കൊച്ചി : മുട്ടില്‍ വനംകൊള്ളക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്, ജോസുകുട്ടി അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. മേപ്പാടി റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത കേസുകള്ക്കെതിരെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
റവന്യൂ ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് പട്ടയ ഭൂമിയില്‍ ഉണ്ടായിരുന്ന മരങ്ങള്‍ മുറിച്ചു നീക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വനം മുറിക്കുന്നതിന് മുമ്പ് മുന്‍കൂട്ടി അറിയിച്ചിരുന്നു. അതിനാല്‍ തങ്ങള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നില്ലെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇത് കൂടാതെ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി എന്‍ഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതിനിടെ കേസ് അന്വേഷിച്ചിരുന്ന പ്രത്യേക സംഘത്തില്‍ നിന്നും കോഴിക്കോട് ഡിഎഫ്ഒ പി. ധനേഷ് കുമാറിനെ മാറ്റി. ഭരണപരമായ കാരണങ്ങളാല്‍ മാറ്റുന്നുവെന്നാണ് ഇതിന് മറുപടി നല്‍കിയത്. മരം മുറിച്ച് കടത്തിയതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത് കോഴിക്കോട് ഫ്ളയിങ് സ്വ്കാഡ് ഡിഎഫ്ഒ ആയിരുന്ന ധനേഷ് കുമാറായിരുന്നു. അഞ്ച് ഡിഎഫ്ഒമാരാണ് അന്വേഷണസംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഫ്ളയിങ് സ്ക്വാഡിലേക്ക് തന്നെ മടങ്ങാനാണ് ധനേഷിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പകരം പുനലൂര്‍ ഡിഎഫ്ഒ ബൈജു കൃഷ്ണനാണ് ചുമതല നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: