കണ്ണൂര്‍: പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഏഴ് ലക്ഷം രൂപയുടെ ചികിത്സ ഉപകരണം മോഷണം പോയി. ആറാം നിലയിലെ ഓപ്പറേഷന് തിയേറ്ററിലേക്ക് പുതുതായി വാങ്ങിയ ഏഴ് ലക്ഷം രൂപ വിലയുള്ള വീഡിയോ ലാറിംജോ സ്കോപ്പാണ് മോഷണം പോയത്. സര്‍ജറി വിഭാഗമാണ് ഈ ഉപകരണം കൈംകാര്യ ചെയ്യുന്നത്. ഒരാഴ്ച മുന്‍പ് വരെ ഉപകരണം ആശുപത്രിയില്‍ തന്നെയുണ്ടായിരുന്നുവെന്നും അതിന് ശേഷമാണ് നഷ്ടപ്പെടാന്‍ സാധ്യതയെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഡോക്ടര്‍മാര്‍ തന്നെയാണ് ഉപകരണം സാധാരണയായി കൈകാര്യം ചെയ്യുക. കഴിഞ്ഞ ദിവസമാണ് ഓപ്പറേഷന് തീയേറ്ററില്‍ നിന്ന് വീഡിയോ ലാറിംജോസ്കോപ്പ് മോഷണം പോയതായി ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അനസ്തേഷ്യ വിഭാഗം എച്ച്ഒഡി മെഡിക്കല്‍ കോളേജ് അധികൃതര്‍ക് രേഖാമൂലം പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ കോളജ് അധികൃതര്‍ പരിയാരം പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു.
തൊണ്ടയ്ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്ക് പരിശോധന നടത്തുന്ന ഉപകരണമാണ് ലാറിംജോസ്കോപ്പ്. കൊറോണക്കാലത്ത് മെച്ചപ്പെട്ട പരിശോധന കൂടി ലക്ഷ്യമിട്ടാണ് ഏതാനും മാസം മുമ്പ് വീഡിയോ ലാറിംജോസ്കോപ്പ് എന്ന ആധുനിക ഉപകരണം വാങ്ങിയത്. ഓപ്പറേഷന് തിയറ്ററില്‍ ഉണ്ടായിരുന്ന ഉപകരണം മോഷണം പോയതിനെക്കുറിച്ച് ആശുപത്രി അധികൃതരും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങളാണ് ആശുപത്രിയിലെ വ്യത്യസ്ത വിഭാഗങ്ങളിലുള്ളത്.
ലാറിംജോസ്കോപ്പ് കാണാതായതോടെ മറ്റ് വിഭാഗങ്ങളിലുള്ള ഉപകരണങ്ങളുടെ സ്റ്റോക് സംബന്ധിച്ചും സംശയമുയര്‍ന്നിട്ടുണ്ട്. ആശുപത്രി സൂപ്രണ്ടാണ് മൊത്തം ഉപകരണങ്ങളുടെ കസ്റ്റോഡിയനെങ്കിലും ഓരോ വിഭാഗത്തില്‍ സൂക്ഷിക്കുന്ന ഉപകരണങ്ങള്‍ക്കും പ്രത്യേകം രജിസ്റ്ററും ഉത്തരവാദപ്പെട്ട ആളുകളുമുണ്ട്. ലാറിംജോസ്കോപ്പ് സര്‍ജറി വിഭാഗത്തില്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ അവിടെ ഒരു രജിസ്റ്ററുണ്ടാകും. ആ രജിസ്റ്റര്‍ സൂക്ഷിക്കുന്ന സര്‍ജറി വിഭാഗത്തിന്റെ ചുമതല വഹിക്കുന്നയാള്ക്കാണ് ഇതിന്റെ ഉത്തരവാദിത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: