തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷനെയും നേതാക്കളെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് ബിജെപി കോര്‍കമ്മിറ്റി അംഗങ്ങള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സത്യാഗ്രഹ സമരം നടത്തി. കൊടകര കേസില്‍ ബിജെപിയെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച് നാണംകെട്ട പൊലീസ് മഞ്ചേശ്വരം കേസില്‍ കെ.സുരേന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത മുന്‍സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. സത്യവാങ്മൂലം നല്കി പത്രിക പിന്‍വിലിച്ച സുന്ദരയെ കൊണ്ട് രണ്ടുമാസത്തിന് ശേഷം കേസ് കൊടുപ്പിക്കുന്നത് സിപിഎമ്മിന് ബിജെപിയോട് നേര്‍ക്ക് നേരെ പോരാടാന്‍ ശേഷിയില്ലാത്തത് കൊണ്ടാണ്. ബിജെപിക്കെതിരെ സിപിഎം ഒളിയുദ്ധമാണ് നടത്തുന്നത്.
മരങ്ങള്‍ മുറിച്ച് കടത്തിയ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് മറിച്ചുവെക്കാനാണ് ഇടതുപക്ഷം ബിജെപിക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നത്. വരുമാനം കണ്ടെത്താന്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തില്‍ സിപിഎമ്മുകാര്‍ക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണുള്ളത്. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപിയെ ഇല്ലായ്മ ചെയ്യുവാനാണ് സര്‍ക്കാരിന്റെ ശ്രമം. അഴിമതിക്കും തട്ടിപ്പിനുമെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്നും ബിജെപിയാണ് തങ്ങളുടെ എതിരാളിയെന്നും സിപിഎമ്മിനറിയാം. മരം മുറിച്ച സ്ഥലങ്ങള്‍ ഒരു മന്ത്രി പോലും സന്ദര്‍ശിക്കാത്തത് എന്താണെന്നും കുമ്മനം രാജശേഖരന് ചോദിച്ചു.
കേരളത്തില്‍ മുഖ്യമന്ത്രി പിണറായിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് സത്യാഗ്രഹത്തില്‍ അദ്ധ്യക്ഷത വഹിച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന് പറഞ്ഞു. മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ അവഹേളിക്കുകയും മാദ്ധ്യമവേട്ടക്ക് എറിഞ്ഞു കൊടുക്കുകയും ചെയ്യുകയാണ്. കൊടകരയിലെ സംഭവത്തില്‍ ബിജെപിയെ കുടുക്കാന്‍ പിണറായിയുടെ പൊലീസ് ഗൂഢാലോചന നടത്തി. കേരളത്തിലെ ജനാധിപത്യ വിശ്വാസികളെയാണ് പിണറായി വിജയന് വെല്ലുവിളിക്കുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പിണറായി മനസിലാക്കണമെന്നും രാധാകൃഷ്ണന് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ ഫാസിസത്തിനെതിരെ മുട്ടുമടക്കില്ലെന്ന് ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു. സുരേന്ദ്രനെ വേട്ടയാടാന്‍ സിപിഎമ്മിനെ അനുവദിക്കില്ല. ബിജെപി വിരുദ്ധതയുടെ പേരില്‍ രാജ്യദ്രോഹത്തെ പോലും അനുകൂലിക്കുന്നതിലേക്ക് ഇടതു-വലത് മുന്നണികള്‍ തരംതാണു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എ ഒ.രാജഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, സി.കൃഷ്ണകുമാര്‍, ജോര്‍ജ് കുര്യന്, പി.സുധീര്‍ എന്നിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് വിവി രാജേഷ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: