കണ്ണൂര്‍: പയ്യാമ്പലം ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരെ സംസ്കരിച്ച സ്ഥലത്തുള്ള ചിതാഭസ്മവും അസ്ഥികളുമടക്കമുളള മൃതദേഹ അവശിഷ്ടങ്ങള്‍ കടലോരത്ത് മാലിന്യങ്ങളൊടൊപ്പം തള്ളി. കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് മൃതദേഹ അവശിഷ്ടങ്ങളും ശ്മശാനത്തിലെ മണ്ണും പയ്യാമ്പലം ബീച്ചിനോട് ചേര്‍ന്ന കടലോരത്ത് തള്ളിയത്. തീരത്തോട് ചേര്‍ന്ന് കുഴിയെടുത്തിട്ടുണ്ടെങ്കിലും കുഴിയില്ല അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചിരിക്കുന്നത്. ശക്തമായ മഴയിലും തിരയിലും അവശിഷ്ടങ്ങള്‍ കടലിലേക്ക് ഒഴുകി. ശനിയാഴ്ച അര്‍ദ്ദരാത്രിയോ ഞായറാഴ്ച പുലര്‍ച്ചെയോ ആണ് സംഭവമെന്നാണ് സൂചന. കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാന്‍ കോര്പറേഷന് നേരിട്ട് നടത്തുന്ന ശ്മശാനത്തില്‍ നിന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന രീതിയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കടലോരത്ത് തള്ളിയതില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്.
ജില്ലയില്‍ കൊറോണ ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് പയ്യാമ്പലം ശ്മശാനത്തോട് ചേര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിന് കോര്പറേഷന് അധികൃതര്‍ പ്രത്യേക സംവിധാനമൊരുക്കിയത്. 13 പേരെ വരെ ഒരേ സമയം സംസ്കരിക്കാനാണ് സൗകര്യമുണ്ടായിരുന്നത്. കണ്ണൂര്‍ കോര്പറേഷന് പരിധിയിലുള്ളവര്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായിരുന്നു ഇവിടെ സംസ്കാരം. നേരത്തെ ഒരു സന്നദ്ധസംഘടനയായിരുന്നു പയ്യാമ്പലത്ത് കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ അമിതമായി പണം ഈടാക്കുന്നതായി ആരോപണമുയര്‍ന്നിരുന്നതിനെ തുടര്‍ന്ന് കോര്പറേഷന് നേരിട്ട് മൃതദേഹം സംസ്കരിക്കുന്നതിന് സൗകര്യമൊരുക്കുകയായിരുന്നു.
പയ്യാമ്പലത്തെ കോര്പ്പറേഷന് നടപടി വിശ്വാസികളോടുളള വെല്ലുവിളി: ബിജെപി
കണ്ണൂര്‍: പയ്യാമ്പലത്തെ മൃതദേഹം സംസ്കരിച്ച കുഴികളിലെ ചിതാഭസ്മമടക്കമുളള വസ്തുക്കള്‍ ജെസിബി ഉപയോഗിച്ച് കോരി മാറ്റി അനാദരവ് കാണിച്ച കോര്പ്പറേഷന് നടപടി വിശ്വാസികളോടുളള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലത്ത് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യാമ്പലത്ത് കണ്ടത് ദുഖ പൂര്‍ണ്ണമായ കാഴ്ച. കോവിഡ് ബാധിച്ച് മരിച്ച ബന്ധുക്കള്‍ക്ക് പോലും മൃതദേഹം കാണാന്‍ സാധിക്കാതെയാണ് പയ്യാമ്പലത്ത് സംസ്ക്കാരം നടത്തുന്നത്. ഇവിടെ പുണ്യമായ ചിതാഭസ്മത്തോട് കടുത്ത അനാദരവാണ് അധികൃതര്‍ കാണിച്ചത്.
ഏതാനും നാളുകള്‍ക്ക് മുമ്പ് സിപിഎം നിയന്ത്രണത്തിലുളള ഐആര്‍പിസി പ്രവര്‍ത്തകര്‍ സംസ്ക്കാരം നടത്തുകയും സാമ്പത്തിക ലാഭത്തിന് വേണ്ടി പണം പിരിവ് നടത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് ബിജെപിയും പൊതുജനങ്ങളും കോര്പ്പറേഷന് അധികൃതരോടാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ക്കാരം കോര്പ്പറേഷന് നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുളള ദിവസങ്ങളില്‍ സംസ്ക്കാരവുമായി ബന്ധപ്പെട്ട് വീണ്ടും പരാതികള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം ശ്മശാനത്തിലെ ചിതാഭസ്മമടക്കമുളള വസ്തുക്കള്‍ ജെസിബിവെച്ച് കുഴിച്ചെടുത്ത് പയ്യാമ്പലം ബീച്ചില്‍ നിക്ഷേപിച്ചിരിക്കുകയാണ് കോര്പ്പറേഷന് അധികൃതര്‍. ടൂറിസം വകുപ്പിന്റെ സ്ഥലത്ത് അനധികൃതമായാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്. കുഴിയെടുത്തതായി കാണുന്നുണ്ടെങ്കിലും കുഴിയില്‍ നിക്ഷേപിക്കാതെ മൃതദേഹങ്ങള്‍ ദഹിപ്പിച്ചതിന്റെ അവശിഷ്ടങ്ങള്‍ പരിസരത്താകെ പരന്ന് കിടക്കുന്ന കാഴ്ചയാണുളളത്, മൃത ശരീരങ്ങളോടും അസ്തിയോടും ചിതാഭസ്മത്തോടും പുണ്യ കര്‍മ്മങ്ങളോടും തുടര്‍ച്ചയായി അനാദരവ് കാണിക്കുകയാണ്.
മൃതദേഹങ്ങള്‍വെച്ച് ഇടത്-വലത് മുന്നണികളും കോര്‍പ്പറേഷനും രാഷ്ട്രീയ ബലാബലം നടത്തുകയാണ്. തീയ്യ സമുദായ കമ്മിറ്റി നിസ്വാര്‍ത്ഥ സേവനം നടത്തി സംസ്ക്കാര പ്രവത്തികള്‍ നല്ല രീതിയില്‍ നടത്തി വന്ന പയ്യാമ്പലത്ത് രാഷ്ട്രീയ പബ്ലിസിറ്റിക്കു വേണ്ടി ചില സംഘടനകള്‍ വിശ്വാസങ്ങളെയെല്ലാം വെല്ലുവിളിക്കുകയാണ്. പുണ്യ നദികളിലും മറ്റും നിമജ്ജനം ചെയ്യേണ്ട അസ്തിയും ചിതാഭസ്മവും യാതാരു മാനദണ്ഡവുമില്ലാതെ വിശ്വാസികളെ വെല്ലുവിളിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുകയാണ്. ഇത്തരം നടപടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശക്തമായ അന്വേഷണം നടത്തണമെന്നും കോര്‍പ്പറേഷന്റെ തെറ്റായ നടപടിയ്ക്കെതിരെ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഹരിദാസ് പറഞ്ഞു.
പയ്യാമ്പലം ശ്മശാനത്തില്‍ മൃതദേഹങ്ങളോട് തുടര്‍ച്ചയായി കാണിക്കുന്ന അനാദരവില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11 മണിക്ക് ബിജെപി കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് മുന്നില്‍ നില്‍പ്പ് സമരം നടത്തുമെന്ന് ബിജെപി മണ്ഡലം പ്രസിഡണ്ട് കെ. രതീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: