മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാരിലെ വിള്ളല്‍ പൊട്ടിത്തെറിയിലേയ്ക്ക്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പടോലെയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേനയുടെ മുഖപത്രം സാമ്ന.
കോണ്‍ഗ്രസ് പോയാല്‍ എന്‍സിപിയും ശിവസേനയും ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കി. സാമ്ന എഡിറ്റോറിയലിലാണ് നാനപടോലയെ വിമര്‍ശിച്ചിരിക്കുന്നത്. സംസ്ഥാനം കൊവിഡ് മാഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ ചില ആള്ക്കാര് അമിത വിശ്വാസത്തോടെ രാഷ്ട്രീയം, തെരഞ്ഞെടുപ്പ് എന്നിവയെ കുറിച്ചാണ് ചിന്തിക്കുന്നത്. മഹാരാഷ്ട്ര സിംഹാസനത്തില്‍ ഇരിക്കുന്നതുവരെ താന്‍ വിശ്രമിക്കില്ലെന്ന് നാന പടോലയുടെ പ്രസ്താവനയില്‍ നിന്ന് ഇത് വ്യക്തമാണ്. പാര്‍ലമെന്റ് ജനാധിപത്യം കണക്കുകളുടെ കളിയാണ്. ആരോണോ കളിയില്‍ വിജയിക്കുന്നത് അവര്‍ സിംഹാസനത്തില്‍ ഇരിക്കും. 2024-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ലെന്നും സാമ്ന പറയുന്നു.
നാനാ പടോലയുടെ പ്രസ്താവനക്കെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി എന്‍സിപിയിലെ അജിത്പവാറിന്റെ വാക്കുകളും എഡിറ്റോറിയല്‍ ഉദ്ധരിച്ചിട്ടുണ്ട്. ആര്‍ക്കാണോ 145 എംഎല്‍എമാരെ ലഭിക്കുന്നത് അവര്‍ സര്‍ക്കാര്‍ രൂപീകരിക്കും, മുഖ്യമന്ത്രിയെ നിശ്ചയിക്കും, എന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം. കോണ്‍ഗ്രസ് സഖ്യം വിട്ടു പോയാല്‍ പ്രശ്നമില്ലെന്ന രീതിയിലായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബ്രിഹാന്‍ മുംബൈ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഒറ്റയ്ക്കു മത്സരിക്കുമെന്നായിരുന്നു നാനാ പടോലെയുടെ പ്രഖ്യാപനം. തന്നെ മുഖ്യമന്ത്രിയായി കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും പടോല പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: