കൊല്ലം: ജനുവരിയില്‍ കൊല്ലം-പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖലയില്‍ തീവ്രവാദ പരിശീലനം നടന്നതിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. തട്ടാക്കുടി, പാടം പ്രദേശങ്ങളില്‍ ആയുധ പരിശീലനം ഉള്‍പ്പെടെയുള്ള ക്യാമ്പ് നടന്നതായാണ് കരുതുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യയോഗങ്ങള്‍ നടന്നതിന് പിന്നാലെയാണ് സ്ഫോടകശേഖരവും ആയുധ പരിശീലനവും.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നുള്ളവരും ക്യാമ്പില്‍ പങ്കെടുത്തു. കേരളത്തിലെ സുരക്ഷിതമായ അന്തരീക്ഷം മറയാക്കി ആക്രമണങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് പദ്ധതിയിട്ടത്. കോന്നിയില്‍ തെരഞ്ഞെടുപ്പ് സമയത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന സംശയവുമുണ്ട്.
സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് പുറമേ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തമിഴ്നാട് ക്യു ബ്രാഞ്ചും സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്. നരേന്ദ്രമോദി പ്രസംഗിച്ച സ്ഥലവും സ്‌േഫാടകവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലവും തമ്മില്‍ ഇരുപത് കിലോമീറ്റര്‍ ദൂരമേയുള്ളു. കണ്ടെടുത്തവയ്‌ക്ക് കാലപ്പഴക്കമില്ല. തട്ടാക്കുടി പാടം വനമേഖലയില്‍ ജനുവരി 21ന് ആയുധപരിശീലനം നടന്നതായാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.
കോന്നി കല്ലേലി വയക്കരയില്‍ നിന്ന് സ്ഫോടകവസ്തുക്കളുടെ വന്‍ശേഖരം കണ്ടെത്തിയിരുന്നു. വയക്കരപാലത്തിന് സമീപം തേക്കുതോട്ടത്തില്‍ പലയിടത്തായി ഉപേക്ഷിച്ചനിലയില്‍ 96 ജലാറ്റിന്‍ സ്റ്റിക്കുകളാണ് പിടിച്ചത്. അച്ചന്‍കോവില്‍ വനമേഖലയിലെ നടുവത്തുംമൂഴി റേഞ്ചില്‍പ്പെട്ട സ്ഥലമാണിത്.
ഈയിടെ കൊല്ലത്തെ ഇന്റലിജന്‍സ് ഡിവൈഎസ്പിക്കെതിരെ തമിഴ്നാട് ക്യുബ്രാഞ്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തമിഴ്നാട് പോലീസ് അന്വേഷിക്കുന്ന തീവ്രവാദ സ്വഭാവമുള്ള ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ചിലരുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടായിരുന്നു അന്ന് നല്‍കിയിരുന്നത്. തുടര്‍ന്ന് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി കോട്ടയത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: