ന്യൂദല്‍ഹി : കോടികളുടെ വായ്പ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ ഡൊമിനിക്ക കോടതി റിമാന്‍ഡ് ചെയ്തു.പോലീസ് കസ്റ്റഡിയില്‍ നിന്നും ചോക്സിയെ ജയിലിലേക്ക് മാറ്റാനും ഉത്തരവിറക്കി. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചോക്സി അപേക്ഷ സമര്‍പ്പിച്ചെങ്കിലും രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡൊമിനിക്ക കോടതി അത് തള്ളി.
എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ തത്കാലത്തേയ്ക്ക് ആശുപത്രിയില്‍ തന്നെ തുടരുമെന്ന് ചോക്സിയുടെ അഭിഭാഷകന് വിജയ് അഗര്‍വാള്‍ അറിയിച്ചു. ചോക്സി രക്ത സമ്മര്‍ദ്ദത്തിന് ചികിത്സയിലാണെന്നും അദ്ദേഹത്തിന് കടുത്ത മാനസിക സമ്മര്‍ദ്ദവും ഉണ്ട്. അതിനാലാണ് ആശുപത്രിയില്‍ തുടരുന്നതെന്നും അഭിഭാഷകന് പറഞ്ഞു.
അതേസമയം ഇയാളെ ഇന്ത്യയില്‍ എത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കര്‍ശ്ശനമാക്കി കഴിഞ്ഞു. ഇതിന്റെ ഭാഗമായി സിബിഐ ചോക്സിക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചിട്ടുണ്ട്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചോക്സിക്കെതിരെ ചുമത്തിയിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി രൂപ തട്ടിയെന്നാണ് ചോക്സിക്കെതിരായ കേസ്. ഇതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ഒളിച്ചു കടന്ന ചോക്സി 2018 മുതല്‍ ആന്റിഗ്വന്‍ പൗരനാണ്. ചോക്സിയെ ഇന്ത്യയിലേക്ക് അയയ്ക്കാനുള്ള നടപടികള്‍ ശക്തമായതോടെ ചോക്സി ആന്റിഗ്വയില്‍ നിന്നും ക്യൂബയിലേക്ക് നാടുവിടാന്‍ ശ്രമിച്ചു. ഈ യാത്രയ്ക്കിടെ ഡൊമിനിക്കയില്‍ നിന്നാണ് ചോക്സി പിടിയിലാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: