കൊല്‍ക്കൊത്ത: നന്ദിഗ്രാമില്‍ മമത ബാനര്‍ജി തോറ്റതിനെ തുടര്‍ന്ന് നടക്കുന്ന ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമതയെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ വഴക്ക്. ഈ പ്രശ്നത്തെച്ചൊല്ലി കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ്-സിപിഎം സഖ്യം പൂര്‍ണ്ണമായും തകര്‍ന്നേക്കും.
മുഖ്യമന്ത്രിയായി തുടരാന്‍ ജയം അനിവാര്യമായ മമത ബാനര്‍ജിയെ ഭവാനിപൂരില്‍ വിജയിപ്പിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതിനാല്‍ മമതയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന പ്രശ്നമില്ലെന്ന നിലപാടാണ് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായ ആദിര്‍ രഞ്ജന്‍ ചൗധരിക്കുള്ളത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ കോണ്‍ഗ്രസും സിപിഎമ്മും സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. മൊഹമ്മദ് ഷദബ് ഖാന് ഇവിടെ 5,211 വോട്ടുകള്‍ നേടി. എന്നാല്‍ തൃണമൂലിന്റെ ശോബന്‍ദേബ് ഛതോപാധ്യായ ആണ് ഇവിടെ വിജയിച്ചത്. ഇപ്പോള്‍ മമതയ്ക്ക് മത്സരിക്കാന്‍ വേണ്ടി ശോബന്‍ദേബ് എംഎല്‍എ സ്ഥാനം രാജിവെച്ചു. എന്നും മമത ബാനര്‍ജിയുടെ ശക്തമായ വിമര്‍ശകനായ ആദിര്‍ രഞ്ജന്‍ ചൗധരി തന്നെ മമതയ്ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന മൃദുസമീപനം എടുക്കുന്നത് സിപിഎം നേതാക്കളെ അസ്വസ്ഥപ്പെടുത്തുന്നു.
അതേ സമയം കോണ്‍ഗ്രസ്-സിപിഎം സഖ്യം ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയുമായി ചേര്‍ന്ന് രൂപീകരിച്ച സംയുക്ത മോര്‍ച്ച ഇക്കുറി മമതയുടെ തൃണമൂലിനെയും ബിജെപിയെയും എതിര്‍ത്ത് ഈയിടെ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇപ്പോള്‍ ഭവാനിപൂരില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ അണികള്‍ തെറ്റിദ്ധരിക്കും എന്ന നിലപാടാണ് ഇവിടുത്ത സിപിഎം നേതാക്കള്‍ക്കുള്ളത്. ഭവാനിപൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ വഴിയില്ലെന്ന അഭിപ്രായമാണ് സിപിഎം നേതാവ് അശോക് ഭട്ടാചാര്യയ്ക്കുള്ളത്. എന്തായാലും കോണ്‍ഗ്രസ് പറയുന്നതുപോലെ മമത ബാനര്‍ജിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടെന്ന അഭിപ്രായത്തെ പിന്തുണക്കാന്‍ കഴിയില്ലെന്ന് മറ്റൊരു സിപിഎം നേതാവ് റബിന് ദേബും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: