കൊല്ലം: വിമോചന സമരത്തിന് മാത്രമല്ല, സമര പുത്രനുമായി 62 വയസ്സ്… കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള വിമോചന സമരം എന്ന ജനകീയ മുന്നേറ്റം എന്നും കേരള ചരിത്രത്തിന്റെ വിലപ്പെട്ട ഏടുകളില്‍ ഒന്നാണ്. ഈ സമരത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയില്‍ ഇട്ട പേര് കൊണ്ട് വ്യത്യസ്തനാവുകയാണ് ഒരാള്‍. അതാണ് കിഴക്കേ കല്ലടയില്‍, കോയിക്കല്‍, പേഴൂര്‍ വീട്ടില്‍ ‘പി.ജി. സമരപുത്രന്’ എന്ന 62കാരന്. പേരിലെ കൗതുകം ഈ പേരില്‍ മാത്രം ഒതുങ്ങുന്നതല്ല. എന്‍എസ്എസ് സ്ഥാപകനും സാമൂഹ്യപരിഷ്കര്‍ത്താവുമായ മന്നത്ത് പദ്മനാഭനാണ് ഈ പേര് അദ്ദേഹത്തിനു സമ്മാനിച്ചത്.
വ്യത്യസ്തമായ പേരിന് പിന്നിലെ മഹിമ ഉള്‍ക്കൊള്ളുന്ന ചരിത്രം ഇതാണ്: കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എതിരെ കോളിളക്കം സൃഷ്ടിച്ച് നടന്ന വിമോചന സമര കാലം. തെക്കന്‍ ജില്ലകളില്‍ ഇത് ഏറെ ശക്തമായിരുന്നത് കൊല്ലം, കിഴക്കേ കല്ലടയില്‍ ആയിരുന്നു. 1959-ല്‍ കല്ലടയിലെ താഴം വാര്‍ഡ് കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ ഭാഗമായി സംഘര്‍ഷങ്ങള്‍ അരങ്ങേറി. അന്ന് എന്‍എസ്എസ് കരയോഗം സെക്രട്ടറിയായിരുന്നു സമര പുത്രന്റെ അച്ഛന് മട്ടല്ലില്‍ ഗോപാല പിള്ള. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇവിടെ സമരം നടന്നത്. ഈ സമരത്തിന്റെ ഭാഗമായുള്ള ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ ഒരു വിഭാഗം ആളുകള്‍ സമീപത്തെ കല്ലടയാറ്റില്‍ ചാടി. ആറ്റില്‍ ചാടിയവരില്‍ പലരും നീന്തി മറുകരയ്ക്കെത്തി. എന്നാല്‍ മട്ടല്ലില്‍ ഗോപാലപിള്ള മാത്രം കായലിന്റെ ആഴങ്ങളില്‍പ്പെട്ടുപോയി. തുടര്‍ന്ന് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ടും പ്രതിഷേധ സൂചകമായും സമീപത്തുള്ള ചിറ്റുമല മൈതാനിയില്‍ റാലിയും സമ്മേളനവും നടന്നു.
ഗോപാല പിള്ളയുടെ മരണ സമയത്ത് അദ്ദേഹത്തിന്റെ മകന് ജനിച്ചിട്ട് കേവലം 16 ദിവസം മാത്രമേ ആയിരുന്നുള്ളു. ആ പിഞ്ചു കുഞ്ഞിനേയും ഏറ്റുവാങ്ങിയാണ് താഴം ഭാഗത്തുള്ള പ്രതിഷേധക്കാര്‍ അന്ന് ആ സമ്മേളനത്തിന് എത്തിയത്. സമ്മേളന നഗരിയില്‍ മന്നത്തു പദ്മനാഭന് ആ കുഞ്ഞിനെ ഏറ്റുവാങ്ങി നല്കിയ പേരാണ് ‘സമര പുത്രന്’.
നീണ്ട 62 വര്‍ഷം പിന്നിടുമ്പോഴും പേരിലെ ആ തീഷ്ണത ഇന്നും അദ്ദേഹത്തിന് അലങ്കാരമാണ്. സൈന്യത്തില്‍ നിന്നു വിരമിച്ച അദ്ദേഹത്തോടൊപ്പം അമ്മ ജാനകിയമ്മയും ഭാര്യ കെ.എസ്. പ്രസന്നകുമാരിയും രണ്ടു ആണ്മക്കളും ഉണ്ട്. മൂത്ത മകന് അരുണ്‍ കുമാറും കുടുംബവും ദുബായിലും ഇളയ മകന് കിരണ്‍ കുമാര്‍ ബി -ടെക് വിദ്യാര്‍ത്ഥിയുമാണ്. പേരിനു പിന്നിലെ കൗതുകത്തിന് ശക്തമായ ഒരു സമര ചരിത്രത്തിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ടെന്ന ചാരിതാര്‍ഥ്യത്തിലാണ് ഈ ‘സമര പുത്രന്’.
പ്രതികരിക്കാൻ ഇവിടെ എഴുതുക: