ന്യൂദല്‍ഹി: ട്വിറ്ററിന് താക്കീതുമായി ഐടിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി. ഇന്ത്യയിലെ ഐടി നിയമം ട്വിറ്റര്‍ അനുസരിച്ചേ മതിയാകൂ എന്ന അന്ത്യശാസനമാണ് ഈ പാര്‍ലമെന്ററി ബോര്‍ഡ് ട്വിറ്ററിന് നല്‍കിയത്.
ഇന്ത്യയിലെ നിയമം അനുസരിക്കാത്തതിന് എന്തുകൊണ്ട് പിഴ നല്കിക്കൂടാ എന്നത് സംബന്ധിച്ച് ട്വിറ്ററിനോട് പ്രതികരണവും സമിതി ആരാഞ്ഞിട്ടുണ്ട്. ട്വിറ്ററിന്റെ പൊതുനയ മാനേജര്‍ ഷഗുഫ്ത കംമ്രാന്‍, നിയമ വക്താവ് ആയുഷി കപൂര്‍ എന്നിവരാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി ബോര്‍ഡ് മുമ്പാകെ വെള്ളിയാഴ്ച ഹാജരായത്. ഇന്ത്യയിലെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഓണ്‍ലൈന്‍ ന്യൂസ് മീഡിയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയാനും ട്വിറ്റര്‍ എന്ത് ചെയ്തു എന്ന പ്രശ്നങ്ങളാണ് പാര്‍ലമെന്ററി കാര്യ സമിതി ട്വിറ്ററിനോട് ആരാഞ്ഞത്.
സ്വകാര്യത, ആവിഷ്കാരസ്വാതന്ത്ര്യം, സുതാര്യത എന്നീ ട്വിറ്റര്‍ നയങ്ങളുമായി പൊരുത്തപ്പെടാവുന്ന രീതിയില്‍ ഇന്ത്യയിലെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ദൗത്യത്തില്‍ പാര്‍ലമെന്ററി കാര്യ സമിതിയുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് യോഗത്തിന് ശേഷം ട്വിറ്റര്‍ പ്രതികരിച്ചത്. പൊതുജനങ്ങളുടെ ആശയസംവേദനം സംരക്ഷിക്കുകയും അതിന് വഴിയൊരുക്കുകയും ചെയ്യുക എന്ന കൂട്ടായ പ്രതിബദ്ധതയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നതായിരുന്നു ട്വിറ്റര്‍ മുന്നോട്ട് വെച്ച വാഗ്ദാനം.
ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ നീങ്ങുന്നതിനിടയിലാണ് പാര്‍ലമെന്ററി കാര്യ ബോര്‍ഡിന് മുന്‍പാകെ ട്വിറ്റര്‍ ഉദ്യോഗസ്ഥര്‍ എത്തിയത്. ഇതിനിടെ ട്വിറ്ററിന്റെ ഇന്ത്യയിലെ എംഡിയോട് ഒരാഴ്ചക്കകം യുപി പൊലീസിന് മുന്‍പാകെ ഹാജരാകാന്‍ യുപി പൊലീസ് നോട്ടീസയച്ചിട്ടുണ്ട്. ഗാസിയാബാദിലെ മുസ്ലിം വൃദ്ധനെ മര്‍ദ്ദിച്ച സംഭവത്തെ വര്‍ഗ്ഗീയത കലര്‍ത്തി വ്യാജവാര്‍ത്തയാക്കി കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദ്, നടി സ്വര ഭാസ്കര്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ട്വീറ്റ് ചെയ്ത സംഭവത്തില്‍ ട്വിറ്ററിന്റെ പ്രതികരണമറിയാനാണ് യുപി പൊലീസ് ട്വിറ്റര്‍ എംഡിയെ നേരിട്ട് ഹാജരാകാന്‍ വിളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: