മൂന്നാര്‍: ദേവികുളം ഗ്യാപ്പ് റോഡില്‍ അനധികൃതമായി വലിയ തോതില്‍ പാറപ്പൊട്ടിച്ചതായുള്ള കണ്ടെത്തലിനെ തുടര്‍ന്ന് റവന്യൂ- പൊതുമരാത്ത്- ജിയോളജി വിഭാഗത്തിന്റെ സംയുക്ത പരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ റോഡിന്റെ സ്‌കെച്ച് തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നു.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2018 മുതല്‍ നിരന്തരം മലയിടിച്ചിലും വന്‍തോതില്‍ ഉരുള്‍പൊട്ടലുകളും ഉണ്ടായിരുന്നു. അനിയന്ത്രിതമായ പാറഖനനമാണ് ഇതിന് കാരണമെന്ന് കാട്ടി കോഴിക്കോട് എന്‍ഐടി സംഘം 2020 സെപ്തംബറില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അടുത്തിടെ ഇവിടെ നിന്ന് പാറപ്പൊട്ടിച്ച് കടത്താന്‍ ശ്രമിച്ചത് ചെമ്മണ്ണാറില്‍ നിന്ന് റവന്യൂ സംഘം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടത്. ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍വേ നടത്തി പൊട്ടിച്ച പാറയുടേയും ഉപയോഗിച്ചതിന്റെയും അളവ് കണ്ടെത്താന്‍ തീരുമാനം എടുത്തത്. ദേവികുളം സബ്കളക്ടര്‍ക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല.
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കിലെ സര്‍വേ സംഘങ്ങള്‍, പൊതുമരാമത്ത് അധികൃതര്‍ എന്നിവരാണ് ആദ്യഘടത്തില്‍ പരിശോധന നടത്തുന്നത്. സ്ഥലത്ത് പരിശോധനക്കെത്തിയെങ്കിലും മഴ മൂലം ജോലി തടസപ്പെടുന്നതായി ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍ പറഞ്ഞു. റോഡിന് അനുവദിച്ചിരിക്കുന്ന സ്ഥലം സംബന്ധിച്ച് സ്‌കെച്ച് തയ്യാറാക്കി ഇവിടെ നിന്ന് എത്രദൂരം ഉള്ളിലേക്ക് പാറപൊട്ടിച്ചുവെന്നതാണ് നോക്കുന്നത്. സ്‌കെച്ച് തയ്യാറാക്കിയ ശേഷമാകും ജിയോളജി വിഭാഗം പരിശോധന നടത്തുക.
സെക്ച്ചും ഉപയോഗിച്ച് റോഡിന്റെ അളവ് രേഖപ്പെടുത്തിയ ശേഷമാകും സ്ഥലത്ത് നിന്ന് ആകെ പൊട്ടിച്ച പാറയുടെ അളവും ഇവിടെ നിര്‍മാണത്തിനായി എത്ര ഉപയോഗിച്ചുവെന്നതും കണ്ടെത്തുകയെന്ന് ജില്ലാ മൈനിങ് ആന്റ് ജിയോളജി വിഭാഗത്തിലെ ജിയോളജിസ്റ്റ് സുനില്‍കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലം കൈയേറി പാറ പൊട്ടിച്ചതടക്കം പരിശോധിച്ച് പരമാവധി വേഗത്തില്‍ ജില്ലാകളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുമെന്ന് ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ വ്യക്തമാക്കി. ഇത് പിന്നീട് സര്‍ക്കാരിലേക്ക് കൈമാറും. ഇവിടെ നിന്നാകും തുടര്‍ നടപടികള്‍ എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 300 കോടിയോളം രൂപയ്‌ക്കാണ് റോഡ് നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. ബ്രിട്ടീഷ് ഭരണ കാലത്ത് 1940കളില്‍ പണി പൂര്‍ത്തിയായ പ്രകൃതിമനോഹാരിത നിറഞ്ഞ് തുളുമ്പിയിരുന്ന ഗ്യാപ്പ് റോഡാണ് അശാസ്ത്രീയമായ നിര്‍മാണത്തെ തുടര്‍ന്ന് ഇല്ലാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: