തൃക്കൊടിത്താനം: ചരിത്ര പ്രസിദ്ധമായ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ സ്വര്ണധ്വജത്തിന് ഇരുപത് വര്‍ഷം പൂര്‍ത്തിയായി. ഇന്നും ഒരു മങ്ങല്പോലും ഏല്ക്കാതെ തിളങ്ങി നില്ക്കുന്നു.
കൊല്ലവര്‍ഷം 1052ല്‍ കൊണ്ടൂര്‍ കൊച്ചുകൃഷ്ണപിള്ള സമര്‍പ്പിച്ച ഓട്ടുപറയില്‍ നിര്‍മ്മിച്ച കൊടിമരത്തിന് ചരിവ് കണ്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് കൊടിമരം പുനഃപ്രതിഷ്ഠ നടത്താന്‍ തീരുമാനിച്ചത്. തേക്കിന് തടിയിലുണ്ടായിരുന്ന പഴയ ഓട്ടുപറ അഴിച്ചു താഴെയിറക്കി. കോണ്‍ക്രീറ്റ് പില്ലര്‍ സ്ഥാപിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 1992 ജൂലൈ ആറിന് കോണ്‍ക്രീറ്റ് പില്ലറില്‍ ഓട്ടുപറ ഇറങ്ങാതെ വന്നതോടെ പുനഃപ്രതിഷ്ഠ മുടങ്ങുകയും അന്ന് വിവാദമാകുകയും ചെയ്തിരുന്നു. പില്ലറിന് വണ്ണം കൂടിയത് കൊണ്ടാണ് പറ ഇറക്കാന്‍ കഴിയാതെ പോയതെന്ന് കണ്ടെത്തി. പ്രതിഷ്ഠ മുടങ്ങിയ ദിവസം ക്ഷേത്രത്തിലെത്തിയ ദേവസ്വം ബോര്‍ഡ് അംഗം വി.എസ്. മാധവന്‍നായര്‍ സംഭവിച്ചതിന് പരിഹാരമായി സ്വര്‍ണധ്വജം നിര്‍മിക്കാമെന്ന് പ്രഖ്യാപിച്ചു.
അപ്രതീക്ഷിത കോടതി ഇടപെടല്‍ മൂലം സ്വര്ണധ്വജനിര്മ്മാണത്തിന് കാലതാമസം നേരിട്ടു. തുടര്‍ന്ന് പ്രസിദ്ധമായ ദീപ മഹോത്സവം ഉള്‍പ്പെടെയുള്ളവ പത്തുവര്‍ഷം മുടങ്ങിയ സാഹചര്യവുമുണ്ടായി.
ദേവപ്രശ്നത്തില്‍ പടിഞ്ഞാറെ നടയില്‍ കൊടിമരം വേണമെന്ന് നിര്‍ദ്ദേശം ഉണ്ടായതിനെ തുടര്‍ന്ന് അവിടെ ഓട്ടുപറയില്‍ കൊടിമരം നിര്‍മിച്ചു. 2001 ജൂണ്‍ 11ന് കിഴക്കേനടയില്‍ സ്വര്‍ണ ധ്വജവും പടിഞ്ഞാറെ നടയില്‍ ഓടുകൊണ്ടുള്ള ധ്വജവും ഉയര്‍ന്നു. ഇരുനടയിലും ഒരു പോലെ പ്രതിഷ്ഠ നടത്തി.
ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കിയ സ്വര്‍ണധ്വജം ഇന്നും നല്ല തിളക്കത്തോടെ ഉയര്‍ന്നു നില്ക്കുന്നു. കഴിഞ്ഞമാസം അന്തരിച്ച താജുദീന് ആയിരുന്നു ധ്വജത്തില്‍ സ്വര്‍ണം ആലേഖനം ചെയ്തത്. കോവിഡ് മൂലം ക്ഷേത്രത്തില്‍ ജൂണ്‍ 11 ന് വാര്‍ഷിക ആഘോഷം നടത്താന്‍ കഴിയാതെ പൂജ ചടങ്ങുകള്‍ മാത്രമായി നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: