കോട്ടയം: നെല്ല് സംഭരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിലനല്‍കാത്ത സപ്ലെ കോയുടെ നടപടി മൂലം കര്‍ക്ഷകര്‍ അത്മഹത്യയുടെ വക്കില്‍. കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ല് എടുത്ത ഇനത്തിലാണ് പതിനഞ്ച് ദിവസത്തിനുള്ളില്‍ നല്‍കേണ്ട നെല്ല് വില മൂന്ന് മാസം കഴിഞ്ഞിട്ടും കര്‍ക്ഷകര്‍ക്ക് നല്‍കാതെ സപ്ലെകോ ഇരുട്ടില്‍ തപ്പുന്നത്. ഇതുമൂലം കടം വാങ്ങിയും പലിശക്കെടുത്തും കൃഷി ഇറക്കിയ കര്‍ക്ഷകര്‍ യഥാസമയം വായ്പ തിരിച്ചടക്കാന്‍ കഴിയാതെ കൂടുതല്‍ കടക്കെണിയിലേക്ക് എത്തിച്ചേരുന്ന ദുരവസ്ഥയില്‍ എത്തിയത്.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ കര്‍ഷകരാണ് സപ്ലെകോയുടെ നിസംഗത മൂലം ആത്മഹത്യയുടെ വക്കിലേക്ക് എത്തിയിരിക്കുന്നത്. കൃഷി ഇടങ്ങള്‍ കൂടുതലുള്ള ആലപ്പുഴ ജില്ലയിലാണ് നെല്ല് സംഭരിച്ച ഇനത്തില്‍ വന്‍ തുക കൊടുക്കുവാനുള്ളത്. നെല്ലിന്റെ ഗുണനിലവാരത്തിലും ജലാംശത്തിലും ഉള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇനിയും ആലപ്പുഴ ജില്ലയില്‍ നെല്ല് സംഭരിക്കുവാനുണ്ട്.
ആലപ്പുഴ ജില്ലയില്‍ നിന്ന് മാത്രം ആകെ 48199 കര്‍ഷകരില്‍ നിന്നും സംഭരിച്ച മൊത്തം നെല്ലിന്റെ വില ഇനത്തില്‍ 426, 82,00,000 രൂപയാണ് കൊടു ക്കാന്‍ ഉണ്ടായിരുന്നത്. ഏപ്രില്‍ പന്ത്രണ്ടാം തീയതി വരെ 21309 കര്‍ഷകര്‍ക്കായി നെല്ലിന്റ വിലയിനത്തില്‍ 222,62,23,884.72 രൂപ നല്‍കി. ഇനി 26890 കര്‍ഷകര്‍ക്ക് കിട്ടേണ്ട തുകയായ 204,19,76,116 കോടി രൂപ സപ്ലെകോ നല്‍കാനുണ്ട്. ഇതില്‍ കുട്ടനാടന്‍, അപ്പര്‍ കുട്ടനാടന്‍ മേഖലയായ കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ പെട്ട നിരവധി കര്‍ഷകരാണ് സപ്ലെകോയുടെ ഈ നടപടി മൂലം ദുരിതത്തിലായിരിക്കുന്നത്.
മെത്രാന്‍ കായല്‍, മാരാന്‍ കായല്‍, ആപ്പുകായല്‍, എച്ച് ബ്ലോക്ക് തുടങ്ങിയ പാടശേഖരങ്ങളിലെ കര്‍ഷകരാണ് നെല്ലിന്റ വിലകിട്ടാനായി സപ്ലെകോയുടെ പടികള്‍ കയറി ഇറങ്ങുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നെല്ലിന്റ വില എത്രയും വേഗം നല്‍കുവാനുള്ള അടിയന്തിര നടപടി സപ്ലൈകോയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണ് നെല്‍ കര്‍ഷകരുടെ ആവശ്യം.
പ്രതിഷേധവുമായി പഞ്ചായത്തംഗങ്ങള്‍
കടം വാങ്ങിയും പലിശക്കെടുത്തും കൃഷി ഇറക്കിയ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ചിട്ട് വില നല്‍കാത്ത സപ്ലൈകോയുടെ നടപടിക്കെതിരെ കുമരകത്തെ ഗ്രാമപഞ്ചായത്തംഗങ്ങള്‍ ആലപ്പുഴ പാടി മാര്‍ക്കറ്റിംഗ് ഓഫീസ് ഉപരോധിച്ചു.
ആലപ്പുഴ മങ്കൊമ്പിലുള്ള പാടി മാര്‍ക്കറ്റിംഗ് ഓഫീസാണ് ബിജെപി പഞ്ചായത്തംഗങ്ങളായ വി.എന്‍. ജയകുമാര്‍, പി.കെ. സേതു, ശ്രീജാ സുരേഷ്, ഷീമാ രാജേഷ് എന്നിവര്‍ ചേര്‍ന്ന് ഉപരോധിച്ചത്. തുടര്‍ന്ന് പാടി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അനില്‍ ആന്റോ, പേയ്‌മെന്റ് ഓഫീസര്‍ സഞ്ജയ് നാഥ് എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജൂണ്‍ മാസം ഇരുപതാം തീയതിക്കകം കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുക ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും കര്‍ഷകര്‍ ബാങ്കില്‍ കൊടുക്കുന്ന രേഖകള്‍ ഏറ്റവും എളുപ്പത്തില്‍ സപ്ലൈകോയില്‍ എത്തിക്കാനും നടപടികള്‍ പൂര്‍ത്തിയാക്കി കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ തുക നല്‍കാന്‍ വേണ്ട സംവിധാനം ഓഫീസില്‍ ചെയ്യുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ഇരുപതാം തീയതിക്കകം പണം ലഭിക്കാത്തപക്ഷം കര്‍ഷകരെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും പഞ്ചായത്തംഗങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: