ആലപ്പുഴ: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതു-സ്വകാര്യ-തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്കായി സംസ്ഥാന ലേബര്‍ ലേബര്‍ കമ്മീഷണര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന ടെക്സ്റ്റൈല്‍ കോര്പ്പറേഷന് പൂര്‍ണമായി അവഗണിച്ചു. കൊവിഡ് രണ്ടാം തരംഗത്തോട് അനുബന്ധിച്ചാണ് തൊഴിലാളികളുടെ വേതനം, തൊഴില്‍ ക്രമീകരണം എന്നിവ സംബന്ധിച്ച് കഴിഞ്ഞ ഏപ്രിലില്‍ സംസ്ഥാന ലേബര്‍ കമ്മീഷണര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് അര്‍ഹമായ അവധി നല്‍കുക, ദിവസവേതന അടിസ്ഥാനത്തിലുള്ള തൊഴിലാളികളുടേതടക്കം വേതനത്തില്‍ കുറവ് വരുത്തരുത്, തൊഴില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ലേ ഓഫ്, ലോക്കൗട്ട്, റീ ട്രഞ്ച്മെന്റ്, ടെര്‍മിനേഷന്‍ എന്നിവ പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കോര്പ്പറേഷന് കീഴിലെ കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്ലിലെ തൊഴിലാളികളുടെ വേതന കാര്യത്തില്‍ ലംഘിക്കപ്പെട്ടതായാണ് പരാതി. കൊവിഡ് പ്രതിരോധ ഉല്‍പ്പന്ന നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോമളപുരം മില്‍ കഴിഞ്ഞ മാസം എട്ടു മുതല്‍ ഇരുപത്തിയഞ്ച് വരെ ലോക്ഡൗണ്‍ ഭാഗമായി പ്രവര്ത്തിച്ചിരിന്നില്ല. ഈ കാലയളവില്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് അമ്പത് ശതമാനം മാത്രം വേതനം മാനേജ്മെന്റ് ഏകപക്ഷീയമായി നല്‍കുകയായിരുന്നു എന്നാണ് തൊഴിലാളികളുടെ പരാതി. ആദ്യ ലോക്ഡൗണ്‍ കാലയളവിലും മില്ലിലെ തൊഴിലാളികള്‍ക്ക് കേന്ദ്ര-സംസ്ഥാന നിര്‍ദേശങ്ങള്‍ മറികടന്ന് മാനേജ്മെന്റ് ശമ്പളം വെട്ടിക്കുറച്ചിരുന്നു.
ശമ്പളരേഖയില്‍ മുഴുവന്‍ വേതനവും നല്‍കിയതായി രേഖപ്പെടുത്തുകയും ഇഎസ്ഐ, പിഎഫ്ആനുകൂല്യങ്ങള് കുറവ് ചെയ്യുകയും ചെയ്ത ശേഷം പകുതി ശമ്പളം നല്‍കുകയായിരുന്നു ചെയ്തത്. അന്ന് തൊഴിലാളി സംഘടനകളുമായി പേരിനെങ്കിലും ചര്‍ച്ച നടത്തിയ മാനേജ്മെന്റ് ഇത്തവണ ഏകപക്ഷീയമായി ശമ്പളം വെട്ടിക്കുറച്ചു. മാനേജ്മെന്റ് നിലപാടിനെതിരേ മില്ലിലെ തൊഴിലാളി സംഘടനകള്‍ കോര്പ്പറേഷന് എംഡിക്കും മില്‍ ജനറല്‍ മാനേജര്‍ക്കും രേഖാമൂലം പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍, സ്ഥാപനത്തിലെ മാനേജ്മെന്റ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്കി. സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് കാല തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഏകപക്ഷീയമായി കോര്പ്പറേഷന് അട്ടിമറിച്ചതിനെതിരേ തൊഴില്‍ മന്ത്രിക്കും ലേബര്‍ കമ്മീഷണര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: