തിരുവനന്തപുരം: മരം മുറിച്ച് കടത്തിയതിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ അന്വേഷണം വെറും പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. അഴിമതിക്കാര്‍ ഇപ്പോഴും കര്ട്ടന് പിറകിലാണെന്നും ബിജെപി നടത്തിയ സംസ്ഥാന വ്യാപക സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പോലും പറയുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തെത്തിയത് എന്നാണ്. മരം മുറിക്കാനുള്ള അനുമതി നല്‍കിയത് രാഷ്ട്രീയ തീരുമാനമാണെന്ന് കാനം രാജേന്ദ്രന് സമ്മതിച്ചു കഴിഞ്ഞു.
ആസൂത്രിതമായ കൊള്ളയാണ് നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ പണം സമാഹരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മരം മുറിക്കാന്‍ അനുമതി നല്‍കിയത്. സിപിഎം- സിപിഐ നേതാക്കള്‍ക്ക് പങ്ക്. എത്ര കോടിയുടെ അഴിമതി നടന്നു ആര്‍ക്കാണ് പണം പോയത് ഞാനൊന്നും അറിയില്ലെന്ന പതിവ് പല്ലവി ആവര്‍ത്തിക്കാതെ മുഖ്യമന്ത്രി മറുപടി പറയണം. ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് പ്രതികളെന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. സിപിഐയുടെ രണ്ട് വകുപ്പുകള്‍ ഉപയോഗപ്പെടുത്തിയാണ് കൊള്ള നടന്നത്. മുറിച്ച മരങ്ങളെല്ലാം കടത്തിയത് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണെന്നും സുരേന്ദ്രന് പറഞ്ഞു. പച്ചക്കറി വാങ്ങാന്‍ പോവാന്‍ പോലും പാസ് വേണ്ടപ്പോഴാണ് വയനാട്ടില്‍ നിന്നും മരം മുറിച്ച് പെരുമ്പാവൂരില്‍ എത്തിക്കുന്നത്. മരം മുറിച്ച സ്ഥലങ്ങളില്‍ തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന നടന്നു. മരക്കുറ്റികള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത് ഞങ്ങള്‍ നേരിട്ട് കണ്ടു. സംരക്ഷിത വനത്തില്‍ നിന്നും എത്ര മരങ്ങള്‍ മുറിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വനം കണ്‍കറണ്ട് ലിസ്റ്റിലായിട്ടും എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ലെന്നതിന് സംസ്ഥാനം മറുപടി പറയണം.
ആയിരം കളളക്കേസെടുത്താലും പിണറായിയുടെ അഴിമതിക്കെതിരെ പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. ആജീവനാന്തം ജയിലില്‍ കിടക്കേണ്ടി വന്നാലും പിണറായിയുടെ അഴിമതി തുറന്ന് കാണിക്കും. വനംകൊള്ള മറയ്ക്കാനാണ് കൊടകര,മഞ്ചേശ്വരം കേസുകള്‍ എന്ന് വ്യക്തമാണ്. കൊടകരയില്‍ കവര്‍ച്ചക്കാരെ സംരക്ഷിക്കുകയാണ് പൊലീസ്. കവര്‍ച്ച പണം പൊലീസ് കോടതിയില്‍ ഹാജരാക്കുന്നില്ല. കേരളത്തില്‍ ജുഡീഷ്യറി മരിച്ചിട്ടില്ലെന്ന് പിണറായി മനസിലാക്കണം. കേസ് അട്ടിമറിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കേണ്ട ആവശ്യം ബിജെപിക്കില്ല. ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോവും. ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നേരിടുമെന്ന് കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയന്, സി.ശിവന്‍കുട്ടി, എസ്.സുരേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി രമ, ട്രഷറര്‍ ജെ.ആര് പദ്മകുമാര്‍, ഒബിസി മോര്‍ച്ചാ ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ്, മേഖലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍, ദേശീയ കൗണ്‍സില്‍ അംഗം അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മരം മുറി അഴിമതിക്കെതിരെ ബിജെപി സംസ്ഥാനത്തെ 15,000 കേന്ദ്രങ്ങളില്‍ ധര്‍ണ സമരം നടത്തി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിന്നു സമരം. കൊല്ലത്ത് കുമ്മനം രാജശേഖരന്, പത്തനംത്തിട്ട ജോര്‍ജ് കുര്യന്, ആലപ്പുഴ പി.സുധീര്‍, എറണാകുളം എഎന്‍ രാധാകൃഷ്ണന്, തൃശ്ശൂര്‍ സി.കൃഷ്ണകുമാര്‍, വയനാട് പികെ കൃഷ്ണദാസ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: