നെടുങ്കണ്ടം: ഉടുമ്പന്‍ചോല-രാജാക്കാട് റോഡ് നിര്‍മാണത്തിനിടെ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പും കരാറുകാരനും ചേര്‍ന്ന് മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ലോറി പിടികൂടി. തടി കടത്താന്‍ ഉപയോഗിച്ച കരാറുകാരന് കെ.എച്ച്. അലിയാറിന്റെ ലോറി ആണ് പിടിച്ചെടുത്തത്. അടിമാലി പൊളിഞ്ഞ പാലത്തെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ ബോര്‍ഡ് സ്ഥാപിച്ച നിലയിലാണ് ടിപ്പര്‍ ലോറി.രക്തസമ്മര്‍ദം ഉയര്‍ന്നതിനാല്‍ റോഡ് കരാറുകാരന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരാറുകാരനെ അറസ്റ്റ് ചെയ്യാന്‍ വനം വകുപ്പ് രണ്ട് തവണ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കരാറുകാരന്റെ ആരോഗ്യനില മോശമായതിനാല്‍ ശ്രമം ഉപേക്ഷിച്ചു.
ഇന്നലെ അടിമാലി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ തേടി വനം വകുപ്പ് മോട്ടര്‍വാഹന വകുപ്പിന് കത്ത് നല്‍കും. വനം വകുപ്പിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഉടുമ്പന്‍ചോലയില്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന ടിപ്പര്‍ ലോറിയിലാണ് മരങ്ങള്‍ കടത്തിയതെന്ന് കണ്ടെത്തിയിരുന്നു. വനം വകുപ്പ് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കരാറുകാരന് കൂട്ടാക്കിയില്ല. കൊവിഡ് രോഗബാധിതനാണെന്ന് സംശയമുണ്ടെന്നും വീട്ടില്‍ നീരീക്ഷണത്തിലാണെന്നും കരാറുകാരന് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ ദേവികുളം ഫോറസ്റ്റ് ഓഫിസിലെത്താന്‍ കരാറുകാരന് നോട്ടിസ് നല്‍കിയിരുന്നു. 35,000 രൂപയുടെ മരങ്ങളാണ് നഷ്ടപ്പെട്ടതെന്നാണ് വനം വകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍, വനം വകുപ്പ് ശാന്തന്‍പാറ ഓഫിസിന് കീഴിലുള്ള പൊന്മുടി സെക്ഷനില്‍ നിന്ന് മാത്രം പതിറ്റാണ്ടുകള്‍ പഴക്കമുള്ള ലക്ഷങ്ങളുടെ മരങ്ങള്‍ നഷ്ടപ്പെട്ടതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ദേവികുളം റേഞ്ച് ഓഫീസര്‍ ബി. അരുണ്‍ മഹാരാജയുടെ നേതൃത്വത്തിലാണ് ലോറി പിടിച്ചെടുത്തത്. സംഭവത്തില്‍ കരാറുകാരന്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കി മൂന്ന് കേസുകളാണ് വനം വകുപ്പ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: