ന്യൂദല്‍ഹി: ഗാസ മുനമ്പില്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേലി പ്രതിരോധ സേനയുടെ ഭാഗമായി ഗുജറാത്തില്‍ നിന്നുള്ള പെണ്‍കുട്ടി നിത്ശയും. ഇപ്പോള്‍ ടെല്‍ അവീവില്‍ സ്ഥിരതാമസമാക്കിയ നിത്ശ രാജ്‌കോട്ടിലെ കൊതാഡിയിലാണ് ജനിച്ചത്. മുഴുവന്‍ പേര് നിത്ശ മുലിയാശ.
കഴിഞ്ഞ ദിവസം ഹമാസ് തീപിടിത്തമുണ്ടാക്കുന്ന ബലൂണുകള്‍ ഉപയോഗിച്ച് ഇസ്രയേലില്‍ ആക്രമണം നടത്തിയപ്പോള്‍ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേന നടത്തിയ ആക്രമണത്തില്‍ 20 കാരിയായ നിത്ശ മുലിയാശ എന്ന ഗുജറാത്തി പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇസ്രയേലി സേനയില്‍ അംഗമാകുന്ന ആദ്യ ഗുജറാത്തി പെണ്‍കുട്ടിയാണ് നിത്ശ..
ഇസ്രയേലിലെ മികച്ച വിദ്യാഭ്യാസസംവിധാനമാണ് മകളുടെ വിജയത്തിന് പിന്നിലെന്ന് അച്ഛന്‍ സീവാഭായ് മുലിയാശ പറയുന്നു. ‘സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അവിടെ കുട്ടികളുടെ പല തരത്തിലുമുള്ള നൈപുണ്യവും വാസനകളും നിരന്തരം പരീക്ഷിച്ചുകൊണ്ടേയിരിക്കും. അത് പിന്നീട് അനുയോജ്യമായ തൊഴിലും ഉപരിപഠന കോഴ്‌സുകളും തെരഞ്ഞെടുക്കാന്‍ കുട്ടികള്‍ക്ക് വഴികാട്ടും,’ സീവാഭായ് പറയുന്നു.
യുദ്ധഭൂമിയില്‍ ആധുനിക ആയുധങ്ങളുടെയും ബഹുമുഖ യുദ്ധതന്ത്രങ്ങളുടെയും മേഖലയിലാണ് നിത്ശയ്‌ക്ക് പരിശീലനം ലഭിച്ചത്. ‘2.4 വര്‍ഷത്തെ പരിശീലനം കഴിഞ്ഞാല്‍ സേനയില്‍ അഞ്ചോ പത്തോ വര്‍ഷത്തേക്ക് കരാറില്‍ ഒപ്പിടണം. ആ കാലഘട്ടത്തില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മെഡിസിനോ എഞ്ചിനീയറിങോ പഠിക്കാം. ഇസ്രയേല്‍ സേന തന്റെ മുഴുവന്‍ ചെലവുകളും വഹിക്കും,’ സീവാഭായ് മുലിയാശ വിശദീകരിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിള്‍ ലെബനോന്‍, സിറിയ, ജോര്‍ദാന്‍, ഈജിപ്ത് എന്നീ സംഘര്‍ഷം നിറഞ്ഞ അതിര്‍ത്തിപ്രദേശങ്ങളില്‍ നിത്ഷയെ നിയോഗിച്ചിരുന്നു. ഇപ്പോള്‍ ഹമാസിനെതിരെ പ്രത്യാക്രമണം നടത്താന്‍ ഗുഷ് ദാന്‍ എന്ന സ്ഥലത്താണ് നിത്ശ ജോലി ചെയ്യുന്നത്. മകളെ കുറിച്ച് അഭിമാനം കൊള്ളുമ്പോള്‍ തന്നെ, യുദ്ധഭൂമിയില്‍ നില്‍ക്കുന്ന മകളെ ഒരുപാട് നഷ്ടപ്പെടുന്നതായും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: