ബ്രസീലിയ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു. ഗോളടിച്ചും അടിപ്പിച്ചും മികച്ച പ്രകടനം നടത്തിയ സൂപ്പര്‍ താരം നെയ്മറുടെ കരുത്തിലാണ് ആതിഥേയര്‍കൂടിയായ ബ്രസീല്‍ വിജയത്തോടെ ടൂര്‍ണമെന്റില്‍ അരങ്ങേറിയത്. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ പാഴാക്കിയില്ലായിരുന്നെങ്കില്‍ ബ്രസീല്‍ വന്‍ ജയത്തിലേക്കെത്തുമായിരുന്നു.
നെയ്മര്‍ക്ക് പുറമെ മാര്‍ക്വീഞ്ഞോസ്, ബാര്‍ബോസ എന്നിവരും ഗോള്‍ നേടി. കൊവിഡ് പ്രതിസന്ധി മറികടന്നായിരുന്നു വെനസ്വേലയുടെ കളി. ടീമിലെ താരങ്ങളും സ്റ്റാഫും ഉള്‍പ്പെടെ 12 പേര്‍ക്കാണ് മത്സരത്തിന് മുമ്പ് കൊറോണ സ്ഥിരീകരിച്ചത്. മത്സരത്തിലുടനീളം പ്രതിരോധത്തിലൂന്നി കളിച്ചതാണ് വെനസ്വേലയ്ക്ക് വിനയായത്. അതേസമയം ബ്രസീല്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു.
23-ാം മിനിറ്റില്‍ നെയ്മര്‍ എടുത്ത ഫ്രീ കിക്കില്‍ നിന്ന് മാര്‍ക്വീഞ്ഞോസ് ആദ്യ ഗോള്‍ നേടി. നെയ്മറുടെ ക്രോസ് വെനസ്വേലയുടെ ബോക്്സിലേക്ക് ഊഴ്ന്നിറങ്ങുകയായിരുന്നു. കൃത്യമായി പന്തെടുത്ത റിച്ചാര്‍ലിസനില്‍ നിന്ന് വലക്കുള്ളിലേക്ക് തട്ടിയിടുക മാത്രമായിരുന്നു മാര്‍ക്വീഞ്ഞോസിന്റെ കടമ. ബ്രസീലിനായി താരത്തിന്റെ മൂന്നാം ഗോളുമായിരുന്നു അത്. ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ വെനസ്വേല പിടിച്ചു നിന്നെങ്കിലും രണ്ടാം പകുതിയില്‍ ബ്രസീലിന്റെ കളി കടുത്തു. ബ്രസീല്‍ പന്തുമായി ബോക്്സിലേക്കടുത്തപ്പോഴെല്ലാം വെനസ്വേല ഒന്നിച്ച് പ്രതിരോധിക്കുകയായിരുന്നു. അനായാസ അവസരങ്ങള്‍ നെയ്മര്‍ ഉള്‍പ്പെടെ പാഴാക്കിയെങ്കിലും 64-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ബ്രസീലിന്റെ രണ്ടാം ഗോളുമെത്തി.
ഡാനിലോയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി നെയ്മര്‍ ഗോളാക്കി. റിച്ചാര്ലിസന് പകരമെത്തിയ ബാര്‍ബോസ മൂന്നാം ഗോളും നേടി. കളി തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ ബ്രസീല്‍ നടത്തിയ ശ്രമം ഗോളിലെത്തുകയായിരുന്നു.
കോളംബിയയ്ക്ക് ജയം
ക്യുയാബ: കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കോളംബിയയ്ക്ക് വിജയത്തുടക്കം. ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. വിജയത്തോടെ ഗ്രൂപ്പ് എയില്‍ ബ്രസീലിന് പിന്നില്‍ കൊളംബിയ രണ്ടാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനോടേറ്റ 6-1ന്റെ തോല്‍വിക്ക് പകരം വീട്ടുക കൂടിയായി കൊളംബിയ. 42-ാം മിനിറ്റില്‍ കാര്‍ഡോണയാണ് കൊളംബിയക്കായി വിജയ ഗോള്‍ നേടിയത്. ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. വീഡിയോ അസിസ്റ്റന്‍ഡ് റഫറിയുടെ പരിശോധനയ്ക്ക് ശേഷമാണ് ഗോള്‍ അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: