സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്
സൂര്യ കാലടി മന
തമിഴ്‌നാട്ടില്‍ സ്ത്രീകളെ ക്ഷേത്ര പൂജാരിയായി നിയമിക്കുന്നു.
നല്ലതു തന്നെ. അപ്പോള്‍ കേരളത്തിലും അങ്ങനെ ഒരു നിയമം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ആശയത്തോട് യോജിക്കാന്‍ പറ്റാത്തവര്‍ കോടതിയില്‍ പോയാലും ലിംഗസമത്വ വാദത്തിന്റെ പേരില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ല. ഇവിടുത്തെ ക്ഷേത്ര പൗരോഹിത്യവൃന്ദവും എതിരഭിപ്രായം പറയുമെന്ന് തോന്നുന്നില്ല. കാരണം പാരമ്പര്യ തന്ത്രി കുടുമ്പത്തിലെ ഒരു പെണ്‍കുട്ടി തന്റെ പാരമ്പര്യത്തില്‍ നിന്നുതന്നെ ദീക്ഷിതയാവുകയും പ്രതിഷ്ഠാദി തന്ത്രക്രിയകള്‍ വരെ നടത്തുകയും ചെയ്തിട്ടുണ്ട്. അതില്‍ പ്രോത്സാഹനമല്ലാതെ അഭിപ്രായ വ്യത്യാസമൊന്നും ആരും പറഞ്ഞിട്ടില്ല. കേരളീയ ക്ഷേത്ര തന്ത്രശാസ്ത്ര പ്രകാരമുള്ള ആചാര്യ ലക്ഷണത്തിനൊന്നും.. ‘വിപ്ര: കുലീന: കൃതസം സ്‌ക്രിയൗഘ:..’ ഇവക്കൊന്നും കാലിക പ്രസക്തി ഇല്ല എന്ന് കാലം തെളിയിച്ചു കഴിഞ്ഞു. സ്ത്രീകളുടെ വേദ പഠനവും ഇപ്പോള്‍ സാര്‍വ്വത്രികമായി. അതു കൊണ്ട് കേരളത്തില്‍ ഇങ്ങനെ ഒരു നിയമം വന്നാല്‍ വലിയ എതിര്‍പ്പൊന്നും ഉണ്ടാകാനിടയില്ല.
പൂര്‍വ്വിക കാലഘട്ടത്തിലും അനേകം സ്ത്രീ ഉപാസകരും, യോഗിനികളും മറ്റും ഉണ്ടായിരുന്നു. വൈദിക കാല ഋഷികളിലും സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നതിനു തെളിവാണ് ഗാര്‍ഗ്ഗി, മൈത്രേയി, വിശ്വവര, സികത നിവവരി , ഘോഷ , ലോപമുദ്ര തുടങ്ങിയവര്‍. ആധുനിക കാലത്താകട്ടെ ദേശീയരും വിദേശീയരുമായ അനേകം സ്ത്രീകള്‍ മന്ത്ര സിദ്ധരും തീവ്‌റോപാസകരും ആയിട്ടുണ്ട്. പലപ്പോഴും അങ്ങനെയുള്ള പാരമ്പര്യ ഗുരുസ്ഥാനത്തു തന്നെ പ്രശോഭിക്കുന്ന സ്ത്രീകളെ ഇന്നും കാണാന്‍ കഴിയും.
സ്ത്രീകള്‍ ദേവപൂജാരി യാകുമ്പോള്‍ ഒരു പക്ഷെ പുരുഷന്മാരേക്കാള്‍ ശ്രദ്ധയോടെ ചെയ്യും എന്നാണ് തോന്നുന്നത്. ഒരു ക്ഷേത്രത്തിലെ ദേവന്റെ പിതൃസ്ഥാനത്ത് പ്രാണപ്രതിഷ്ഠ നടത്തിയ തന്ത്രിയെ കാണുമ്പോലെ മാതൃസ്ഥാനത്താണ് നിത്യപൂജാരിയെ കാണുന്നത്. ദേവന്റെ ദിനചര്യയില്‍ വരുന്ന കുളി, ഭക്ഷണം, ഉറക്കം തുടങ്ങിയ സകലതും മാതാവ് തന്റെ വാത്സല്യഭാജനത്തിനെന്ന പോലെ ചെയ്യുന്നത് അവിടുത്തെ ശാന്തിക്കാരന്‍ ആണല്ലോ. അപ്പോഴും ശാന്തി വൃത്തിക്ക് സ്ത്രീ ആണ് ഏറ്റവും അനുയോജ്യ എന്ന് സമ്മതിക്കാതെ തരമില്ല.
ഇനിയും ഇതിലപ്പുറം എഴുതാം. പക്ഷെ പ്രായോഗികമായി ചിന്തിച്ചാല്‍ സ്ത്രീ ക്ഷേത്ര പൂജാരി ആകുന്നത് ഒട്ടും അഭികാമ്യമല്ല എന്നാണ് പറയേണ്ടി വരുന്നത്.
1. ക്ഷേത്രങ്ങള്‍ തുറക്കുന്നത് വെളുപ്പിന്
5 മണിക്കും ചിലപ്പോള്‍ അതിനു മു ന്‍പും ഒക്കെയാണ്. രാത്രിയില്‍ അടക്കുന്നതാകട്ടെ 7;8 ചിലപ്പോള്‍ 9 വരെ നീളും. ഉത്സവം മുതലായ വിശേഷാവസരങ്ങളില്‍ അത് വളരെ നീളും. ഉത്സവകാലങ്ങള്‍ പലപ്പോഴും ശാന്തിക്കാരന് ഉറക്കം നാമമാത്രമാണ്. ഇത് ഒരു സ്ത്രീക്ക് സുസാദ്ധ്യമല്ല.
2. വെളുപ്പാന്‍ കാലത്തും രാത്രിയിലും കുറച്ച് ദൂരത്തുനിന്ന് ക്ഷേത്രത്തിലേക്ക് വരേണ്ടി വരുമ്പോളും ഇന്നത്തെ സാഹചര്യത്തില്‍ ഒരുസ്ത്രീ ഒറ്റക്ക് പോകുന്നത് ആശാസ്യമല്ല.
3. വെളുപ്പാന്‍ കാലത്തു ക്ഷേത്രം തുറക്കുന്ന സമയത്തും രാത്രി അടക്കുന്ന സമയത്തും ക്ഷേത്രം ഏറെക്കുറെ വിജനമായിരിക്കും. സ്വരക്ഷയും ക്ഷേത്രസുരക്ഷയും ഇവിടെ ചിന്തനീയമാണ്.
4. ഇടക്കിടെ ഉണ്ടാകുന്ന ശാന്തിക്കാരുടെ സ്ഥലം മാറ്റവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പലപ്പോഴും ശാന്തിക്കാര്‍ രാത്രി കഴിഞ്ഞുകൂടുന്നത് ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഒറ്റമുറിയിലും മറ്റുമായിരിക്കും. വിജനമായ സ്ഥലത്ത് അടച്ചുറപ്പില്ലാത്ത അവസ്ഥയില്‍ ഒരു സ്ത്രീ കഴിഞ്ഞുകൂടേണ്ടി വരുന്നത് ആശാസ്യമല്ല.
5. പല ക്ഷേത്രങ്ങളിലും ശാന്തിക്കാരന്‍ തറ്റുടുത്ത് വേണം ക്രിയകള്‍ നിര്‍വ്വഹിക്കാന്‍ എന്ന് നിഷ്‌ക്കര്‍ഷ ഉണ്ട്. അതും സ്ത്രീക്ക് പ്രായോഗികമല്ല.
6. ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ടിന് അനേകമാളുകള്‍ നോക്കി നില്‍ക്കേ വിഗ്രഹം എടുത്തുകൊണ്ട് സ്ത്രീശാന്തി മുങ്ങി ക്കുളിക്കുന്നതും അവിടെവച്ചുതന്നെ വസ്ത്രം മാറുന്നതും മറ്റും അപ്രായോഗികമാണ്.
ഇങ്ങനെ അനവധി വൈരുദ്ധ്യങ്ങളെ അഭിമുഖീകരിക്കുവാന്‍ സ്ത്രീശാന്തിക്കാര്‍ തയ്യാറാകേണ്ടി വരും. ഇനി അങ്ങനെയല്ലങ്കില്‍ അവരുടെ സൗകര്യത്തിനനുസരിച്ച് ക്ഷേത്ര നിയമങ്ങള്‍ക്ക് വ്യത്യാസം വരുത്തുക എന്നതാണ് പോംവഴി.
ക്ഷേത്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് 10 മുതല്‍ 5 വരെ എന്ന് നിജപ്പെടുത്തുക, ഉത്സവമായാലും പ്രതിഷ്ഠ ആയാലും കാലമോ മുഹൂര്‍ത്തമൊ നോക്കാതിരിക്കുക, ശ്രീകോവിലിനോടനുബന്ധിച്ച് തന്നെ ആധുനിക രീതിയിലുള്ള അടുക്കള പണിയുക, വലിയ വാര്‍പ്പിലും ഉരുളിയിലും മറ്റും ഉണ്ടാക്കപ്പെടുന്ന തരത്തിലുള്ള നിവേദ്യങ്ങള്‍ ബഹിഷ്‌ക്കരിക്കുക, ദിവസവും5 പൂജ, ശിവേലി തുടങ്ങിയവ ചുരുക്കി ഒന്നോ രണ്ടോ പൂജ മാത്രം എന്ന നിയമം കൊണ്ടുവരുക തുടങ്ങി ഒട്ടനവധി പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുവാന്‍ തയ്യാറെടുത്തിട്ടു വേണം സ്ത്രീശാന്തിക്കാരെ നിയമിക്കുവാന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക