ഡോ. രാധാകൃഷ്ണന് ശിവന്
ക്ഷേത്രം എന്നത് തന്ത്ര ശാസ്ത്രത്തിന്റെയും വാസ്തു ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഉപാസനാ പദ്ധതിയാണ്. യോഗമാര്‍ഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രക്രിയ തന്നെയാണിത്. തന്ത്ര ശാസ്ത്ര പ്രകാരമുള്ള സാധനമാര്ഗങ്ങളും രഹസ്യങ്ങളും അറിയാത്ത അല്ലെങ്കില്‍ അപ്രകാരം അറിഞ്ഞനുഷ്ഠിക്കുന്നത് ദുഷ്കരമായ സാധാരണ ജനങ്ങള്‍ക്ക് പോലും ഈശ്വരീയ ശക്തിയെ സ്വജീവനത്തില്‍ ആവിഷ്കരിച്ചു ഐഹികാമുഷ്മിക കാര്യ സാധ്യത്തിനുപയുക്തമാക്കുന്ന പദ്ധതിയാണ് ക്ഷേത്രനിര്‍മാണം എന്നത് കൊണ്ട് സാധ്യമാക്കുന്നത്.
മനുഷ്യദേഹമെന്ന ബ്രഹ്മാണ്ഡ പ്രതീകത്തെയും സ്ഥൂല സൂക്ഷ്മ ശരീരങ്ങളെയും നിര്‍മാണത്തില്‍ ആവിഷ്കരിക്കുന്നതിലൂടെ ഇവ തമ്മിലുള്ള താദാത്മ്യം സംഭവിക്കുന്നു. ക്ഷേത്ര ചൈതന്യം ഉയര്‍ത്തുക വഴി സാമാന്യനായ ദേവസാധകന്റെ ചൈതന്യത്തെ കൂടിയാണ് ഉണര്‍ത്തുന്നത്.
അപ്രകാരമുള്ള ദേവ ചൈതന്യ പ്രാപ്തിക്കായി കരണീയമായിട്ടുള്ള ഒന്നാണ് പ്രദക്ഷിണം. സര്‍വ്വ ഭയങ്ങളെയും നശിപ്പിക്കുന്നത് എന്നര്‍ത്ഥം വരുന്ന ‘പ്ര ‘, മോക്ഷ ദായകമെന്ന ‘ദ’, രോഗനാശകം എന്നര്‍ത്ഥം വരുന്ന ‘ക്ഷി’, ഐശ്വര്യപ്രദമായ ‘ണ’ അക്ഷരങ്ങള്‍ ചേര്‍ത്താണ് പ്രദക്ഷിണം എന്ന പദം. ദേവനെ അഥവാ ശ്രീകോവിലിനെ കേന്ദ്ര ബിന്ദുവായി വലം വെക്കുക എന്ന രീതിയാണിത്.
ദേവനെ വലം വെക്കുക എന്നുള്ളത് ശ്രീകോവിലിനെ മാത്രമല്ല മറിച്ചു ഇന്ദ്രാദി ദിക്പാലകന്മാര്‍ അടക്കമുള്ള സകല ദേവന്മാരെയും ചേര്ത്താകുന്നു. ക്ഷേത്ര ചൈതന്യം പൂര്‍ണമായും സ്വാംശീകരിക്കുന്നതിനു ഗര്‍ഭഗൃഹത്തെയല്ല, ചുറ്റമ്പലത്തിനെ അഥവാ പുറത്തെ ബലിവട്ടത്തെയാണ് വലം വെക്കേണ്ടത്.
നാല് അംഗങ്ങളോട് കൂടിയതാണ് പ്രദക്ഷിണമെന്ന് അംശുകാഗമം പറഞ്ഞിരിക്കുന്നു. അധികം വേഗമില്ലാത്ത കാല് വെപ്പുകളോടെ, കൂപ്പിയ കൈകളുമായി, മനസ്സില്‍ ദേവനെയും, ചുണ്ടില്‍ സ്തോത്രങ്ങളെയും ധരിച്ചു കൊണ്ട് ചെയ്യേണ്ടതാകുന്നു പ്രദക്ഷിണം. കൈകള്‍ വീശിക്കൊണ്ടോ, സംസാരിച്ചു കൊണ്ടോ, വേഗത്തിലോ മനസ്സില്‍ മറ്റു കാര്യങ്ങള്‍ ചിന്തിച്ചു കൊണ്ടോ ഉള്ള പ്രദക്ഷിണം അതിന്റെ ഉദ്ദേശ്യത്തെ പൂര്‍ത്തിയാക്കുന്നില്ല എന്ന് സാരം. പ്രദക്ഷിണത്തിന്റെ വേഗത്തെ പറ്റി ഇപ്രകാരമാണ് ആഗമ നിര്‍ദ്ദേശം.
‘ആസന്ന പ്രസവാ നാരീ
തൈലപൂര്‍ണം യഥാ ഘടം
വഹന്തി ശനകൈര്യാതി
തഥാ കുര്യാല്‍ പ്രദക്ഷിണം’
പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കൂടി വെച്ചാല്‍ എങ്ങനെ ചലിക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം.
പ്രദക്ഷിണങ്ങളുടെ എണ്ണത്തെ കുറിച്ച് സ്വയംഭൂവാഗമ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. അതിന് പ്രകാരം പ്രദക്ഷിണം ഇരുപത്തൊന്നു തവണ ചെയ്യുന്നത് ശ്രേഷ്ഠമാകുന്നു. ദേവാനുസാരിയായും പ്രദക്ഷിണം ക്രമീകരിക്കാം. അപ്രകാരം ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നും, ശിവ ക്ഷേത്രത്തില്‍ മൂന്നും ദേവിക്കും വിഷ്ണുവിനും നാലും ആലിനു ഏഴും പ്രദക്ഷിണങ്ങള്‍ ഉത്തമമാകുന്നു.
ഇതില്‍ അല്പം വ്യത്യസ്തമാണ് ശിവ ക്ഷേത്രങ്ങളുടെ അന്തര്മണ്ഡല പ്രദക്ഷിണം. ‘സോമസൂത്രം ന ലംഘയേത്’ എന്ന നിയമ പ്രകാരം ശിവ ക്ഷേത്രങ്ങളില്‍ അകത്തെ ബലിവട്ടത്തിലെ വടക്കു ഭാഗത്തുള്ള സോമന്റെ ബലികല്ലിനെ മറികടക്കാതെ ഓവിന്റെ അടുത്തുവരെ ചെന്നിട്ട് താഴികകുടം നോക്കി വന്ദിച്ചു അപ്രദക്ഷിണമായി ബലികല്ലുകളെ വലത്ത് വെച്ചു തന്നെ തിരിച്ചു ദേവന്റെ തിരുമുന്നിലെത്തുന്ന സവ്യാപസവ്യമാര്ഗ്ഗമാണ് ശിവ ക്ഷേത്രത്തിലെ രീതി.
ക്ഷേത്രപ്രദക്ഷിണത്തില്‍ ബലി പീഠങ്ങളെയും ചേര്‍ത്താണ് പ്രദക്ഷിണം ചെയ്യേണ്ടത്. ദേവതാ ബിംബം, ഉപദേവന്മാര്, ക്ഷേത്രപാലകന്മാര്, താഴികകുടം, വലിയ ബലികല്ല്, ബലിപീഠങ്ങള്‍, കൊടിമരം, വാഹനം തുടങ്ങിയ നിര്‍മാണങ്ങളുടെയും ദര്‍ശനം കൂടിയാണ് പ്രദക്ഷിണം സാധ്യമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: