മക്കളേ,
ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ പലതുമുണ്ടെങ്കിലും അവയൊന്നും തിരിച്ചറിയാതെ, സ്വന്തം കുറവുകളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും ഓര്‍ത്ത് ആത്മനിന്ദയില്‍ മുഴുകി കഴിയുന്നവര്‍ ധാരാളമുണ്ട്. ജീവിതവിജയത്തിന് ഒന്നാമതായി വേണ്ടത് ആത്മനിന്ദയും പരാജയബോധവും ഒഴിവാക്കുക എന്നതാണ്.
തെറ്റുകളും കുറവുകളും ഇല്ലാത്തവരായി ആരുമുണ്ടാവില്ല. സ്വന്തം തെറ്റുകുറ്റങ്ങളെ തിരിച്ചറിയുകയും, അവയെ അംഗീകരിക്കുകയും വേണം. എന്നാല്‍ അതിന്റെ പേരില്‍ ആത്മനിന്ദയിലും അപകര്‍ഷതാബോധത്തിലും മുഴുകാനും പാടില്ല. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്ത് താന്‍ അവരെക്കാളും മോശമാണ്, ഒന്നിനും കൊള്ളാത്തവനാണ് എന്നു ചിന്തിക്കരുത്. നമ്മുടെ കഴിവുകളും നേട്ടങ്ങളും തിരിച്ചറിഞ്ഞ്, അവയെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണു വേണ്ടത്.
ഒരു രാജാവിന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ പാരിതോഷികങ്ങളുമായി കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു. ഉദാരശീലനായ രാജാവ് അവിടെ എത്തിച്ചേര്‍ന്ന എല്ലാവര്ക്കും അവരവരുടെ യോഗ്യതയ്ക്കനുസരിച്ച് സമ്മാനങ്ങള്‍ നല്കി. കൂട്ടത്തില്‍ ഒരു പാവപ്പെട്ട കര്‍ഷകനും എത്തിയിരുന്നു. രാജാവിന്റെ കൈയില്‍നിന്ന് ഒരു കുതിരയെ സമ്മാനമായി ലഭിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. എന്നാല്‍ രാജാവ് അയാള്‍ക്ക് ഒരു കഴുതയെയാണ് നല്‍കിയത്. കര്ഷകന് വളരെ നിരാശ തോന്നി. അയാള്‍ ചിന്തിച്ചു, ”ഒന്നിനുംകൊള്ളാത്ത ഈ കഴുതയെക്കൊണ്ട് എനിക്കെന്തുഗുണമാണുള്ളത്? വീട്ടുകാരെക്കൂടാതെ ഇതിനെയും തീറ്റിപ്പോറ്റണം. അങ്ങനെ എന്റെ തലയില്‍ ഒരു ഭാരം കൂടിയായി.”
അടുത്തദിവസം കര്ഷകന് ചന്തയിലേയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ സാധനങ്ങളും കഴുതപ്പുറത്തുവെച്ചുകെട്ടി. അയാളും അതിന്റെ മേല്‍ കയറിയിരുന്നു. ഭാരം താങ്ങാനാകാതെ കഴുത പതുക്കെയാണ് നടന്നത്. കര്‍ഷകന്റെ ക്ഷമ നഷ്ടപ്പെട്ടു. വേഗം നടക്കാന്‍ അയാള്‍ കഴുതയെ അടിക്കാനാരംഭിച്ചു. അയാള്‍ ചിന്തിച്ചു, ”രാജാവ് എനിക്കൊരു കുതിരയെ നല്കിയിരുന്നെങ്കില് ഞാന്‍ ഇതിന്റെ നാലിലൊന്നു സമയംകൊണ്ട് ചന്തയില്‍ എത്തിയേനെ.”
ചന്തയിലെത്തിയപ്പോള്‍ കര്‍ഷകന്റെ കഴുതയെ കണ്ട് ചില പരിചയക്കാര് പറഞ്ഞു, ”നിന്റെ ഭാഗ്യം. രാജാവിന്റെ കൈയില്‍നിന്ന് നിനക്ക് നല്ലൊരു കഴുതയെ കിട്ടിയല്ലോ. ഇതിന് നല്ല ആരോഗ്യവുമുണ്ട്.” അതു കേട്ടിട്ട് കര്ഷകന് ഒട്ടും സന്തോഷം തോന്നിയില്ല. അയാള്‍ പറഞ്ഞു, ”ഈ മടിയന്‍ കഴുത എനിക്കൊരു ഭാരമാണ്. ഭക്ഷണം എത്ര കഴിച്ചാലും ഇവനു മതിയാകില്ല. നടക്കുന്നതോ, വളരെ പതുക്കെയും. ഇവനെ തീറ്റിപ്പോറ്റി ഞാന്‍ മുടിഞ്ഞുപോകുമെന്നാണ് തോന്നുന്നത്.”
കര്ഷകന് കഴുതയോടുള്ള അതൃപ്തി ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. അയാള്‍ കഴുതയ്ക്ക് വേണ്ടത്ര ഭക്ഷണം നല്കാത്തതുകാരണം കഴുത മെലിഞ്ഞുവന്നു. അതിന് പഴയതുപോലെ ഭാരം ചുമക്കാനോ നിവര്‍ന്നു നടക്കാനോ പോലും കഴിയാതായി.
അടുത്ത തവണയും ചന്തയിലേയ്ക്കു പോകാനായി കര്ഷകന് കഴുതയുടെ പുറത്ത് ഭാണ്ഡങ്ങള്‍ കയറ്റിവെച്ച് താനും അതിന്റെ മേല്‍ കയറിയിരുന്നു. ക്ഷീണം കാരണം കഴുത വളരെ പതുക്കെയാണ് നടന്നുകൊണ്ടിരുന്നത്. കര്ഷകന് കഴുതപ്പുറത്തുനിന്ന് താഴെയിറങ്ങി കഴുതയോടൊപ്പം നടന്നുകൊണ്ട് അതിനെ അടിക്കാന്‍ തുടങ്ങി. നടക്കാന്‍പോലും കെല്പില്ലാത്ത കഴുതയെ കര്ഷകന് നിര്‍ദയം അടിക്കുന്നതുകണ്ട് പലരും അയാളോടു പറഞ്ഞു, ‘കഷ്ടം! പാവം കഴുതയെ ഇങ്ങനെ അടിക്കല്ലേ. അതു ചത്തുപോകും.’ കര്ഷകന് പറഞ്ഞു, ‘അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ സന്തോഷിക്കുകയേ ഉള്ളു.’
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും കഴുത ചത്തു. ഭാരം ചുമക്കാന്‍ കഴുത ഇല്ലാതായതോടെ, അടുത്ത തവണ കര്ഷകന് കൃഷി ഉല്പന്നങ്ങള് സ്വന്തം തലയില്‍ ചുമന്ന് ചന്തയിലേയ്ക്ക് പുറപ്പെട്ടു. ക്ഷീണം കാരണം കൃഷിക്കാരന് വഴിയില്‍ പലയിടത്തും വിശ്രമിച്ചു. അയാള്‍ ചന്തയിലെത്തിയപ്പോള്‍ സമയം പതിനൊന്നായി. അവിടെയുള്ളവരെല്ലാം കച്ചവടം കഴിഞ്ഞ് വീട്ടിലേയ്ക്കു പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. അന്ന് അയാള്‍ക്ക് കാര്യമായി ഒന്നും വില്‍ക്കാനായില്ല.
അയാളുടെ കഴുതയ്ക്ക് എന്തു സംഭവിച്ചു എന്ന് പലരും ചോദിച്ചു. അയാള്‍ പറഞ്ഞു, ”ഓ, ഒടുവില്‍ അതു ചത്തു. അങ്ങനെ അതിനെ തീറ്റിപ്പോറ്റുന്ന ജോലിയില്‍നിന്ന് ഞാന്‍ രക്ഷപെട്ടു.” അവര്‍ പറഞ്ഞു, ”കഴുതയുള്ളത് ഇതുവരെ സഹായമായിരുന്നല്ലോ. അതുണ്ടായിരുന്നെങ്കില്‍ നിനക്ക് ഭാരം ചുമക്കേണ്ടിവരില്ലായിരുന്നു. രാജാവിന്റെ കൈയില്‍നിന്ന് കഴുതയെ സമ്മാനമായി കിട്ടിയ മറ്റു കര്‍ഷകര്‍ അവരുടെ കഴുതകളെ നന്നായി നോക്കുന്നുണ്ട്. അതിന്റെ ഗുണവും അവര്‍ക്കുണ്ട്.”
ഈ കഥയിലെ കഴുത നമ്മുടെ ഓരോരുത്തരുടെയും കഴിവുകളുടെയും നേട്ടങ്ങളുടെയും പ്രതീകമാണ്, രാജാവ് ഈശ്വരന്റെയും. ഈശ്വരന് അനുഗ്രഹിച്ചു നല്കിയ മനുഷ്യജന്മത്തിന്റെ മൂല്യം തിരിച്ചറിയാനും, അതിനെ വിവേകപൂര്‍വ്വം പ്രയോജനപ്പെടുത്താനും നമ്മള് പരമാവധി ശ്രമിക്കണം.
ഒരു സുഹൃത്തിനോട് നമുക്ക് ആത്മാര്‍ത്ഥമായ സ്നേഹമുണ്ടെങ്കില്‍ അവശ്യഘട്ടങ്ങളില്‍ അയാളെ എങ്ങനെയും സഹായിക്കാന്‍ നമ്മള് ശ്രമിക്കും. ദുര്‍ബലതകളെ അതിജീവിയ്ക്കാന്‍ നമ്മള് അയാള്‍ക്ക് ശക്തിപകരും. അയാള്‍ മാനസികമായി തളര്‍ന്നാല്‍, അയാളെ അതില്‍നിന്ന് കരകയറ്റാന്‍ നമ്മള് കഴിവതും ശ്രമിക്കും. ഇതുപോലുള്ള ഒരു സമീപനം നമുക്കു നമ്മളോടുതന്നെ ഉണ്ടാകണം. സ്വയം സ്നേഹിക്കുക എന്നുവച്ചാല്‍ ഒരിക്കലും ആത്മനിന്ദ തോന്നാതിരിക്കുക, ഒപ്പം സ്വന്തം ദുര്‍ബലതകള്‍ക്കെതിരെ പോരാടുക എന്നതാണ്. അങ്ങനെയായാല്‍ വിജയം ഒട്ടും അകലെയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: