കോഴിക്കോട്: സ്കൂളുകള്‍ സ്മാര്‍ട്ട് ആകുമ്പോഴും ഹയര്‍ സെക്കന്‍ഡറി മേഖലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കയില്‍. കൊറോണ കാരണം ഓണ്‍ലൈനിലായ ക്ലാസ് റൂമുകള്‍ അടുത്ത മാസത്തോടെ റെഗുലറായി ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. പുത്തന്‍ കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കിയെങ്കിലും ഹയര്‍ സെക്കന്‍ഡറി മേഖലയിലെ ബാച്ചുകള്‍ വര്‍ധിപ്പിക്കാത്തത് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഏറെ പ്രയാസപ്പെടുത്തുന്നു.
1:40 എന്ന അനുപാതമായിരുന്നു ഹയര്‍ സെക്കന്‍ഡറി മേഖലയിലുണ്ടായിരുന്നത്. ഇന്ന് 60 മുതല്‍ 70 വരെ കുട്ടികളാണ് ഓരോ ക്ലാസിലും പഠിക്കുന്നത്. പരമാവധി 40 കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള അടിസ്ഥാന സൗകര്യമുള്ള ക്ലാസുകളിലാണ് 60 മുതല്‍ 70 വരെ കുട്ടികള്‍ പഠിക്കുന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കുട്ടികളുടെ സീറ്റ് വര്‍ധിപ്പിക്കുന്നതല്ലാതെ ബാച്ചുകളുടെ എണ്ണം കൂട്ടുന്നില്ല. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഒരു അധ്യാപകന് 70 കുട്ടികളെ കൈകാര്യം ചെയ്യുന്നത് അക്കാദമിക നിലവാരം കുറയാന്‍ കാരണമാവും. വിദ്യാര്‍ഥികളുടെ എണ്ണം കൂടുമ്പോള്‍ അധ്യാപകര്‍ക്ക് എല്ലാ കുട്ടികളെയും നിരീക്ഷിക്കാനും കഴിയില്ല.
ഏതാണ്ട് 4,20,000 മുകളില്‍ ഹയര്‍ സെക്കന്‍ഡറി സീറ്റുകള്‍ കേരളത്തിലുണ്ട്. 2019ല്‍ 20 ശതമാനം സീറ്റ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ മാത്രം 1,00,000ത്തിന് മുകളിലാണ് സീറ്റ് വര്‍ധന. ഇതുപോലെ മറ്റ് ജില്ലകളിലും സീറ്റ് വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ തന്നെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാനുള്ള സീറ്റ് ഉണ്ടെന്ന് പറയുന്നതല്ലാതെ അടിസ്ഥാന സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നില്ല.
ബാച്ച് വര്‍ധനയില്ലാതെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ കൂടുതല്‍ ബാച്ച് അനുവദിക്കുകയാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന നിലവാരം പുലര്‍ത്താനാവും. ബാച്ച് വര്‍ധിക്കുന്നതിനോടൊപ്പം കൂടുതല്‍തൊഴിലവസരങ്ങള്‍ മേഖലയില്‍ കൊണ്ടുവരാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: