ന്യൂദല്‍ഹി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇടപെടുന്നു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ട് എഫ്‌സിസി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫിനും ചീഫ് സെക്രട്ടറിക്കും കമ്മിഷന്‍ കത്തയച്ചു.
ലൂസി കളപുരയ്‌ക്കലിനെ കോണ്‍വെന്റില്‍ നിന്ന് പുറത്താക്കിയ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടാണ് സുപ്പീരിയര്‍ ജനറലിന് കത്തയച്ചിരിക്കുന്നത്. സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് ദേശീയ വനിതാ കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2019 മേയിലാണ് ലൂസി കളപ്പുരയോട് മഠത്തില്‍ നിന്നും പുറത്തുപോകാനാവശ്യപ്പെട്ടത്.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് മറ്റ് സന്യാസിനിമാര്‍ക്ക് അയച്ച കത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി വത്തിക്കാനിലെ പരമോന്നത സഭാ കോടതി ശരിവെച്ചെന്ന് അവകാശപ്പെടുന്നത്. അപ്പൊസ്തോലിക് സെന്ന്യൂറ എന്നാണ് കോടതി അറിയപ്പെടുന്നത്.
സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് കാണിച്ചായിരുന്നു നടപടി.ഇതിനെതിരെ സിസ്റ്റര്‍ റോമിലെ കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയെന്ന് നേരത്തെ സുപ്പീരിയര്‍ ജനറല്‍ ആന്‍ ജോസഫ് അറിയിച്ചിരുന്നു. ഒരാഴ്ചയ്‌ക്കകം മാനന്തവാടി കാരയ്‌ക്കാമല വിമല ഹോം മഠത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വത്തിക്കാനിലെ കോടതിയില്‍ ഇനിയും നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും, സുപ്പീരിയര്‍ ജനറല്‍ കോടതി വിധി കൃത്രിമമായി ഉണ്ടാക്കിയതെന്നുമാണ് സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: