കുവൈറ്റ്: ഭാരതീയ സാംസ്കാരിക പൈതൃകത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന അന്താരാഷ്ട്ര യോഗാദിനാചരണം കുവൈറ്റില്‍ ആചരിച്ചു. ഇന്ത്യന്‍ എംമ്പസിയുടെ നേതൃത്വത്തില്‍ നടന്ന യോഗാദിനാചരണ ചടങ്ങില്‍ കേന്ദ്ര യുവജനക്ഷേമമന്ത്രി കിരണ്‍ റിജു മുഖ്യാതിഥിയായി പങ്കെടുത്തു
വളരെക്കാലത്തെ അന്വേഷണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും തപസ്സിനുമൊടുവിലാണ് ഋഷിമാര്‍ യോഗയെ കണ്ടെത്തിയതെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബിജോര്‍ജ്ജ് പറഞ്ഞു. കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച രാജ്യാന്തര യോഗാദിനാചരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അകമഴിഞ്ഞ സഹായം നല്കിയ കുവൈറ്റ് ഭരണകൂടത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് ഇന്ത്യന്‍ സ്ഥാനപതി രാജ്യാന്തര യോഗാദിനാചരണം ഉദ്ഘാടനം ചെയ്തത്. ദേശീയമായും അന്തര്‍ദേശീയമായുമുള്ള കൂട്ടായപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, ഒറ്റക്കെട്ടായി നിന്നു മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലൂടെ നമുക്കത് മനസിലാക്കിതന്നതായും അദ്ദേഹം പ്രഭാഷണത്തില്‍ വ്യക്തമാക്കി.
ഇന്ത്യ – കുവൈത് നയതന്ത്ര ബന്ധത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ യോഗയുടെയും ആയുര്‍വേദത്തിന്റയും പ്രാധാന്യത്തെ പറ്റി കുവൈതിലെ എല്ലാ കുടുംബങ്ങളിലും എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്ഥാനപതി പറഞ്ഞു. നാഷണല്‍കൗണ്‍സില്‍ ഫോര്‍ കല്‍ച്ചര്‍ ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് അസിസ്റ്റന്റ്സെക്രട്ടറി ജനറല്‍ ഡോക്ടര്ഈസ അല്‍ അന്‍സാരി മുഖ്യാതിഥിയായിരുന്നു.
എംബസി യുടെ കള്‍ച്ചറല്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി ഡോ: വിനോദ് ഗെയ്ക്ക് വാദിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ആയുഷ് മന്തിലി ന്യൂസ് ബുള്ളറ്റിനും വേദിയില്‍ പ്രകാശനം ചെയ്തു. മാതാഅമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, ഡോ.എച്ച്.ആര് നാഗേന്ദ്ര തുടങ്ങിയ യോഗാചാര്യന്മാരുടെ വീഡിയോ സന്ദേശങ്ങളും പ്രദര്‍ശിപ്പിച്ചു. സേവാദര്‍ശന്‍, അമ്മകുവൈറ്റ്, ഹാര്‍ട്ട്ഫുള്‍നെസ്, യോഗാമീറ്റ്, ആര്‍ട്ട് ഓഫ് ലിവിംഗ് തുടങ്ങിയ കുവൈറ്റിലെ വിവിധ യോഗാ സംഘടനകളുടെ നേതൃത്വത്തിലുള്ള യോഗാപ്രദര്‍ശനവും വേദിയില്‍ അരങ്ങേറി.
യോഗാദിനാചരണ പരിപാടികളുടെ ഭാഗമയി ഒരു മാസക്കാലം നീണ്ടുനിന്ന പരിപാടികളാണ് എംബസിയുടെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്നത്. ഓണ്‍ലൈനായി സംഘടിപ്പിച്ച പരിപാടിയില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: