ലണ്ടന്‍: സോഫയ്ക്കുള്ളിലും വലിയ ഇരിപ്പിടങ്ങള്‍ക്കുള്ളിലുമായി അനധികൃത കുടിയേറ്റക്കാരെ രാജ്യത്തിനുള്ളിലേക്ക് കടത്തുന്നതിനിടെ ബ്രിട്ടനില്‍ അഭയാര്‍ഥിയായി ജീവിയ്ക്കുന്ന ഇറാനിയന്‍ പൗരന് അറസ്റ്റിലായി. പിടിയിലായ അര്മാന് യൂസഫ് റെഹ്മാനി എന്ന 21 കാരന് സ്വയം ഇതുപോലെ ലോറിയ്ക്കുള്ളില്‍ ഒളിച്ച് കടന്ന വ്യക്തിയാണ്. അനധികൃത കുടിയേറ്റക്കാര്‍ക്കു നേരെ അയവുള്ള നിലപാട് സ്വീകരിയ്ക്കുന്ന ബ്രിട്ടന് പിന്നീട് ഇയാള്‍ക്ക് അഭയാര്‍ഥി പദവി നല്കി സ്വീകരിയ്ക്കുകയായിരുന്നു.
എന്നാല്‍ അഭയം കൊടുത്ത രാജ്യം കാണിച്ച ഈ സന്മനസ്സിന്, വേറെ ആറുപേരെ കടത്തിക്കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടാണ് റെഹ്മാനി പ്രത്യുപകാരം ചെയ്തത്. വാന്‍ സ്വന്തമായുള്ള ആറ് ഡ്രൈവര്‍മാരെ വാടകയ്ക്ക് എടുത്ത് ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നിന്ന് ഉപയോഗിച്ച പഴയ വീട്ടുപകരണങ്ങള്‍ വാങ്ങി അവയ്ക്കുള്ളില്‍ അനധികൃത കുടിയേറ്റക്കാരെ ഒളിപ്പിച്ച് കടത്താന്‍ ശ്രമിയ്ക്കുകയായിരുന്നു ഇയാള്‍.
‘ബ്രിട്ടനില്‍ എത്തിച്ചേര്‍ന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ റെഹ്മാനി ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതിനുള്ള ഒരു സംഘത്തിന് രൂപം കൊടുത്തിരുന്നു’ ആഭ്യന്തര വകുപ്പ് വക്താവ് പറഞ്ഞു.
ഈ കുറ്റത്തിന് വെറും രണ്ടു വര്‍ഷവും ഏഴ് മാസവും തടവിനാണ് റെഹ്മാനി ശിക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. എന്നാല്‍ ശിക്ഷാ കാലാവധിയ്ക്ക് മുമ്പ് തന്നെ ഇയാള്‍ ജയില്‍ മുക്തനാകും. ബ്രിട്ടനില്‍ ജീവപര്യന്തം തടവുകാര്‍ ഒഴികെയുള്ള എല്ലാ കുറ്റവാളികളെയും പകുതിയോ, മൂന്നില്‍ രണ്ടോ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതോടെ വിട്ടയയ്ക്കുകയാണ് സാധാരണ പതിവ്.
ഇത് അനധികൃത കുടിയേറ്റക്കാരുടെ കാര്യത്തില്‍ മറ്റ് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ എടുക്കുന്ന കര്‍ക്കശ നിലപാടിന് വിരുദ്ധമാണ്. ഉദാഹരണത്തിന് ഈയിടെ ബോട്ടില്‍ അനധികൃത കുടിയേറ്റക്കാരെ കടത്തിയ ഒരാളിന് ഗ്രീസ് 52 വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്.
‘തനിക്ക് സുരക്ഷിതമായി ജീവിയ്ക്കാന്‍ ഇടവും അഭയവും, കൊടുത്ത രാജ്യത്തിന്റെ നിയമത്തോട് അങ്ങേയറ്റത്തെ നിന്ദയാണ് റെഹ്മാനി കാണിച്ചത്’ ആഭ്യന്തര വകുപ്പിലെ ജൂനിയര്‍ മിനിസ്റ്ററും അഭയാര്‍ഥികളുടെ കാര്യങ്ങളില്‍ ചുമതലപ്പെട്ട അണ്ടര്‍ സെക്രട്ടറിയുമായ ക്രിസ് ഫിലിപ് പറഞ്ഞു.
‘അഭയാര്‍ഥി വകുപ്പിന്റെ ദൗര്‍ബല്യങ്ങള്‍ മുതലെടുത്ത്, മനുഷ്യജീവിതങ്ങളെ പണയപ്പെടുത്തി ലാഭമുണ്ടാക്കാന്‍ കുറ്റവാളികള്‍ ഏതറ്റം വരെ പോകും എന്നാണ് ഈ സംഭവം തെളിയിക്കുന്നത്’. ഫിലിപ് തുടര്‍ന്നു.
‘പുതിയ കുടിയേറ്റ നിയമങ്ങളിലൂടെ ഇത്തരം കുറ്റകൃത്യങ്ങളെ തടയിടാന്‍ നമ്മള് ശ്രമിയ്ക്കുന്നുണ്ട്. മനുഷ്യക്കടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ ശിക്ഷ കൊടുക്കാനും അതില്‍ വ്യവസ്ഥ ചെയ്യുന്നു. അതിലൂടെ മനുഷ്യ ജീവനുകള്‍ വച്ച് പന്താടുന്ന ഇത്തരം ബിസിനസ്സുകള്‍ക്ക് തടയിടാം എന്നാണ് പ്രതീക്ഷ’
ഈ ശിക്ഷ കഴിയുന്നതോടെ യഥാര്‍ത്ഥത്തില്‍ ഫോറിന് നാഷണല്‍ ഒഫന്റര്‍ (കുറ്റവാളിയായ വിദേശി) എന്ന നിലയ്ക്ക് റഹ്മാനിയെ നാടു കടത്തുകയാണ് വേണ്ടത്. എന്നാല്‍ ഇന്നത്തെ നിലയ്ക്ക് അത് നടക്കുന്നില്ല. ബ്രിട്ടണിലെ ബഹുഭൂരിപക്ഷം ആളുകളും അഭയാര്‍ഥി പദവി ദുരുപയോഗിച്ചു കൊണ്ട് നടന്നു വരുന്ന അനധികൃത കുടിയേറ്റത്തെ നിരോധിക്കണം എന്ന അഭിപ്രായക്കാരാണെന്ന് ഇതിനെ സംബന്ധിച്ചുള്ള വിവിധ സര്‍വ്വേകള്‍ ചൂണ്ടിക്കാണിയ്ക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനത്തെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇറാക്കും, സിറിയയും ഉള്‍പ്പെടെയുള്ള മദ്ധ്യ പൂര്‍വ്വ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് അഭയാര്‍ഥികളാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയത്.
പല രാജ്യങ്ങളിലും ഗുരുതരമായ സാമൂഹ്യ – സാമ്പത്തിക – ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇത് തിരികൊളുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: