തിരുവനന്തപുരം: നാളെ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിനു പിന്നാലെ ഈ മാസം 19ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. 19ന് തുറക്കാന്‍ ആലോചിക്കുന്നതായി എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന് ബാറുടമകളെ അറിയിച്ചതായാണ് സൂചന. ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറക്കണമെന്നാണ് ബാറുടമകളും ബെവ്കോ എംഡിയും ആവശ്യപ്പെട്ടതെങ്കിലും ലോക്ക്ഡൗണ്‍ പിന്‍വലിച്ച് മൂന്നു ദിവസം കഴിഞ്ഞ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനൊപ്പം ഇവ തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തില്‍ മദ്യശാലകള്‍ക്ക് സമയ നിയന്ത്രണം ഏര്‍പ്പെടുത്തും. കൂടാതെ, ടിപിആര്‍ നിരക്ക് വളരെ കൂടുതലുള്ള പ്രദേശങ്ങളിലെ മദ്യശാലകള്‍ ആദ്യഘട്ടത്തില്‍ തുറക്കില്ല. ഒപ്പം, ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ ആദ്യഘട്ടത്തില്‍ അനുമതി നല്‍കില്ല. മദ്യവില്‍പയ്ക്കായി ആപ്പ് പരിഗണിക്കുന്നില്ലെങ്കിലും കുറച്ചു നാളത്തേക്ക് ബാറുകളിലൂടെ സര്‍ക്കാര്‍ നിരക്കില്‍ മദ്യം പാഴ്സല്‍ നല്കി തിരക്ക് കുറക്കാനാണ് എക്സൈസ് വകുപ്പ് പദ്ധതി. നേരത്തേ,ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഉടന്‍ മദ്യശാലകള്‍ തുറക്കണമെന്ന നിലപാടുമായി എക്സൈസ് വകുപ്പിനെ ബെവ്റിജസ് കോര്പറേഷന് സമീപിച്ചിരുന്നു. ലോക്ഡൗണ്‍ ഒരുമാസം നീണ്ടതോടെ മദ്യവരുമാനത്തില്‍ നഷ്ടം ആയിരം കോടിയില്‍ എത്തുമെന്നും കോര്പ്പറേഷന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: