തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍. അവശ്യമേഖലയില് ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കും. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളില്‍ നിന്ന് പാഴ്സല്‍ ടേക്ക് എവേ എന്നിവ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം. കെഎസ്ആര്‍ടിസി അവശ്യസര്‍വീസുകള്‍ നടത്തും.
ലോക്ഡൗണില്‍ ഇതുവരെ നല്കിയ ഇളവുകള്‍ ഒഴിവാക്കിയാണ് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇളവ് നല്‍കിയിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും പൊതുഗതാഗതം പുനരാരംഭിക്കുകയും ചെയ്തതോടെ സംസ്ഥാനം ഇന്നലെയും അണ്ലോക്കായിരുന്നു. ഇളവുകള്‍ നിലവില്‍ വന്നതോടെ പരിശോധന കുറഞ്ഞു. കെഎസ്ആര്‍ടിസി 1510 സര്‍വീസുകള്‍ നടത്തി. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 4261 പേര്‍ക്കെതിരെ ഇന്നലെ കേസെടുത്തു.
അനുമതിയുള്ളവ
മെഡിക്കല്‍ സ്റ്റോറുകള്‍, പാല്, പലചരക്ക്, പച്ചക്കറി കടകള്‍, മത്സ്യ മാംസ വില്‍പ്പന ശാലകള്‍, ബേക്കറി എന്നിവ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും. നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ട്രെയിന്‍, വിമാന ടിക്കറ്റും മറ്റു രേഖകളുമുണ്ടെങ്കില്‍ മാത്രമേ യാത്രാനുമതിയുള്ളൂ. വാക്സിന് എടുക്കാന്‍ പോകുന്നവര്‍ക്കും യാത്ര ചെയ്യാം. രേഖകള്‍ കൈയില്‍ കരുതണം. കാബുകള്‍ക്കും ടാക്സികള്‍ക്കും യാത്രാടിക്കറ്റുള്ളവരുമായി പോകാം.
ഐടി കമ്പനികളിലെ ജീവനക്കാര്‍, രോഗികള്‍, കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് യാത്രാനുമതി, അത്യാവശ്യങ്ങള്‍ക്ക് മാത്രമേ സത്യവാങ്ങ്മൂലം അനുവദിക്കൂ. അത്യാവശ്യസേവന വിഭാഗത്തിലും കൊവിഡ് ഡ്യൂട്ടിയിലും ഉള്‍പ്പെടുന്ന കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനാനുമതി. വിവാഹങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ എന്നിവ കൊവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നടത്താം. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം. ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ക്കും ഇളവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: