സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലോക ഒന്നാം നമ്പറായ ബെല്‍ജിയം യൂറോ 2020 ലെ ആദ്യ മത്സരത്തിനിറങ്ങുന്നു. ചുവന്ന ചെകുത്താന്മാര് എന്നറിയപ്പെടുന്ന ബെല്‍ജിയം ഗ്രൂപ്പ് ബിയില്‍ ഇന്ന് റഷ്യയെ നേരിടും. രാത്രി 12.30 ന് സെന്റപീറ്റേഴ്സ്ബര്ഗിലാണ് മത്സരം. സോണി ടിവിയില്‍ തത്സമയം കാണാം.
2000 നുശേഷം ഇതാദ്യമായാണ് ബെല്‍ജിയം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവര്‍ ഫൈനല്‍സിന് യോഗ്യത നേടിയത്.
യൂറോ 2020 ന്റെ യോഗ്യതാ റൗണ്ടില്‍ ബെല്‍ജിയം റഷ്യയുമായി രണ്ട് തവണ ഏറ്റുമുട്ടി. രണ്ട് പ്രാവശ്യവും ബെല്‍ജിയമാണ് വിജയിച്ചത്. ആദ്യ മത്സരത്തില്‍ 3-1 നും രണ്ടാം മത്സരത്തില്‍ 4-1 നും വിജയിച്ചു. റഷ്യക്കെതിരെ അവസാനം കളിച്ച ഏഴു മത്സരങ്ങളില്‍ ബെല്‍ജിയം തോല്‍വി അറിഞ്ഞിട്ടില്ല.
2017 ലെ സൗഹൃദ മത്സരത്തില്‍ ബെല്‍ജിയത്തെ സമനിലയില്‍ (3-3) പിടിച്ചുനിര്‍ത്തിയതാണ് റഷ്യയുടെ മികച്ച പ്രകടനം. മധ്യനിര താരം കെവിന് ഡി ബ്രൂയിന് റഷ്യക്കെതിരെ കളിക്കില്ലെന്ന് ബെല്‍ജിയം ടീം അറിയിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെ പരിക്കേറ്റ ബ്രൂയിന് ആരോഗ്യം വീണ്ടെടുത്തുവരികയാണ്.
യൂറോ 2020 ല്‍ രണ്ട് മത്സരങ്ങള്‍ കൂടി ഇന്ന് നടക്കും. ആദ്യ മത്സരത്തില്‍ വെയ്ല്‍സ് സ്വിറ്റ്സര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ബാക്കുവിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഈ ഗ്രൂപ്പ് എ പോരാട്ടം. വൈകിട്ട് 6.30 ന് കളി തുടങ്ങും. രാത്രി 9.30 ന് ഡെന്മാര്ക്ക് ഫിന്‍ലന്‍ഡിനെ എതിരിടും. പാര്ക്കനിലാണ് ഈ ഗ്രൂപ്പ് ബി മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: