ബ്രസ്സല്‍സ്: ചൈനയുടെ സൈനികോദ്ദേശ്യങ്ങള് അവ്യക്തമാണെന്നും അവരുടെ സായുധസേനയുടെ അതിവേഗത്തിലുള്ള വിപുലീകരണം ആശങ്കയുളവാക്കുന്നതുമെന്ന് ജപ്പാന്. യുഎസും യൂറോപ്പും ഏഷ്യന്‍ രാഷ്ട്രങ്ങളും ഒന്നുചേര്‍ന്ന് ചൈനയ്ക്കെതിരെ നിലകൊള്ളണമെന്നാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്നും ജപ്പാന് പറഞ്ഞു.
‘ചൈന അവരുടെ സൈനിക ശക്തി അതിവേഗം ബലപ്പെടുത്തുകയാണ്. ചൈനയുടെ ഉദ്ദേശ്യങ്ങളെന്തെന്ന് നമുക്കറിയില്ല,’ ജപ്പാന് പ്രതിരോധ മന്ത്രി നൊബുവോ കിഷി വ്യക്തമാക്കി. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സുരക്ഷാ പ്രതിരോധ ഉപസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയുടെ ഉയര്‍ച്ച ‘ഘടനാപരമായ വെല്ലുവിളികള്‍’ ഉയര്‍ത്തുന്നുവെന്ന് നേറ്റോ (യൂറോപ്പ്, വടക്കന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മ) നേതാക്കള്‍ തിങ്കളാഴ്ച വിലയിരുത്തിയിരുന്നു. ചൈനയുടെ ഉയര്‍ന്നുവരുന്ന ശക്തിയെ ഒതുക്കാനുള്ള അമേരിക്കന്‍ തന്ത്രങ്ങള്‍ക്ക് പിന്തുണ തേടിയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന് കഴിഞ്ഞ എട്ട് ദിവസമായി യൂറോപ്പില്‍ പര്യടനം നടത്തിയത്. ഇതിന്റെ ഭാഗമായി തന്നെയാണ് ജി7 യോഗത്തില്‍ പങ്കെടുത്തതും.
യൂറോപ്യന്‍ യൂണിയനിലേക്കുള്ള ചൈനയുടെ ദൗത്യസംഘം നേറ്റോയുടെ പ്രസ്താവനെ അപലപിച്ചിരുന്നു. മാത്രമല്ല, ഇതിനെതിരെ ചൈന ഒരു പ്രതിരോധനയം തന്നെ രൂപീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനയുടെ ബാലിസ്റ്റിക് മിസ്സൈലുകള്‍, പ്രതിരോധ ബജറ്റ് ജപ്പാനേതിനേക്കാള് നാലിരട്ടി വര്‍ധിപ്പിക്കാനുള്ള ചൈനയുടെ തീരുമാനം, ദക്ഷിണ ചൈന സമുദ്രത്തിലെ ദ്വീപുകളെ ആയുധവല്‍ക്കരിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍- സമാധാനം സ്ഥാപിക്കാന്‍ ചൈനയുടെ ഈ നീക്കങ്ങളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷണവിധേയമാക്കണമെന്നും ജപ്പാന് പ്രതിരോധ മന്ത്രി കിഷി പറഞ്ഞു.
ചൈനയുടെ വ്യോമശക്തിയും അതിവേഗം വികസിപ്പിക്കുകയാണ്. ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ ശക്തിയായി ചൈന മാറിയിരിക്കുന്നു. അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി ചൈനയ്ക്കെതിരെ നിലപാടെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: