കോണ്‍വാള്‍: കോവിഡ് മഹാമാരിക്ക് കാരണമായ വൈറസ് വുഹാനിലെ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊറോണ വൈറസിന്റെ ഉല്‍ഭവത്തെക്കുറിച്ച് സുതാര്യമായ അന്വേഷണം വേണമെന്ന് ജി7 ഉച്ചകോടി ആവശ്യപ്പെട്ടു. യുഎസ്, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെട്ട ജി7 രാഷ്ടങ്ങള്‍ ഉച്ചകോടിയുടെ സമാപനദിവസമായ ഞായറാഴ്ച സംയുക്തപ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
കോവിഡ് വൈറസിന്റെ ഉറവിടം സംബന്ധിച്ച് ഒട്ടേറെ ഊഹാപോഹങ്ങള്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ടെന്ന് ശനിയാഴ്ച ലോകാരോഗ്യസംഘടനയുടെ മേധാവി ടെഡ്രോസ് അദനോം ഗെബ്രെയെസസ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ ജി7 രാഷ്‌ട്രങ്ങള്‍ കൂടി ഈ ആവശ്യം ഉന്നയിച്ചത് ചൈനയ്‌ക്ക് തിരിച്ചടിയായി. ചൈന കുറെക്കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും ചൈനയിലെ ലാബുകളിലേക്ക് കടന്നുചെല്ലാന്‍ ചൈന അന്വേഷണസംഘത്തെ അനുവദിക്കണമെന്നും യുഎസ് പ്രസിഡന്‍റ് ബൈഡന്‍ ആവശ്യപ്പെട്ടു.
‘മൃഗങ്ങളില്‍ നിന്നുമാണ് മനുഷ്യരിലേക്ക് കൊറോണ വൈറസ് പകര്‍ന്നതെന്ന് വിവരമാണ് പ്രധാനമായും നിലനില്‍ക്കുന്നതെങ്കിലും ഇത് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നില്ലെന്ന് യുകെ വിദേശ സെക്രട്ടറി ഡൊമിനിക് റാബ് ജി7 സമ്മേളനത്തില്‍ പറഞ്ഞു. വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസ് വന്നതെന്ന ആശയവും ലഭ്യമായ മറ്റ് വിവരങ്ങളുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലേക്ക് പോയി എല്ലാ ഉത്തരങ്ങളും ലഭ്യമായാലേ പൂര്‍ണ്ണചിത്രം കിട്ടൂവെന്നും ഇക്കാര്യത്തില്‍ സുതാര്യമായ ഒരു അന്വേഷണം നടത്താന്‍ ചൈന സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച ലോകാരോഗ്യസംഘടനാമേധാവിയുടെ പ്രസ്താവനയും ചൈനയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. മാര്‍ച്ചില്‍ ചൈനീസ് വിദഗ്ധരും ലോകാരോഗ്യസംഘടനയും സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ കൊറോണ വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് നാല് ഊഹങ്ങള്‍ നിലനിന്നിരുന്നു. വവ്വാലില്‍ നിന്നും മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്ക് കൊറോണ വൈറസ് എത്തി എന്നതാണ് പ്രബലമായ കണ്ടെത്തലെങ്കിലും കൂടുതല്‍ പഠനം ആവശ്യമാണ്. മൃഗങ്ങളെ വില്‍ക്കുന്ന ചന്തയുടെ പങ്ക്, ഭക്ഷ്യച്ചങ്ങലയിലൂടെയുള്ള രോഗപ്പകര്‍ച്ച, ലാബിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഊഹങ്ങള്‍, നേരത്തെ കണ്ടെത്തിയ ഇതേ രോഗത്തിന്റെ കേസുകള്‍, ക്ലസ്റ്ററുകള്‍- ഇതെല്ലാം പഠനവിധേയമാക്കണമെന്നും ലോകാരോഗ്യസംഘടന മേധാവി ആവശ്യപ്പെട്ടിരുന്നു.
എന്തായാലും ഇതുവരെ കൊറോണ വൈറസ് ലാബില്‍ നിന്നും വന്നതല്ലെന്ന് വാദിച്ച് നിന്നിരുന്ന ചൈനയുടെ അടുത്ത പ്രതികരണമാണ് മുഖ്യം. ജി7 പോലെ ലോകത്തിലെ സമ്പന്നവും ശക്തവുമായ രാഷ്‌ട്രങ്ങളുടെ കൂട്ടായ്മ സംയുക്തമായി ഉയര്‍ത്തിയ ആവശ്യം ചൈന സ്വീകരിക്കുമോ അതോ തള്ളിക്കളയുമോ എ്ന്നത് നിര്‍ണ്ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: