തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുമ്പോള്‍ കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് ജനം ആഗ്രഹിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അടക്കം കേള്‍ക്കാന്‍ ആളുകള്‍ കാത്തിരിക്കുന്നു. രാഷ്‌ട്രീയ വിരോധമുള്ള ആളുകളെ കരിവാരി തേയ്‌ക്കാന്‍ മുഖ്യമന്ത്രി ഈ സമയം ഒരിയ്‌ക്കലും ഉപയോഗിക്കാന്‍ പാടില്ല.
പിണറായി വിജയന് എന്തും സംസാരിക്കാന്‍ അവകാശമുണ്ട്. പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുന്നതിന് ഒരു നിലവാരമുണ്ടാകണം. പക്ഷെ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പത്രസമ്മേളനം ഈ നിലവാരത്തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. എല്ലാ സീമകളും ലംഘിക്കുന്ന പത്രസമ്മേളനമാണ് ഇന്നലെ മുഖ്യമന്ത്രി നടത്തിയത്.
കേരളത്തിലെ സമുന്നതനായ പൊതുപ്രവര്‍ത്തകനും കെ.പി.സി.സി അധ്യക്ഷനുമായ കെ.സുധാകരനെക്കുറിച്ച് മോശമായി പിണറായി വിജയന്‍ പറഞ്ഞതൊന്നും ജനം അംഗീകരിക്കില്ല. കെ.സുധാകരന്‍ എന്ന നേതാവ് ഓട് പൊളിച്ചു ഇറങ്ങി വന്നതല്ല. തെരഞ്ഞെടുപ്പുകളില്‍ ജയിച്ചു ജനകീയ അംഗീകാരം നേടിയ നേതാവാണ്. കോവിഡ് വിവരങ്ങള്‍ പറയാനുള്ള പത്രസമ്മേളനം ദുരുപയോഗം ചെയ്യുകയായിരുന്നു. പ്രതിപക്ഷ കക്ഷികളെ അവഹേളിക്കാന്‍ ഈ വേദി ഉപയോഗിക്കരുത്.
ഇത്തരത്തിലെ നിലവിട്ടുള്ള പ്രകടനം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു. അക്ഷന്തവ്യമായ തെറ്റാണ് പിണറായി വിജയനില്‍ നിന്നും ഉണ്ടായത്. കോടിക്കണക്കിനു രൂപയുടെ മരം മുറിച്ചു മാറ്റാന്‍ വനം കൊള്ളക്കാര്‍ക്ക് അവസരം ഉണ്ടാക്കിയ ശേഷം വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ വിവാദം മുഖ്യമന്ത്രി ഉണ്ടാക്കിയിരിക്കുന്നത്. കാട്ടുകൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടിയാണിത്. മൂന്നര കോടിയോളം ജനങ്ങളുടെ മുഖ്യമന്ത്രി ഇങ്ങനെയാണോ പെരുമാറേണ്ടത്? സമചിത്തതയോടെ പെരുമാറാന്‍ ഇനിയെങ്കിലും മുഖ്യമന്ത്രി തയ്യാറാകണം.ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം പിണറായി വിജയന്‍ തിരിച്ചറിയണമെന്നും ചെന്നിത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: