ജയ്പൂര്‍: കോവിഡിന് ശേഷം സുഖംപ്രാപിക്കുന്നതിനാല് അടുത്ത ഒന്നര, രണ്ടുമാസത്തേക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് ആരുമായും നേരിട്ട് കൂടിക്കാഴ്ച നടത്തില്ലന്ന് രാജസ്ഥാന് മുഖ്യമന്ത്രിയുടെ ഓഫിസ് തിങ്കളാഴ്ച അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശമാണെന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി ആളുകളുമായി ബന്ധപ്പെടുന്നത് തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. രാജസ്ഥാനില്‍ അടുത്തുതന്നെ മന്ത്രിസഭാ വികസനമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കുമെന്ന ഉറപ്പ് പാലിക്കാത്തതില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെ, സച്ചിന് പൈലറ്റ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ എത്തിയിരുന്നു.
2020 ജൂലൈയിലായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിനെതിരെ സച്ചിന് പാര്‍ട്ടിയില്‍ പരസ്യമായി കലാപമുയര്‍ത്തിയത്. തുടര്‍ന്ന് ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഹൈക്കമാന്റ് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സച്ചിന് പ്രതിഷേധം അവസാനിപ്പിച്ചത്. സച്ചിന് പൈലറ്റിന്റെ ക്യാംപിലുള്ളവരെ ഉള്‍പ്പെടുത്താന്‍ മന്ത്രിസഭാ വികസനം പരിഗണനയിലുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മന്ത്രിസഭാ അഴിച്ചുപണി നീട്ടിവയ്ക്കാനുള്ള ഗെലോട്ടിന്റെ നീക്കമാണിതെന്നാണ് ചിലര്‍ കരുതുന്നത്.
സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്ന സച്ചിന് പൈലറ്റിനുള്ള സൂചയാണിതെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഗെലോട്ടിനെ കാണാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് താത്പര്യപ്പെട്ടുവെന്നും വിവരമുണ്ട്. ഇത് നീട്ടിവയ്ക്കേണ്ടിവരും. അതേസമയം, ഒപ്പമുള്ള എംഎല്‍എമാരുമായി ഗെലോട്ട് ചര്‍ച്ചകള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: