ആരും ഇങ്ങട്ട് വരാറില്ല. ഇവിടെ അവള്‍ ഉണ്ടെന്നാ പറയ്യാ. ന്നാല്‍ അവളെ ഒന്നു കാണാം, ഒത്താല്‍ ലോഹ്യത്തിലാകാന്നോര്‍ത്താലോ അവളെന്റെ മുന്നിലൊട്ട് വരികേം ഇല്ല.
കണ്ണില്‍ പടരുന്ന ചുവപ്പിനെ വിദഗ്ധമായി മറച്ചു കൊണ്ട് അവന്‍ നോക്കി ആ കുഞ്ഞുടല്‍ കൊത്തിക്കീറിക്കൊണ്ട് പറഞ്ഞു.
ഓള്‍ക്കിങ്ങളെ ഇഷ്ടായിക്കാണില്ല. അല്ലേ.
അയാള്‍ നീട്ടിയ കുപ്പിയിലെ തണുത്ത വെള്ളം കുടിച്ചുകൊണ്ടവള്‍ നിഷ്‌കളങ്കമായി പറയുമ്പോള്‍ ചതിയുടെ ചുവപ്പ് പടിഞ്ഞാറും പരന്നിരുന്നു.
പൊട്ടിപ്പൊളിഞ്ഞ പതിനാറുകെട്ടിന്റെ കാടു കടന്നു കേറിയ പടര്‍പ്പിനുള്ളില്‍ നിന്ന് ആ ചതിമണം പുറത്തു പോയില്ല. ഒന്നും കാണാനാകാതെ അവള്‍ വടക്കിനിയുടെ ജനലിനപ്പുറത്തിരുന്നു കണ്ണടച്ചു. എല്ലാര്‍ക്കും താന്‍ വെറും അവളായി മാറി. പാതിരാനേരത്ത് നാടുവാഴിത്തമ്പുരാന്‍ ചെയ്ത പാപത്തിന്റെ ബാക്കിയായി പിറന്ന അരയ്‌ക്ക് താഴേക്കനങ്ങാത്ത പെണ്ണ്. പാപത്തിന്റെ ബാക്കിയെ തിരിഞ്ഞുനോക്കാതെ പട്ടിണിക്കിട്ട് പതിനാറാം വയസ്സില്‍ കൊന്നപ്പോള്‍ ദീനം വന്ന് ചത്തുപോയെന്ന് പറഞ്ഞു പരത്തി. തലയില്‍ എണ്ണയില്ലാതെ പറന്ന മുടിയും, മഷിയില്ലാഞ്ഞിട്ടും വിടര്‍ന്ന കണ്ണുകളും ഉറുമ്പരിച്ചപ്പോള്‍ തെക്കേത്തൊടിയില്‍ പട്ടിയെയും പൂച്ചയേയും വെട്ടിമൂടുന്ന കണക്കെ കുഴിച്ചിട്ടു പാപത്തെ മറച്ചു. ബലികര്‍മ്മം കിട്ടാതെ അവള്‍ ആ കാട്ടില്‍ തനിച്ചിരുന്നു. മഞ്ഞില്‍ വിറച്ചപ്പോള്‍ കുളപ്പുരയിലേക്ക് മാറിനിന്ന തന്നെക്കണ്ട് കാര്യസ്ഥന്‍ പനിച്ചു മരിച്ചതിനും പിഴ തനിക്ക്. ജനിപ്പിച്ചവന്‍ മൊഴിഞ്ഞു, നശിച്ചവള്‍ ചത്താലുമൊഴിയില്ലെന്ന്. മന്ത്രവാദികളുടെ മന്ത്രങ്ങള്‍ യക്ഷിയെ തളച്ചത്രേ. വിശന്ന് മരിച്ചവളെ ഊട്ടാന്‍, അവള്‍ മരിച്ച ശേഷം സര്‍വ്വാണി സദ്യ നടത്തുന്നു. കഴിച്ചേമ്പക്കവും വിട്ടു പോയവര്‍ പിന്നെയും മൊഴിഞ്ഞു അവള് ബാധയാ… ഒഴിയില്ല…
കാലം കടന്നു പോയപ്പോള്‍ കുടുംബം കുറ്റിയറ്റു, മേട ഒഴിഞ്ഞു. കുളപ്പുരയില്‍ നിന്ന് മേടയിലേക്ക് അവള്‍ ചേക്കേറി. മാറാല മേടയെ മൂടിയപ്പോള്‍ കാട് തൊടിയെ വിഴുങ്ങി. കളിക്കൂട്ട് മോഹിച്ച്… വെളിച്ചം കൊതിച്ചവള്‍ പതിനാറുകെട്ടിലെ ഇരുട്ടില്‍ ശ്വാസം മുട്ടിയപ്പോള്‍ വഴിയിലേക്കിറങ്ങി. അന്നു മുതല്‍ അവളെ പേടിച്ചാരും നേര്‍വഴി നടപ്പീലാ എന്നായി. യക്ഷിപ്പറമ്പില്‍ ഏകാന്തത അവള്‍ക്ക് കൂട്ടായി. കുരുവിയും കുയിലും പൂക്കളും പുല്‍ച്ചാടിയും അവളെ പേടിച്ചില്ല. ആ കൂട്ടിന്റെ ലോകം അവളെ ഒരു വനദേവതയാക്കി. പക്ഷേ മുന്നോട്ടോടിയപ്പോള്‍ ഏറെ മാറിയ കാലത്തിന്റെ ചതികള്‍ മറയ്‌ക്കാനായി പലരും യക്ഷിപ്പറമ്പിന്റെ പടികടന്നെത്തി. കണ്‍മുന്നില്‍ കണ്ട കാഴ്ചകള്‍ അവളെ വീണ്ടും മേടയില്‍ ഒതുങ്ങാന്‍ നിര്‍ബന്ധിച്ചു. മാറിയ കാലത്തെ അവളും പേടിച്ചിരുന്നു. പ്രതികരിക്കാനുള്ള ഓജസ്സും തേജസ്സും അവള്‍ക്കില്ലല്ലോ. കരയാന്‍ കണ്ണീരോ എതിര്‍ക്കാന്‍ ശബ്ദമോ ഇല്ലാതെ അവള്‍ മേടയിലെ ഇരുട്ടില്‍ വീണ്ടും ശ്വാസംമുട്ടി. മാറാല തൂത്തു തുടയ്‌ക്കാന്‍ കഴിയാതെ പൊടിക്കിടയിലൂടെ ഒഴുകുമ്പോള്‍ അവസാനിപ്പിക്കാന്‍ ജന്മം പോലും ബാക്കിയില്ലാതെ അവള്‍ ഈശ്വരനെ പഴിച്ചു.
ഓര്‍മ്മകളില്‍ നിന്നവള്‍ തിരിച്ചെത്തിയപ്പോള്‍ കാര്യം കഴിഞ്ഞയാള്‍ മടങ്ങിയിരുന്നു. ക്രൂരതയുടെ ബാക്കിയായി ചോരയില്‍ കുതിര്‍ന്ന യൂണിഫോമും ഒരു കുഞ്ഞുടലും ബാക്കിയായി. ആരെയും കാണാതെ മേടയില്‍ നിന്നിറങ്ങി അവള്‍ ആ കുഞ്ഞുടലിനരികിലെത്തി. കരയാന്‍ വയ്യ. അവജ്ഞയുടെ ചിരി അവളില്‍ നിറഞ്ഞു. പരപുരുഷനോടുള്ള വെറുപ്പും…
പിന്നില്‍ പടിപ്പുരയ്‌ക്കപ്പുറം അലമുറകള്‍ ഉയര്‍ന്നു തുടങ്ങി. അടക്കിപ്പിടിച്ച് ചുറ്റുമുള്ളവര്‍ പറയുന്നുണ്ട്.
അവള്‍ കൊന്ന് ചോര കുടിച്ചതാ… 16 വയസ്സില്‍ തീര്‍ന്നതല്ലേ… അവള്‍ക്ക് ആ പ്രായത്തിലുള്ള കുട്ടികളെ മതി.
അവള്‍ അകത്തേക്ക് നീങ്ങി. തിരിഞ്ഞു നോക്കിയപ്പോള്‍ ശവമെടുക്കുന്നവരില്‍ അയാളുമുണ്ടായിരുന്നു. ചോരച്ചുവപ്പിനു പകരം മുഖത്ത് ആ ശരീരത്തോടുള്ള അറപ്പ് അവന്റെ കണ്ണില്‍ നിറഞ്ഞിരുന്നു. നന്നായി, ആ നായ കടിച്ചു കൊന്നു എന്ന് പറയുന്നതിലും അന്തസ്സ് ഇന്ന് ആ കുഞ്ഞുടലിന്റെ മരണത്തിനുണ്ട്. തിരിഞ്ഞപ്പോള്‍ അവളുടെ കൈകളില്‍ വിറയ്‌ക്കുന്ന ഒരു കുഞ്ഞി കയ്യുമുണ്ടായിരുന്നു. ചോരക്കറ മാഞ്ഞ നിറമുള്ള യൂണിഫോമുമണിഞ്ഞു ആ കുട്ടി അവള്‍ക്കൊപ്പം അകത്തേയ്‌ക്ക് ഒഴുകിയപ്പോള്‍ ഇരുട്ടില്‍ നിന്നും ഏകാന്തത മേടയുടെ പടിയിറങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: