കൊല്ലം: പത്തനാപുരത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലം ജില്ലയുടെ വനാതിര്‍ത്തി കേന്ദ്രീകരിച്ചു തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് ക്യൂ ബ്രാഞ്ച് നേരത്തേ സംസ്ഥാന പോലീസിനെ അറിയിച്ചിരുന്നതായി അന്വേഷണ സംഘം.
എന്നാല്‍ വേണ്ടവിധത്തില്‍ കേരള പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്. പത്തനാപുരം പാടത്തെ കശുമാവിന് തോട്ടത്തില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍, വയറുകള്‍, ബാറ്ററി എന്നിവ വിശദ പരിശോധനകള്‍ക്കായി അയച്ചു. കണ്ടെത്തിയ വസ്തുക്കള്‍ എവിടെയാണ് നിര്‍മിച്ചത്, ഇവ വിതരണം ചെയ്തത് ആരാണ്, എന്നീ കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം മേഖലയിലെ തീവ്ര നിലപാടുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളും പോലീസ് ശേഖരിച്ചു വരികയാണ്.
ആയോധന കലകള്‍ക്ക് ഉപയോഗിക്കുന്ന തരത്തില്‍ 4000 മരവടികള്‍ വനാതിര്‍ത്തി മേഖലകളില്‍ നിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 15 സാമ്പര്‍ ഇനത്തില്‍പെട്ട മാനുകളെയാണ് കൊല്ലപ്പെട്ട നിലയില്‍ പാടം വനമേഖലയില്‍ നിന്ന് കണ്ടെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പോലെയുള്ള സംഘടനകള്‍ ആയുധ പരിശീലനത്തിനായി മാനുകളെ കൊലപ്പെടുത്തിയതാണെന്നും അന്വേഷണ സംഘം സംശയിക്കുന്നു. കടശ്ശേരിയിലുള്ള 17 വയസുകാരന് രാഹുല്‍ എന്ന കുട്ടിയെ കാണാതായതിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് സംശയമുണ്ട്. മുന്‍പ് പാടം വനമേഖലയില്‍ നിന്ന് ഈ കുട്ടിയുടെ രക്തഅംശവും അനുബന്ധ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കാത്തതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
പത്തനംതിട്ട ജില്ലയിലും വനമേഖലകള്‍ കേന്ദ്രീകരിച്ച് സ്ഫോടനങ്ങള്‍ നടത്താനുള്ള പരിശീലനം നടക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കലഞ്ഞൂര്‍ പാടത്തിനു പിന്നാലെ കോന്നി കല്ലേലി വയക്കരയില്‍ നിന്നും സ്ഫോടകവസ്തുക്കളുടെ വന്‍ശേഖരം കണ്ടെത്തിയതും സംയോജിപ്പിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് നീക്കം. പത്തനംതിട്ടയിലെ വയക്കരപാലത്തിന് സമീപം തേക്കുതോട്ടത്തില്‍ പലയിടത്തായി ഉപേക്ഷിച്ചനിലയില്‍ 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കഴിഞ്ഞ ദിവസം കണ്ടത്. അച്ചന്‍കോവില്‍ വനമേഖലയിലെ നടുവത്തുംമൂഴി റേഞ്ചില്‍പ്പെട്ട സ്ഥലത്താണ് സ്ഫോടകവസ്തു കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: