍ എസ്എഫ്സി ഗ്രൂപ്പ് ചെയര്‍മാനും കാട്ടാക്കട മുരളിയ ഡയറി മില്‍ക്ക് കമ്പനി എംഡിയുമായ കെ.മുരളീധരന് ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കളരി ഉള്‍പ്പെടുന്ന 1.77 ഏക്കര്‍ ഭൂമി വില കൊടുത്ത് വാങ്ങി ശിവഗിരി മഠത്തിന് നല്കി.
ശിവഗിരി മഠത്തിലെ ശാരദാമഠത്തിനു മുമ്പിലുള്ള മണ്ഡപത്തിന്റെ പുനര്‍ നിര്‍മ്മാണവും ബോധാനന്ദ സ്വാമിയുടെ ആശ്രമം പുതുക്കി പണിതതും മുരളിയ ഗ്രൂപ്പാണ്. ഭൂമി ഏറ്റെടുക്കലിന്റെ ഔദ്യോഗിക ചടങ്ങ് കെ.മുരളീധരന് ദുബായില്‍ നിന്നും വന്നതിനു ശേഷം നടക്കുമെന്ന് സ്വാമി സാന്ദ്രാനന്ദ പറഞ്ഞു. കേരള നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ച ഗുരുദേവന്റെ സാന്നിധ്യത്താല്‍ പവിത്രമായ പഠനക്കളരി ഉള്‍പ്പെടുന്ന വസ്തുവില്‍ വിവിധ പദ്ധതികള്‍ തയ്യാറാക്കി സംരക്ഷിക്കാനുള്ള നീക്കത്തിലാണ് ശിവഗിരി മഠം
പ്രതികരിക്കാൻ ഇവിടെ എഴുതുക: