തിരുവനന്തപുരം: കൊവിഡ് വാക്സിന് വിതരണസംവിധാനത്തില്‍ ഗുരുതര പാകപ്പിഴകള്‍. ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താനാകാതെ ജനം നെട്ടോട്ടത്തില്‍. തത്സമയ രജിസ്ട്രേഷന് (സ്പോട്ട് രജിസ്ട്രേഷന്) നടത്തി ‘വാക്ക്-ഇന്‍’ സംവിധാനത്തിലൂടെ വാക്സിന് സ്വീകരിക്കാം എന്നാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, തുടക്കത്തിലെ തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വാക്ക്-ഇന്‍ കേരളത്തില്‍ നിര്‍ത്തിലാക്കി. രാജ്യത്താകമാനം വാക്സിനേഷന്റെ 58 ശതമാനം സ്പോട്ട് രജിസ്ട്രേഷനിലൂടെയാണ് നടന്നത്. വാക്സിന്റെ 90 ശതമാനവും സ്പോട്ട് രജിസ്ട്രേഷന് വഴിയാണ് നല്കിയതും.
കേരളത്തില്‍ കൃത്യമായി വാക്സിന് സ്റ്റോക്ക് വിവരം നല്‍കാതെ വന്നതോടെ ഓണ്‍ലൈന്‍ സ്ലോട്ട് വിതരണവും പാളി. ഓരോ വാക്സിന് സെന്ററിലും എത്ര ഡോസ് വീതം നല്കുന്നു, എത്ര സ്റ്റോക്ക് ഉണ്ട് എന്നിവ ഇതുവരെയും ഏകീകൃത സമയത്ത് നല്കാന് ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. വാക്സിന് സ്ലോട്ടുകള്‍ ഓരോ ജില്ലയും തോന്നുന്ന സമയത്താണ് നല്‍കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല്‍ രാത്രി പന്ത്രണ്ട് മണിക്കും വെളുപ്പിന് മൂന്നു മണിക്കും വരെ സ്ലോട്ടുകള്‍ നല്കുന്ന ജില്ലകള്‍ ഉണ്ട്. ഇതോടെ വാക്സിന് സ്ലോട്ട് ഇടുന്ന സമയം നോക്കി ജനങ്ങള്‍ കാത്തിരിക്കണം.
ഓരോ ജില്ലയിലുമുള്ള വാക്സിന്റെ സ്റ്റോക്ക് പോലും 24 മണിക്കൂര്‍ കഴിഞ്ഞാണ് ലഭ്യമാകുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചതില്‍ 4.32 ലക്ഷം ഡോസും, സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ശേഖരിച്ചതില്‍ 2.08 ലക്ഷവും ഉള്‍പ്പെടെ 6.4 ലക്ഷം ഡോസ് സ്റ്റോക്കുണ്ടെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. എന്നാല്‍, തിരുവനന്തപുരത്ത് വാക്സിന് ഇല്ലാത്തതിനാല്‍ നാലു സെന്ററുകളില്‍ മാത്രമാണ് ഇന്ന് വാക്സിനേഷനുള്ളത്. പല ജില്ലകളിലെയും സ്ഥിതി ഇതാണ്.
ഓരോ വാക്സിന് സെന്ററിനും അവിടുത്തെ സ്റ്റോക്ക് മാത്രമാണ് അറിയാനാവുക. ഇതോടെ ഒരു സെന്ററില്‍ ഇത്ര വാക്സിന് എന്ന് എഴുതി വച്ച് ആരോഗ്യ വകുപ്പ് ചുമതല അവസാനിപ്പിക്കും. ഓരോ സെന്ററിലെയും വാക്സിന് സ്റ്റോക്കുകള്‍ കൃത്യമായി രേഖപ്പെടുത്താനായാല്‍ കൂടുതല്‍ ആളുകള്‍ എത്തിയാലും മറ്റിടങ്ങളിലേക്ക് അയയ്ക്കാനോ വാക്സിനുകള്‍ മറ്റ് സെന്ററുകളില്‍ നിന്ന് എത്തിക്കാനോ സാധിക്കും. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം സ്പോട്ട് രജിസ്ട്രേഷന് ഒന്നടങ്കം നിര്‍ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: