കൊല്ലം: കൊവിഡിന്റെ രണ്ടാം തരംഗ ഭീഷണിക്കിടയില്‍ മുഖാവരണത്തിന് വിപണിയില്‍ തോന്നിയ വില. ആരോഗ്യവകുപ്പിന്റെയും ദുരന്തനിവാരണ അതോറിട്ടിയുടെയും പരിശോധനകള്‍ പ്രഹസനമാകുന്നു.
മാസ്ക് അവശ്യവസ്തുവായതിനാല്‍ പറയുന്ന വില നല്കി വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പ് 20 രൂപയുണ്ടായിരുന്ന മുഖാവരണത്തിന് പിന്നീട് 30 രൂപ മുതല്‍ 200 രൂപവരെയായി. കൊവിഡ് വ്യാപനം കഠിനമായതോടെ വില കുത്തനെ ഉയര്‍ന്നു. ഇപ്പോള്‍ അമ്പതും അറുപതും രൂപ വരെയാണ് ഈടാക്കുന്നത്.
നേരത്തെ 40 രൂപയ്ക്ക് വാങ്ങിയിരുന്ന ചില മുഖാവരണങ്ങള്‍ക്ക് 60 രൂപയാണ് ഈടാക്കുന്നത്. കൊവിഡ് രണ്ടാംതരംഗ സൂചനയുണ്ടായ സമയത്ത് 60 രൂപയുണ്ടായിരുന്ന മുഖാവരണത്തിന്റെ വില ഇരട്ടിയലധികമായി. ഇവതന്നെ ഒറ്റ പായ്ക്കില്‍ രണ്ടെണ്ണത്തിന് 236 രൂപ ഈടാക്കുന്നു. ഇത് കടക്കാര്‍ക്ക് തോന്നിയ വില ഈടാക്കാന്‍ സൗകര്യമൊരുക്കുന്നതെന്നാണ് പരാതി. അഞ്ചു രൂപയുണ്ടായിരുന്ന സര്‍ജിക്കല്‍ മാസ്ക്കിനാകട്ടെ 10 ഉം 15 ഉം രൂപയാണ് വാങ്ങുന്നത്. മൊത്തവില്പനക്കാര് വില വര്‍ധിപ്പിച്ചതാണ് ഇത്രയും കൂടാന്‍ കാരണമെന്നാണ് ചില്ലറ വില്പനക്കാരടെ പക്ഷം. സാധാരണ കടകളില്‍വരെ മാസ്ക് വില്പനയ്ക്കുണ്ടെങ്കിലും ക്ഷാമവുമുണ്ട്. ഇരട്ട മുഖാവരണം ഉപയോഗിക്കണമെന്ന നിര്‍ദ്ദേശത്തോടെ സര്‍ജിക്കല്‍ മാസ്ക് ഉള്‍പ്പെടെയുള്ളവയ്ക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ നിലവാരമുള്ള മുഖാവരണം കിട്ടാതെ കടയിലുള്ളത് വാങ്ങേണ്ട സ്ഥിതിയുമുണ്ട്.
എന്‍. 95 മുഖാവരണം പല കടകളിലും കിട്ടാനില്ല. ഇതിന് 80 രൂപ മുതലാണ് വില. ഒരേ കമ്പനി തന്നെ മാസ്കിന് പല വില പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തുന്നതായി പരാതിയുണ്ട്. വ്യത്യസ്ത ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിച്ചതെന്നാണ് മറുപടി. എന്നാല്‍ ഇത്തരം ഗുണനിലവാരം കാണാനാകുന്നില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
നീതിയില്‍ 5, കടകളില്‍ ഇരട്ടി
നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ അഞ്ചുരൂപയ്ക്ക് കിട്ടുന്ന സര്‍ജിക്കല്‍ മാസ്കിന് മറ്റ് കടകളില്‍ 10 മുതല്‍ 15 രൂപ വരെ ഈടാക്കുന്നു. ജിഎസ്ടി ഇല്ലാതെ മൂന്നുരൂപയ്ക്ക് താഴെ നല്‍കിയാണ് കടകളില്‍ വാങ്ങുന്നത്. ഇരട്ട മാസ്ക് ഉപയോഗിക്കേണ്ടതിനാല്‍ സര്‍ജിക്കല്‍ മാസ്കിന് പലയിടത്തും ഗുണനിലവാരമില്ലെന്നും പരാതിയുണ്ട്. പ്രാദേശികമായി നിര്മിച്ചുവില്ക്കുന്ന തുണി മാസ്കുകള്‍ക്കും വില കൂട്ടിയിട്ടുണ്ട്. വിലക്കയറ്റം താങ്ങാനാവുന്നില്ല.
കാണുന്നതെല്ലാം എന്‍ 95 അല്ല
കൊവിഡിന്റെ ആരംഭം മുതലാണ് എന്‍ 95 മുഖാവരണത്തെപ്പറ്റി കേട്ടുതുടങ്ങിയത്. എന്‍ 95 എന്നു രേഖപ്പെടുത്തിയാല്‍ മറ്റൊന്നും നോക്കാതെ വാങ്ങി മുഖത്തിടുന്നവരാണ് പലരും. മുഖാവരണ വിപണിയില്‍ എറ്റവും നല്ലതും കോവിഡിനെ പ്രതിരോധിക്കാന്‍ അനുയോജ്യമായതും എന്‍ 95 ആയതുകൊണ്ടും ആളുകള്‍ കൂടുതലും വാങ്ങിക്കുന്നതും ഈ മുഖാവരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: